രാജ്യത്ത് വിത്തുമത്സ്യ ബാങ്കുകള്‍ വരുന്നു
കൊച്ചി: ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ) കേന്ദ്ര സര്‍ക്കാര്‍ ഒന്‍പത് കോടി അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സാമ്പത്തിക സഹായം.
പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്. കടല്‍ മീനുകളുടെ കൃഷി ജനകീയമാക്കുന്നതിനായി സി.എം.എഫ്.ആര്‍.ഐ സമര്‍പ്പിച്ച വിത്തുല്‍പാദന വികസന പദ്ധതിക്ക് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് വകുപ്പാണ് അംഗീകാരം നല്‍കിയത്.
സി.എം.എഫ്.ആര്‍.ഐയുടെ മണ്ഡപം, വിഴിഞ്ഞം ഗവേഷണ കേന്ദ്രങ്ങളിലാണ് മാതൃമത്സ്യബാങ്ക് സ്ഥാപിക്കുന്നത്. കൂടാതെ, പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിത്തുല്‍പാദന കേന്ദ്രങ്ങള്‍ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. വിത്തുല്‍പാദനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വിത്തുമത്സ്യ ബാങ്ക്.
ഗുണനിലവാരമുള്ള മത്സ്യവിത്തുകളുടെ ദൗര്‍ലഭ്യം സമുദ്രകൃഷി വ്യാപനത്തിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് പുതിയ വിത്തുല്‍പാദന സംവിധാനം രാജ്യത്ത് നിലവില്‍ വരുന്നത്. കൂട്മത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മോദ, വറ്റ മീന്‍ കുഞ്ഞുങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യമായ തോതില്‍ ലഭ്യമാക്കുകയാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ ഡയരക്ടര്‍ ഡോ. എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഈ സംവിധാനം വരുന്നതോടെ, കൃഷിയിറക്കാന്‍ പാകമായ 10 മില്യണ്‍ വറ്റ മീന്‍കുഞ്ഞുങ്ങളും 3 മില്യണ്‍ മോദ മീന്‍കുഞ്ഞുങ്ങളും ഉല്‍പാദിപ്പിക്കാനാകും. ഇതോടെ കൂടുമത്സ്യകൃഷി വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."