ആദരിക്കുന്നു, വിധിയെയല്ല പൊറുത്ത മനസ്സുകളെ
നവംബര്‍ ഒന്‍പതിന് കോഴിക്കോട് നഗരത്തില്‍ 'കാരുണ്യമാണ് പ്രവാചകന്‍' വിഷയത്തില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച സദസ്സില്‍ സംസാരിക്കുമ്പോള്‍ ബാബരി ഭൂമിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. എങ്കിലും സംസാരിച്ചത് നിമിഷങ്ങള്‍ക്കു ശേഷം വരാനിരിക്കുന്ന ആ വിധിയെ പശ്ചാത്തലമാക്കിയായിരുന്നു. സന്തോഷമായാലും സന്താപമായാലും അതില്‍ പ്രകോപിതനാകാതെ, ശത്രുവിനോടുപോലും കന്മഷമില്ലാതെ പൊറുത്ത പ്രവാചകന്റെ മഹനീയ മാതൃക വ്യക്തമാക്കുന്ന മക്കാ വിജയാനന്തരമുള്ള സംഭവങ്ങളാണ് അവിടെ പറഞ്ഞത്.
പ്രവാചകത്വ ലബ്ധിക്കുശേഷം സ്വന്തം നാട്ടുകാരാല്‍ ഏറ്റവും ഭീകരമായി പീഡിപ്പിക്കപ്പെട്ടയാളാണല്ലോ മുഹമ്മദ് നബി. തനിക്കു വെളിപാടിലൂടെ ലഭിച്ച സദാചാരപരമായ ഖുര്‍ആന്‍ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയെന്ന കാരണത്താല്‍ പിന്നാലെ നടന്നു ദ്രോഹിക്കുകയായിരുന്നു ഖുറൈശികളില്‍ നല്ല പങ്കും. അസഭ്യം പറയലും ദേഹോപദ്രവം ചെയ്യലും പ്രാര്‍ഥിക്കാന്‍ അനുവദിക്കാതിരിക്കലുമെല്ലാം തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്നു. പ്രവാചകന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളില്‍ ആകൃഷ്ടരായി സത്യവിശ്വാസം സ്വീകരിച്ച എല്ലാവരും അതിക്രൂരമായി ഉപദ്രവിക്കപ്പെട്ടു. ഒടുവില്‍ തന്റെ ജീവനെടുക്കാനെത്തിയ ശത്രുക്കളുടെ വാള്‍ത്തലപ്പില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു പ്രവാചകന്.
പില്‍ക്കാലത്ത്, ലോകചരിത്രത്തിലാദ്യമായി രക്തരഹിത'വിപ്ലവ'ത്തിലൂടെ മക്ക അധീനതയിലാക്കിയ പ്രവാചകന്റെ മുന്നില്‍ അതുവരെ ശത്രുക്കളായിരുന്ന ഖുറൈശികള്‍ 'ഞങ്ങളോടു പൊറുക്കേണമേ' എന്ന ദയനീയ വിലാപവുമായി നിരന്നുനിന്നു. അവരില്‍, പ്രവാചകന്റെ മാതുലന്റെ മൃതദേഹത്തോട് അതിനിന്ദ്യമായ ക്രൂരത കാണിച്ച ഹിന്ദുള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. തനിക്കു മുന്നില്‍ മാപ്പിരക്കുന്ന ആ ആള്‍ക്കൂട്ടത്തോട് പക തീര്‍ക്കാനല്ല പ്രവാചകന്‍ തുനിഞ്ഞത്. വാക്കുകൊണ്ടോ നോട്ടംകൊണ്ടോ നേരിയ നീരസം പോലും പ്രകടിപ്പിക്കാതെ, ഒരു ഉപാധിയും മുന്നോട്ടുവയ്ക്കാതെ 'നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു' എന്നു സൗമ്യമായി പറഞ്ഞ പ്രവാചകന്റെ മാതൃകയാണ് ഈ കാലഘട്ടത്തില്‍ അനിവാര്യമെന്നു സദസ്സിനെ മാത്രമല്ല, എന്നെത്തന്നെ ഓര്‍മപ്പെടുത്തുകയായിരുന്നു.
ആ വേദിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള നന്തി ദാറുസ്സലാമിലേയ്ക്കുള്ള യാത്രയിലെപ്പോഴെങ്കിലും ഇന്ത്യ, ലോകം തന്നെ ആകാംക്ഷയോടെ കാത്തിരുന്ന വിധി രാജ്യത്തെ പരമോന്നത നീതിപീഠം നടത്തിയിട്ടുണ്ടാകും. പക്ഷേ, ആ യാത്രയില്‍ ആ വിധിയെന്തെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. നന്തിയിലും പ്രവാചകന്റെ മഹനീയ മാതൃകാജീവിതത്തെക്കുറിച്ചു തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്. ചടങ്ങ് തുടങ്ങിക്കഴിഞ്ഞതിനാല്‍ വിധിയെക്കുറിച്ചു സംഘാടകരോടു ചോദിക്കാന്‍ കഴിഞ്ഞില്ല. അവിടെയും സംസാരിച്ചത്, ഏറ്റവും ചഞ്ചലചിത്തമാകാവുന്ന ഘട്ടത്തിലും പൊറുക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ ജീവിതമുഹൂര്‍ത്തങ്ങളെക്കുറിച്ചായിരുന്നു.
പ്രസംഗപീഠത്തില്‍നിന്ന് താഴെയിറങ്ങിയപ്പോഴാണ് വിധിയെക്കുറിച്ച് അറിയുന്നത്. അതേ, പരമോന്നത നീതിപീഠത്തില്‍ ദീര്‍ഘകാലം ന്യായാധിപനായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പിന്നീട് വിലയിരുത്തിയ പോലെ തികച്ചും ഏകപക്ഷീയമെന്നു സംശയിക്കാവുന്ന വിധി. അഞ്ചുനൂറ്റാണ്ടു മുന്‍പ് അവിടെ മുഗള്‍ ചക്രവര്‍ത്തിയായ ബാബറുടെ സൈനികമേധാവി പള്ളി നിര്‍മിച്ചുവെന്നത് ചരിത്രയാഥാര്‍ഥ്യമാണെന്നതില്‍ കോടതിക്കു സംശയമുണ്ടായിരുന്നില്ല. 1949 ഡിസംബര്‍ 22ന് ആ പള്ളിയില്‍ ശൈശവകാലത്തെ ശ്രീരാമന്റെ വിഗ്രഹം കൊണ്ടുവച്ചതും 1992 ഡിസംബര്‍ ആറിന് എല്ലാ നിയമങ്ങളും മര്യാദകളും കാറ്റില്‍പറത്തി ബാബരി പള്ളി മുച്ചൂടും തകര്‍ത്തതും തെറ്റാണെന്നതിലും നീതിപീഠത്തിന് സംശയമില്ല. എന്നിട്ടും, ആ സ്ഥലം ക്ഷേത്രനിര്‍മാണത്തിനു വിട്ടുകൊടുക്കാനാണു വിധിയുണ്ടായത്.
സാമുദായിക വൈകാരികത നിറഞ്ഞ മനസ്സുകള്‍ പിടിവിട്ടുപോകാവുന്ന അന്തരീക്ഷമാണത്. വിധിയെന്തായാലും എല്ലാവരും സംയമനം പാലിക്കണമെന്നും ഒരുതരത്തിലുമുള്ള വൈകാരികാവേശത്തിനും അടിമപ്പെടരുതെന്നും മതപണ്ഡിതന്മാരെല്ലാം നേരത്തേ തന്നെ ആഹ്വാനം ചെയ്തിരുന്നുവെന്നതു സത്യം തന്നെ. എങ്കിലും ഏറെക്കാലമായി രണ്ടു സമുദായങ്ങള്‍ക്കിടയില്‍ അതിവൈകാരിക പ്രശ്‌നമായി മാറിയ ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ വിധി ഏതെങ്കിലും ഒരു പക്ഷത്തേയ്ക്കു ചാഞ്ഞുവെന്ന നേരിയ സംശയമെങ്കിലും ആര്‍ക്കെങ്കിലും ഉണ്ടായാലുള്ള സ്ഥിതി എന്തായിരിക്കും. അത്തരമൊരു ചെറിയ തീപ്പൊരി പോലും ഇന്ത്യയില്‍ അനേകമനേകം ചോരപ്പുഴകള്‍ സൃഷ്ടിക്കുമെന്നു മതേതരമനസ്സുകള്‍ ഏറെക്കാലമായി ഭയപ്പെട്ടിരുന്നതാണ്.
അത്ഭുതമെന്നു പറയട്ടെ, 'നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമെന്നു വിശേഷിപ്പിക്കപ്പെടുന്ന 1975ലെ എ.ഡി.എം ജബല്‍പൂരും ശിവകാന്ത് ശുക്ലയും തമ്മിലുള്ള കേസിലെ വിധിക്കു തുല്യ'മെന്നും 'ചെക്കോസ്ലോവാക്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഹിറ്റ്‌ലര്‍ക്ക് ആ രാജ്യത്തിന്റെ ഒരു ഭാഗം വിട്ടുകൊടുത്ത് യുദ്ധമൊഴിവാക്കിയ 1938ലെ മ്യൂണിക് ഉടമ്പടിക്കു തുല്യ'മെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പിന്നീടു വിലയിരുത്തിയ അയോധ്യ വിധി വന്നിട്ടും 135 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് നേരിയ സംഘര്‍ഷം പോലുമുണ്ടായില്ല. വിധി വന്ന ദിവസം മാത്രമല്ല, നാളിതുവരെ.
ബാബരി മസ്ജിദ് വിധിയില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹം ആനന്ദതുന്തിലരാണെന്നോ സംതൃപ്തരാണെന്നോ ആരും പറയില്ല. ആ വിധിയിലൂടെ നടപ്പിലായത് നീതിയാണെന്നും അവരില്‍ മിക്കവരും വിശ്വസിക്കുന്നില്ല. ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും ഒട്ടുമിക്ക മുസ്‌ലിം പണ്ഡിതന്മാരും തങ്ങളുടെ മനോവിഷമവും സങ്കടവും വിയോജിപ്പും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അതിന്റെ പേരില്‍ തെരുവിലിറങ്ങാനോ കലാപം നടത്താനോ അണികളെ ആഹ്വാനം ചെയ്യാന്‍ അവരാരും സന്നദ്ധരായിട്ടില്ല. എന്തിന്, ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നടത്തിയപോലെ 'വെല്‍ഡന്‍ മൈ ലോഡ്‌സ് ' എന്ന പരിഹാസം നിറഞ്ഞ ഒരു പ്രതികരണം പോലും അവരില്‍ നിന്നുണ്ടായില്ല.
മറിച്ചായിരുന്നെങ്കിലോ. അങ്ങനെയും ചിന്തിക്കണമല്ലോ. എന്തൊക്കെ പുകിലാകുമായിരുന്നു ഈ രാജ്യത്തുണ്ടാവുക. പരമോന്നത നീതിപീഠത്തിന്റെ വിധി ഫാസിസ്റ്റ് മനോഭാവക്കാര്‍ പിച്ചിച്ചീന്തുമെന്ന് ഉറപ്പല്ലേ. ആ വിധി അവര്‍ അംഗീകരിക്കില്ലെന്നുറപ്പല്ലേ. അതിന്റെ പേരില്‍ രാജ്യത്ത് കലാപം സൃഷ്ടിക്കുമെന്ന് ഉറപ്പല്ലേ.
ഇവിടെ അതൊന്നുമുണ്ടായില്ല. പ്രതിഷേധവും നീരസവും ഇല്ലാഞ്ഞിട്ടല്ല എന്നുറപ്പ്. തങ്ങളുടെ പ്രതിഷേധം ഈ രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്കു വഴിമരുന്നിടരുത് എന്ന നിശ്ചയദാര്‍ഢ്യം. ഏറ്റവും കടുത്ത ശത്രുവിനോടു പോലും പൊറുക്കുക എന്ന പ്രവാചകന്റെ മഹനീയ മാതൃക.
'ഞങ്ങള്‍ പ്രവാചകന്റെ വിശ്വസ്തരായ അനുയായികള്‍ തന്നെ'യാണെന്ന് ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹം തെളിയിച്ചിരിക്കുന്നു.
രാജ്യത്തെ കലാപത്തില്‍നിന്ന് രക്ഷിച്ച ആ സന്മനസ്സിനെ നമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."