മാജിദിന്റെ കൊലപാതകം: സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരേ കേസെടുക്കണം: ആക്ഷന്‍ കമ്മിറ്റി
മാനന്തവാടി: മടവൂര്‍ സി.എം സെന്ററിന് കീഴിലുള്ള ദഅവാ കോളജ് വിദ്യാര്‍ഥി മാജിദ്(13) കൊല്ലപ്പെട്ട കേസന്വേഷണം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏല്പ്പിക്കണെമന്നും സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരേ കേസെടുക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം തൃപതികരമല്ല.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനോ വീട്ടിലെ സാഹചര്യങ്ങള്‍ പരിശോധിക്കാനോ പൊലിസ് തയാറായിട്ടില്ല. പ്രതിയെ മാനസിക രോഗിയായി ചിത്രീകരിക്കാനാണ് പൊലിസ് ശ്രമിച്ചത്. സ്ഥാപന നടത്തിപ്പുകാരുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്.
മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിലവിലെ അന്വേഷണം കൊണ്ട് സാധിക്കില്ല.
വിദ്യാര്‍ഥി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ ആരും തന്നെ വീട് സന്ദര്‍ശിക്കാത്തതില്‍ ദുരൂഹതയുണ്ട്. സ്ഥാപനത്തില്‍ കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നതായും ഇത്നേരില് കണ്ടത് പുറം ലോകമറിയാതിരിക്കാനുമാണ് മാജിദിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തിന്റെ തലേദിവസം രാത്രി മാജിദ് വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ പതിവിന് വിപരീതമായിരുന്നു പെരുമാറ്റം. ഇതൊന്നും പരിശോധിക്കാന്‍ പൊലിസ് ഇതുവരെയും തയാറായിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ പരാതി മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സി.കെ ഉസ്മാന്‍ഹാജി, ഹമീദ് കൊച്ചി, കേളോത്ത്സലീം, ഇ വി ഷംസുദ്ദീന്, നാസര്‍ കീപ്രത്ത് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."