ബാലകൃഷ്ണന്റെ ദുരൂഹമരണം: വീടും സ്ഥലവും കണ്ടെത്തി
പയ്യന്നൂര്‍: മധ്യവയസ്‌കനെ കൊന്ന് വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പിലെ പൗരപ്രമുഖനും ഡോക്ടറുമായിരുന്ന ക്യാപ്റ്റന്‍ പി. കുഞ്ഞമ്പുനായരുടെ മകന്‍ പി. ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീട് വില്‍പ്പന നടത്തിയതായി പൊലിസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പേട്ടയിലെത്തി എ.എസ്.ഐ എന്‍.കെ ഗിരീഷ്, സീനിയര്‍ സി.പി.ഒ രാജേഷ് അരവഞ്ചാല്‍ എന്നിവരടങ്ങിയ സംഘമാണ് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടും സ്ഥലവും കണ്ടെത്തിയത്. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായ നിഷാ റാണിയെ കാണുകയും വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു.
ബാലകൃഷ്ണന്റെ വസ്തുവകകള്‍ തിരുവനന്തപുരം സബ് രജിസട്രാര്‍ ഓഫിസില്‍ നിന്നു ബാലകൃഷ്ണന്റെ ഭാര്യയെന്ന് അവകാശമുന്നയിക്കുന്ന ജനകി കേസിലെ ഒന്നാം പ്രതി പയ്യന്നൂര്‍ ബാറിലെ അഭിഭാഷകയ്ക്ക് കൈമാറിയതും അവര്‍ തിരുവന്തപുരത്തുള്ള നിഷാ റാണിക്ക് കൈമാറിയതുമായ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കാനറാ ബാങ്ക് തിരുവനന്ത പുരം ശാഖയില്‍ ബാലകൃഷ്ണന്റെ ബാങ്ക് നിക്ഷേപത്തില്‍ നിന്നു ജാനകി 66,000 രൂപ പിന്‍വലിച്ചതിന്റെ രേഖകളും ലഭിച്ചു. അഭിഭാഷകയും ഭര്‍ത്താവും കൂട്ടാളികളും തിരുവനന്തപുരം പൊലിസ് സ്റ്റേഷന്‍, പേട്ടയിലെ വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇതു സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കായി പോയതായും വിവരം ലഭിച്ചു. ജാനകി, ബാലകൃഷ്ണന്റെ ഭാര്യയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള പയ്യന്നൂര്‍ നഗരസഭയിലെ അന്നത്തെ കൗണ്‍സിലര്‍ ഒപ്പിട്ടു നല്‍കിയ സാക്ഷ്യപത്രവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൗണ്‍സിലറെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.
തിരുവനന്തപുരത്ത് ബാലകൃഷണന്റെ വീട്ടില്‍ 42 വര്‍ഷത്തോളം വീട്ടുജോലിക്കെത്തിയ സ്ത്രീയേയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 'വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബാലകൃഷ്ണന്‍ എപ്പോഴും നിരസിക്കാറാണ് പതിവെന്നും സാറിനെ അടുത്തറിയുന്നത് കൊണ്ട് സാര്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്നും' ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജാനകിയുടെ ആദ്യ ഭര്‍ത്താവായ കൈതപ്രം സ്വദേശിയായ ഗോവിന്ദപ്പൊതുവാളിനെ തേടി കര്‍ണാടകയിലേക്ക് പോയ പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കണ്ടെത്താനാകാതെ തിരിച്ചെത്തി. കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ നിത്യസന്ദര്‍ശകനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടും ഉദ്യോഗസ്ഥര്‍ അടുത്തദിവസം പുറപ്പെടും.
കേസില്‍ മൂന്നാം പ്രതിയായ ജാനകി ഓട്ടോ ഡ്രൈവറും അടുത്ത ബന്ധുവുമായ രാമന്തളി സ്വദേശിയുടെ വീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്. പൊലിസ് ഇവരെ രാമന്തളിയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."