മണ്‍സൂണ്‍ ടൂറിസത്തിന് സാധ്യതകളേറെ:മഴനനയാം വാഴമലയിലൂടെ
പൊയിലൂര്‍: പ്രകൃതിരമണീയ കാഴ്ചയൊരുക്കി സഞ്ചാരികളെ മാടിവിളിച്ച് വാഴമല. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മലയോരത്ത് സ്ഥിതിചെയ്യുന്ന വാഴമല മണ്‍സൂണ്‍ ടൂറിസത്തിന് അനുയോജ്യമായ രീതിയില്‍ കോടമഞ്ഞും ഇളംകാറ്റും പാറക്കെട്ടുകളും വെള്ളച്ചാലുകളും കൊണ്ടു സമൃദ്ധമാണ്. മലമുകളിലൂടെ 12 കിലോമീറ്റര്‍ മഴയുടെ സൗന്ദര്യം നുകരുന്ന യാത്രയാണ് വാഴ മലയിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. മലബാറില്‍ മഴ കനത്തതോടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രിയമേറുകയാണിവിടെ. ദിനേന നൂറുകണക്കിനാളുകള്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് വാഴമലയിലെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നുണ്ട്. പാനൂര്‍ ചെറുപറമ്പിലെ പാത്തിക്കല്‍ താഴ്‌വാരത്ത് നിന്ന് അഞ്ഞൂറേക്കറോളം വരുന്ന മല മുകളിലേക്ക് കയറുന്തോറും കണ്ണിനും മനസിനും കുളിര്‍മയേകുന്ന കാഴ്ചയാണ് നല്‍കുന്നത്. ഔഷധ സസ്യങ്ങള്‍ മൂടികിടക്കുന്ന സ്ഥലമായതിനാല്‍ ശുദ്ധവായു ഇവിടത്തെ പ്രധാന ഘടകമാണ്. വാഴമലയിലൂടെ ഒന്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കണ്ണവം കാട്ടിലെത്താനാവും. കോളയാട്, എരഞ്ഞാട് കാര്‍ഷിക മേഖല, അരീക്കര മിലിട്ടറി ക്യാംപ്, പുഞ്ച ഫാം, വിലങ്ങാട് വെള്ളച്ചാട്ടം എന്നീവ സമീപ പ്രദേശങ്ങളാണ്. ഞായറാഴ്ചകളില്‍ സഞ്ചാരികളെ കൊണ്ട് അത്യപൂര്‍വമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
കോളയാട് നിന്ന് എട്ടു കിലോമീറ്ററും പൊയിലൂരില്‍ നിന്ന് 12 കിലോമീറ്ററും ചെറുവാഞ്ചേരിയില്‍ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാല്‍ വാഴമലയിലെത്താം. മലബാറിലെ ഇത്തരം പ്രദേശങ്ങളെ ടൂറിസം പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. വാഴമലയെ മണ്‍സൂണ്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."