മുള്ളുകമ്പി
സമീര്‍ ഏഴുവയസുപോലുമായിട്ടില്ലാത്ത ഒരു കുട്ടിയാണ്. പ്രശസ്ത എഴുത്തുകാരനായ അച്ഛന്റെ പെരുമാറ്റം കണ്ട് അവന്‍ തീര്‍ത്തും അത്ഭുതപ്പെട്ടിരിക്കുകയാണ്. അയാള്‍ മേശപ്പുറത്തുവച്ച മഞ്ഞനിറമുള്ള നോട്ട്ബുക്കില്‍ എഴുതിനിറയ്ക്കുകയാണ്. മുഖത്ത് അസഹ്യതയുടെ സൂചന വ്യക്തമായിരുന്നു. അയാള്‍ ദേഷ്യത്താല്‍ കടലാസുകള്‍ ഇടയ്ക്കിടെ കീറി ചവറ്റുകുട്ടയിലേക്ക് എറിയുന്നുണ്ടായിരുന്നു. ഈ പ്രവര്‍ത്തി പലവട്ടം ആവര്‍ത്തിച്ചു.
അവസാനം ഇനിയൊട്ടും ഫലമില്ലെന്നു കണ്ട് അയാള്‍ നോട്ട്ബുക്ക് ദൂരേക്കെറിഞ്ഞ് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഉറങ്ങാന്‍പോയി. സമീര്‍ ഉടനെ പമ്മിപ്പമ്മി സ്വീകരണമുറിയില്‍ നിന്നിറങ്ങി ചവറ്റുകുട്ടയിരിക്കുന്ന ഓഫീസ് മുറിയിലേക്ക് നടന്നു. അവന്‍ അതില്‍നിന്നൊരു കടലാസു തുണ്ടെടുത്ത് ചുരുട്ടിയത് നിവര്‍ത്തി.
അതില്‍ മുള്ളുകമ്പിയുള്ള വരികളും കൊലചെയ്യപ്പെട്ട വാക്കുകളും കണ്ടു. അതില്‍നിന്ന് രക്തം പുഴപോലെ ഒഴുകി. അതിജീവിച്ചവര്‍ ഭയാനകമായി, ഭീതിതമായി അലറിക്കരഞ്ഞുകൊണ്ട് വേദനയാല്‍ പുളഞ്ഞു. കുട്ടി സ്തബ്ധനായി നിന്നു. അവന്‍ കടലാസ് നിലത്തേക്ക് വലിച്ചെറിഞ്ഞ് മുറിയിലേക്കോടി. മുഖത്തുവച്ച് പൊട്ടിത്തെറിച്ച ഭയാനകമായ അഗ്‌നിപര്‍വ്വത്തിന്റെ സ്‌ഫോടനമേറ്റ് വിറച്ചുകൊണ്ട് പുതപ്പിനുള്ളില്‍ പോയൊളിച്ചു.
അന്നുതൊട്ട് വാക്കുകളോട് അവന് എന്തെന്നില്ലാത്ത അനുകമ്പയാണ്. മുള്ളുകമ്പിയില്‍നിന്ന് തീര്‍ത്തും മുക്തമായ വാക്കുകളേ അവന്‍ കടലാസില്‍ കുറിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."