'ബഷീര്‍ നിലാവി'ന്റെ വെളിച്ചം
ലോകത്തുള്ള സകല കാര്യങ്ങളിലും തന്റേതായ ചിന്തയും വീക്ഷണവുമുള്ള വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍. ബഷീറിന്റെ അക്ഷരങ്ങള്‍ സംസാരിച്ചത് സമകാലികരോട് മാത്രമായിരുന്നില്ല. സകല ലോകരോടുമായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ കുട്ടികള്‍ മുതല്‍ പടുവൃദ്ധര്‍ വരെ ബഷീര്‍കൃതികള്‍ പുതുമയോടെ ഇന്നും വായിച്ചുകൊണ്ടിരിക്കുന്നു. വായിച്ചവര്‍ തന്നെ രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചു വായിക്കുന്നു. ഓരോ വായനയിലുമവര്‍ നവരസത്തിന്റെ പുതിയ തീരങ്ങള്‍ കണ്ടെത്തുന്നു. സരളവും ആലോചനാമൃതവുമായ കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ ബഷീര്‍ വലിയ ലോകത്തെ വരക്കുകയും നിറക്കുകയുമായിരുന്നു. സംവേദനക്ഷമത അളക്കുന്ന മാജിക്കല്‍ റിയലിസം ബഷീറിന്റെ വരികള്‍ക്കിടയില്‍ കടന്നുവന്നില്ല. സാധാരണക്കാര്‍ക്ക് പോലും സുതാര്യം ഗ്രഹിക്കാന്‍ സാധിക്കുന്ന സിംപിള്‍ റിയലിസത്തിലൂടെയും ലോജിക്കല്‍ റിയലിസത്തിലൂടെയും ആ വലിയ മനുഷ്യന്‍ ലോകത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. റിയലിസം ഇന്‍ഫ്‌ലുവന്‍സസിനേക്കാള്‍ വശീകൃത ക്ഷമതയുള്ളതായിരുന്നു ബഷീറിന്റെ നാട്ടുഭാഷ എന്നതിന് കാലം സാക്ഷിയായി. എല്ലാ വിഭാഗം മലയാളികളും ആംഗലേയക്കാരും ബഷീര്‍ സാഹിത്യത്തിലെ വിചിത്രമായ വൈശിഷ്ട്യം രുചിച്ചറിഞ്ഞു.
ബഷീര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി ബുക്‌സ് പുറത്തിറക്കിയ ഗ്രന്ഥമാണ് ബഷീര്‍ നിലാവ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതുവരെ സമാഹരിക്കപ്പെടാത്ത ചില രചനകളുടെ ചേര്‍ത്തുവയ്പ്പാണ് ഈ കൃതിയിലൂടെ ഡി.സി അനുവാചകര്‍ക്ക് മുന്നില്‍ ഒരുക്കിത്തരുന്നത്.
മലയാളത്തിന്റെ സുല്‍ത്താന്‍ തന്റെ പുതുചിന്തകള്‍ നര്‍മ്മ മധുരത്തോടെ അവതരിപ്പിക്കുമ്പോള്‍ അത് വായനക്കാരില്‍ ആഹ്ലാദവും ആലോചനയും സൃഷ്ടിക്കുന്നതിന്റെ ഉത്തമ നിദര്‍ശനങ്ങളാണ് ഈ രചനകളും. കേശവദേവും ചെമ്മീന്‍ സിനിമയും അഴിമതിയും പുസ്തക നിരോധനവും ഏകീകൃത സിവില്‍ കോഡും അമേരിക്കന്‍ മാഫിയയുമെല്ലാം ബഷീര്‍ നിലാവില്‍ വിഷയീഭവിക്കുന്നു.
വിമര്‍ശനത്തിന്റെ ഹാസ്യലോകം
രാഷ്ട്രീയ കുറ്റംചുമത്തി തിരുവിതാംകൂര്‍ ഗവണ്‍മെന്റ് കാരാഗ്രഹത്തില്‍ അടച്ച കേശവദേവിന്റെ ദയനീയാവസ്ഥക്കെതിരെ അനൈക്യം പ്രകടിപ്പിച്ച് എഴുതിയ കുറിപ്പുകൊണ്ടാണ് പുസ്തകത്തിന്റെ പ്രാരംഭം.
'ബന്ധനസ്ഥനായ ജീവല്‍സാഹിത്യകാരന്‍' എന്ന ശീര്‍ഷകത്തിലെഴുതിയ പ്രസ്തുത കുറിപ്പില്‍ കേശദേവിനെ ബഷീര്‍ അഭിസംബോധന ചെയ്യുന്നത് 'ദേവ്' എന്നാണ്. എഴുത്തുകാര്‍ക്കിടയില്‍ നിലനിന്നിരുന്ന പാരമ്പര്യത്തെയാണ് അദ്ദേഹം വരച്ചിടുന്നത്. ജീവിതത്തിലെ ചളി പ്രദേശങ്ങളെയും ഓര്‍മകളെയും മാത്രമേ സഖാവ് ദേവ് കാണുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ നിരൂപകന്മാരില്‍ ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഈ ആക്ഷേപത്തിന് അദ്ദേഹം പറയുന്ന സമാധാനമിതാണ്. ഞാന്‍ സമുദായത്തിന്റെ ചളിപ്രദേശത്ത് നിന്ന് ഉത്ഭവിച്ച് ഓടകളില്‍ കിടന്നുവളര്‍ന്നു. ഞാന്‍ അനുഭവിക്കുന്നെതേതോ, ഞാന്‍ കാണുന്നതേതോ അതിനെ ഞാന്‍ സാഹിത്യമാക്കുന്നു. പക്ഷേ ഭൂരിപക്ഷക്കാര്‍ എന്നെപ്പോലുള്ളവരാകയാല്‍ ഞാന്‍ ഭൂരിപക്ഷത്തിന്റെ സാഹിത്യകാരനാണ്. ഞാന്‍ ഭൂരിപക്ഷത്തിന്റെ ഹൃദയവുമാണ്. കേശവദേവിന്റെ സാഹിതീയ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ അടര്‍ത്തിപ്പകര്‍ത്തുന്ന ബഷീര്‍ ചെറുകഥാ മാന്ത്രികന്‍ എന്നാണ് അദ്ദേഹത്തെ കീര്‍ത്തിക്കുന്നത്. സമ്മാനത്തുകയ്ക്കു കൂടി നിരോധനം വേണോ എന്ന തലക്കുറിപ്പിനു കീഴില്‍ സാഹിത്യകാരന്മാര്‍ക്കു നേരെയുള്ള ആക്രോശങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുകയാണ് അദ്ദേഹം. 'നിരോധനം' എന്ന പ്രവര്‍ത്തി പോലും പമ്പര വിഡ്ഢിത്തമാണെന്നും അത് നിരുത്സാഹപ്പെടുത്തേണ്ടതുമാണെന്ന് ബഷീര്‍ കൗശല ദൃഷ്ടിയോടെ സമര്‍ഥിക്കുന്നത് ഇങ്ങനെയാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് മീശ പിരിക്കാനും മുടി ചീകാനും മറ്റും പലതിനായി ധാരാളം സമയംവേണം. അവര്‍ക്കു പുസ്തകങ്ങള്‍ വായിക്കാനൊന്നും നേരമില്ല. അവരൊക്കൊണ്ട് നിര്‍ബന്ധമായ, നിരോധിക്കപ്പെട്ട ഈ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചതിന് അവയുടെ കര്‍ത്താക്കള്‍ സര്‍ക്കാരിനോട് കൃതജ്ഞത പറയേണ്ടതാണ്. ആക്ഷേപഹാസ്യത്തിന്റെ ബേപ്പൂരിസം എത്ര മനോഹരമാണെന്ന് നോക്കൂ.
ആക്ഷേപഹാസ്യത്തിലൂടെ
രാഷ്ട്രീയം
ചെമ്മീന്‍ സിനിമയും അതിനോട് അനുബന്ധമായി നടമാടിയ ചില്ലറ കാര്യങ്ങളും 'ചെമ്മീനും ഒരു പിടക്കോഴിയും' എന്ന എഴുത്തില്‍ ബഷീര്‍ വിവരിക്കുന്നു. മലയാളഭാഷ എന്ന് കേട്ടാല്‍ തന്നെ തകഴി ശിവശങ്കരന്‍ പിള്ളയാണെന്ന സ്തുതി വാക്കുകള്‍ കൊണ്ട് തകഴിയെയും ഭാര്യ കാത്തതമ്പുരാട്ടിയെയും അദ്ദേഹം പുകഴ്ത്തുന്നുണ്ട്. പുറത്ത് ജനാധിപത്യവാദികളും ഉള്ളില്‍ സ്വാര്‍ഥരുമായ പുതിയ നേതാക്കന്മാരുടെ തലമണ്ടക്ക് അടിക്കുന്ന രീതിയില്‍ പുതിയ കേരളത്തിലെ രാഷ്ട്രീയ അസ്ഥിരതയെ കേശാദിപാദം വിമര്‍ശിക്കുന്നുണ്ട് ബഷീര്‍. മഹാരാജാവ് തന്നെ കേരളം ഭരിക്കട്ടെ എന്ന ചിന്തനീയമായ കുറിപ്പിനെ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. നമുക്ക് നമ്മുടെ രാജാക്കന്മാര്‍ മതിയായിരുന്നു. ജനാധിപത്യ നേതാക്കളേക്കാള്‍ ഒന്നാം ക്ലാസ്സാണവര്‍.
രാഷ്ട്രീയ വിമര്‍ശനങ്ങളോടുകൂടി അഴിമതിയെയും അടിമുടി അപഹസിക്കുന്നത് കാണാം. അഴിമതി ഉപേക്ഷിക്കുക എന്ന ആഹ്വാനം സ്വശരീരത്തില്‍ നിന്ന് കയ്യോ കാലോ വെട്ടിമാറ്റുന്നതിന് തുല്യമാണെന്നാണ് ബഷീറിന്റെ പക്ഷം. അത്രകണ്ട് അഴിമതി മനുഷ്യനോട് ഇഴചേര്‍ന്നിട്ടുണ്ടത്രേ. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുമ്പോള്‍ ഇവിടെ ഏകീകൃത കഷണ്ടിയും നടപ്പിലാകും. അത് ശുദ്ധ വിവരക്കേടാണ്. ഏകാത്മക വീക്ഷണത്തിലെ അനൗചിത്യം അദ്ദേഹം നര്‍മ്മശുദ്ധിയോടെ വിമര്‍ശിക്കുന്നതാണിത്. ഇന്ത്യക്കാര്‍ എന്നുപറഞ്ഞാല്‍ ശുദ്ധ സുന്ദരന്മാരായ കഷണ്ടികള്‍ എന്ന് വരണം, മാതൃക എന്റെ സെയില്‍ തലതന്നെ.
അഴിമതിയും അരാജകത്വവും അക്രമവും വിപാടനം ചെയ്യാന്‍ സുല്‍ത്താന്റെ മഹത്തായ ഒരു പ്രഖ്യാപനമുണ്ട്. അവരുടെ മൂക്കും ചെവിയും ചെത്തി നോക്കാം. അങ്ങനെ കുറെ കഴിഞ്ഞാല്‍ ഇതെല്ലാം അവസാനിക്കും. ഊരുവിലക്ക് മഹത്തായ ഊരുവിലക്ക് എന്ന പേരില്‍ ഒരു പത്രപ്രതിനിധി കുശലാന്വേഷണത്തിന് എത്തിയ രസകരമായ ഓര്‍മകള്‍ കോര്‍ത്തിണക്കിയ ലേഖനം ബഷീര്‍ നിലാവിലെ വേറിട്ട വിഭവമാണ്. സ്ത്രീകളുടെ കൂര്‍മ്മകൗശലം വിവരിക്കുന്ന രാജകുമാരി കാരണം സംഗതി രാജകീയം എന്ന ലേഖനവും സ്ത്രീകളോ പുരുഷന്മാരോ ശ്രേഷ്ഠര്‍ എന്ന പത്രാധിപന്റെ ചോദ്യങ്ങള്‍ക്കുള്ള ചന്തവും ചിന്തയും ഒത്തുചേര്‍ന്ന ബഷീറിയന്‍ മറുപടികള്‍ വിവരിക്കുന്ന 'സ്ത്രീകളെ ഇഷ്ടമാണ്' പക്ഷേ എന്ന രചനയും ബഷീര്‍ നിലാവിലെ നിലക്കാത്ത വെളിച്ചമായി മാറുകയാണ്.
അവര്‍ ക്ഷണിച്ചില്ല ഞാന്‍ പോയില്ല എന്ന രചനയിലൂടെ പുസ്തകം അവസാനിക്കുകയാണ്. മലയാള മനോരമ, മാതൃഭൂമി, വനിത എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളുടെ സമാഹാരം അനുവാചകര്‍ക്ക് മുന്‍പില്‍ അക്ഷരവിസ്മയത്തിന്റെ പുതിയ കവാടം തുറക്കുകയാണ്. ഇനിയും ചില രചനകള്‍ കണ്ടെടുക്കാനുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട് എന്ന് പ്രസാധകക്കുറിപ്പില്‍ രവി ഡി.സി പറയുന്നുണ്ട്. ജാതിയും യുദ്ധവും നാലുകെട്ടും കേരളീയന്റെ സുപ്രധാന വിഷയങ്ങളായി സാഹിത്യവല്‍ക്കരിച്ച ഒരുകാലത്ത് സാധാരണക്കാരന്റെ ജീവിതത്തിലെ അത്യപൂര്‍വ്വമായ പ്രതിസന്ധികളെ സൂക്ഷ്മമായി അതിലേറെ കൗതുകകരമായി ചിത്രീകരിക്കാന്‍ (മറ്റു വിഷയങ്ങള്‍ അവഗണിക്കാതെ) ബഷീറിനു സാധിച്ചു എന്നതാണ് പരമാര്‍ഥം. വായിക്കുക, വായിക്കുന്തോറും ബഷീര്‍ അത്ഭുതമായി കൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."