ക്ഷേമപെന്‍ഷനുകള്‍ ഓണത്തിന് മുന്‍പ് നല്‍കണം: മന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ഓണത്തിന് മുന്‍പ് നല്‍കണമെന്ന് വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. തൊഴില്‍ മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷനുകള്‍ 1,100 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അര്‍ഹരായവര്‍ക്കെല്ലാം ഓണത്തിന് മുമ്പ് ലഭ്യമാക്കുന്നതിന് ബോര്‍ഡുകള്‍ നടപടി സ്വീകരിക്കണം. തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യം കൂട്ടണമെങ്കില്‍ ബോര്‍ഡുകളുടെ വരുമാനം വര്‍ധിക്കണം. അതിന് കൃത്യമായ ആസൂത്രണവും പരിശ്രമവും ആവശ്യമാണ്.
എല്ലാ ബോര്‍ഡുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ജില്ലാതലത്തിലുളള പരിശോധനകളും ആവശ്യമാണ്. അതത് ബോര്‍ഡ് ചെയര്‍മാന്‍മാരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തണം. ജില്ലാതല അവലോകന യോഗങ്ങളും നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ മൂന്നുമാസത്തിലൊരിക്കല്‍ എല്ലാ ബോര്‍ഡുകളുടെയും യോഗംവിളിച്ച് അവലോകനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അര്‍ഹതയുള്ളവരെ അംഗങ്ങളാക്കുകയും അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകുകയും വേണം. ചുമട്ടുതൊഴിലാളി മേഖലയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന പരാതി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്.
കര്‍ഷക തൊഴിലാളി ക്ഷേമത്തിന് മുന്‍സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിരുന്നില്ല. 290 കോടിയുടെ ആനുകൂല്യങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശ്ശികയാണ്. തൊഴിലാളികള്‍ക്ക് ആനൂകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. ഇപ്പോള്‍ സര്‍ക്കാര്‍ 30 കോടി രൂപ ബോര്‍ഡിന് അനുവദിച്ചിട്ടുണ്ട്.
കൂടുതല്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ചുവരുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരുടെ കൂലി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് എല്ലാ ബോര്‍ഡുകളിലും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."