ഉത്തരേന്ത്യയുമായി വേണം വൈജ്ഞാനികബന്ധം
ഒഡിഷയിലെ ബദ്‌രക്കില്‍ നടന്ന മുഫ്തിയെ അഅ്‌സം ഒഡിഷ സയ്യിദ് അബ്ദുല്‍ ഖുദ്ദുസിന്റെ 25-ാം ഉറൂസിലും അനുബന്ധമായി നടന്ന അന്താരാഷ്ട്ര സുന്നി ഉലമാ കോണ്‍ഫറന്‍സിലും കേരളത്തിലെ ഷാഫിഈ പ്രതിനിധികളായാണ് സമസ്തക്ക് ക്ഷണം ലഭിച്ചത്. ഒഡിഷയിലെ ഇപ്പോഴത്തെ മുഫ്തി സയ്യിദ് ആലെ റസൂല്‍ കഴിഞ്ഞ ജാമിഅ സമ്മേളനത്തില്‍ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായിരുന്നു. അവരുമായുള്ള പരിചയവും ബന്ധവും ഗുണപരമായി ഉപയോഗപ്പെടുത്താനും സുദൃഢമാക്കാനും കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഹനഫി പണ്ഡിതന്‍മാരുടെ വലിയൊരു സംഗമം കൂടിയായിരുന്നു സമ്മേളനം. ഇവരുമായി സംഭാഷണം നടത്താനും അവര്‍ക്ക് കേരളത്തിലെ വ്യവസ്ഥാപിതമായ സമസ്തയുടെ സംഘടന സംവിധാനങ്ങളെ സംബന്ധിച്ച് ബോധ്യപ്പെടുത്താനും ഈ യാത്ര കാരണം സാധിച്ചു. സമസ്തയുടെ പ്രവര്‍ത്തനം കേരളത്തിനു പുറത്തേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം ബന്ധങ്ങള്‍ കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
ഒഡിഷയിലെ ഇസ്‌ലാമിക
ചലനങ്ങള്‍
വ്യവസ്ഥാപിതത്വം കൊണ്ട് ഏറെ പുരോഗതി പ്രാപിച്ച കേരളീയ മുസ്‌ലിംകളെ പോലെ മത, സാമൂഹിക മണ്ഡലങ്ങളില്‍ പുരോഗതിയുടെ ഉത്തുംഗതയിലെത്താന്‍ ഒഡിഷി മുസ്‌ലിംകള്‍ക്ക് ഇനിയും ആയിട്ടില്ല. എന്നാലും പ്രതീക്ഷയുടെ നാമ്പുകള്‍ കണ്ടു തുടങ്ങുന്നുണ്ട്. കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായി ഹനഫി കര്‍മ്മശാസ്ത്ര സരണി അനുവിധാനം ചെയ്യുന്ന ബറേല്‍വികളാണ് ഇവിടുത്തെ മുസ്‌ലിംകള്‍. മദ്‌റസകളും മറ്റു മതപഠന സംവിധാനങ്ങളും ഏറെയുണ്ടെങ്കിലും അത്ര കാര്യക്ഷമമല്ല. സംഘടിതമായ മുന്നേറ്റങ്ങളിലൂടെ മേഖലയില്‍ ഇസ്‌ലാമിക പ്രബോധന രംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മത പ്രബോധന പ്രവര്‍ത്തനങ്ങളില്‍ 'കേരള മോഡല്‍' സൃഷ്ടിച്ചു മുന്നേറാനുള്ള ആഗ്രഹമാണ് അവിടങ്ങളില്‍ കാണാനായത്. കലാപങ്ങളും ദുരന്തങ്ങളും കാരണം പലപ്പോഴും മുഖ്യധാരയില്‍ എത്താന്‍ കഴിയാതെ പോയ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ജനതയില്‍ ഇസ്‌ലാം കരുത്താര്‍ജ്ജിക്കേണ്ടത് അനിവാര്യമായാണ് തോന്നിയത്.
സന്ദര്‍ശനത്തിന്റെ നേട്ടങ്ങള്‍
കേരളത്തില്‍ സമസ്തയുടെ വളര്‍ച്ചയും മത പഠന സംവിധാനത്തിന്റെ ശാസ്ത്രീയ രീതികളും പരിചയപ്പെടുത്താനായി. കര്‍മ്മ ശാസ്ത്രത്തില്‍ ഹനഫീ മദ്ഹബും വിശ്വാസ ശാസ്ത്രത്തില്‍ മാതുരീതീ മദ്ഹബും ആഴത്തില്‍ പഠിച്ച് അത് അനുസരിച്ച് ജീവിച്ച ആ കാലഘട്ടത്തിലെ കിടയറ്റ പണ്ഡിതനും ഖാദിരീ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന അല്ലാമാ അഹ്മദ് റസാ ഖാനെ അംഗീകരിക്കുന്ന ഇന്ത്യയിലെ എല്ലാ സുന്നി ഉലമാക്കളേയും ഒരുമിച്ചുകൂട്ടി വലിയ സുന്നി ഉലമ കോണ്‍ഫറന്‍സ് നടത്തുന്നത് സംബന്ധിച്ച് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ഈ വേളയില്‍ കേരളത്തിലെ മുഖ്യധാരാ മതസംഘടന സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ പങ്കെടുക്കണമെന്ന താല്‍പര്യവും അവര്‍ പങ്കുവച്ചു. ഇന്ത്യയിലെ പല സംഘടനകളും സ്വയം വളര്‍ച്ചയ്ക്ക് വേണ്ടി മാത്രം അഹ്മദ് റസാഖാന്റെ പേര് മുതലെടുത്ത് സമുദായത്തെ ചൂഷണം ചെയ്യുമ്പോള്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനും മുസ്‌ലിം സമുദായ ഐക്യം ഉറപ്പാക്കാനുമാണ് സുന്നി ഉലമ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നത്.
വേണം മതരംഗത്തും
അക്കാദമിക സഹകരണം
കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങളും ഉത്തരേന്ത്യയിലെ പ്രവര്‍ത്തനവും തമ്മിലുള്ള അക്കാദമിക സഹകരണം കൂടുതല്‍ വിപുലമാക്കുന്നതു സംബന്ധിച്ചായിരുന്നു സമ്മേളനത്തിനെത്തിയ ഹനഫി പണ്ഡിതന്മാരുടെ പ്രധാന ആവശ്യം. സമസ്തയുടെ പണ്ഡിതന്മാര്‍ ഉത്തരേന്ത്യയിലെ ഹനഫികളുമായി നല്ല ബന്ധം സ്ഥാപിക്കാനായി കേരളത്തിലെ നമ്മുടെ പരിപാടികളില്‍ ഹനഫി നേതാക്കളെ ക്ഷണിക്കണം. കേരളത്തിലെ പണ്ഡിത വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തെ ബിരുദ പഠനത്തിനും ഉറുദു ഹനഫി സംസ്‌കാരം പഠിക്കാനുമായി ഇന്ത്യയിലെ ഹനഫി- സുന്നി സ്ഥാപനങ്ങളിലേക്ക് അയക്കണമെന്നുമുള്ള ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചു. ഹനഫീ വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷത്തെ തഖസ്സുസും അറബിക്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍, മറ്റു ട്രെയിനിങ്ങുകളും നല്‍കി മത വൈജ്ഞാനിക പ്രവര്‍ത്തനമേഖല ശക്തിപ്പെടുത്തണമെന്ന ബൃഹത്തായ ലക്ഷ്യങ്ങളും നമുക്കുണ്ട്.
ബറേല്‍വി മുസ്‌ലിംകള്‍
ഹനഫി കര്‍മ്മശാസ്ത്ര സരണി അനുവിധാനം ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയാണ് ബറേല്‍വികള്‍. കേരളത്തിലെ സുന്നികളെ പോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ മുസ്‌ലിംകളാണിവര്‍. ഉത്തരേന്ത്യയിലെ ബറേല്‍വി പ്രദേശം കേന്ദ്രീകരിച്ചു കൂട്ടായ്മ സ്ഥാപിക്കപ്പെട്ടതിനാലാണ് ഈ പേരില്‍ അറിയപ്പെടാന്‍ കാരണമായത്. പുരോഗമനാശയക്കാര്‍ ഉത്തരേന്ത്യയില്‍ രൂപം പൂണ്ടതോടെയാണ് അഹ്മദ് റസാ ഖാന്‍ എന്ന ഖാദിരിയ്യ സൂഫിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ബറേല്‍വിയില്‍ ഈ കൂട്ടായ്മ ശക്തിപ്പെട്ടത്. ദക്ഷിണേഷ്യയില്‍ മാത്രമായി 20 കോടിയിലധികം അനുയായികള്‍ ഈ പ്രസ്ഥാനത്തിനുണ്ട്.
ബറേല്‍വികള്‍ ശീഈകളോ?
ബറേല്‍വികള്‍ ശീഈകളാണെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് അല്ലാമാ അഹ്മദ് റസാ ഖാന്റെ ഗ്രന്ഥങ്ങള്‍ തന്നെ തെളിവാണ്. ശീഈകള്‍ അവരുടെ വിശ്വാസത്തിന്റെ കാര്യത്തില്‍ പൊതുവേ രണ്ട് തരമുണ്ടെന്നും അവരില്‍ 'വിശുദ്ധ ഖുര്‍ആന്‍ മാറ്റത്തിരുത്തലുകള്‍ വരുത്തപ്പെട്ടതാണ്' എന്നും അവരുടെ 'പല ഇമാമുമാര്‍ക്കും പല അമ്പിയാക്കളേക്കാളും പവിത്രതയുണ്ടെന്നും' 'അബുബക്കര്‍, ഉമര്‍ തുടങ്ങിയ ചില സ്വഹാബികള്‍ കാഫിറാണെന്നും' വിശ്വസിക്കുന്നവരുണ്ടെന്നും അവര്‍ ഇസ്‌ലാമിന് പുറത്താണെന്നും അല്ലാത്തവരെക്കുറച്ച് അത്രത്തോളം പറയാന്‍ പറ്റില്ലെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട് (ഫതാവല്‍ ഹറമൈന്‍). അതേസമയം കര്‍മ്മ ശാസ്ത്രത്തില്‍ ശാഫിഈ സരണിയും വിശ്വാസ ശാസ്ത്രത്തില്‍ അശ്അരി സരണിയും പിന്തുടരുന്ന കേരളീയ മുസ്‌ലിംകള്‍ക്ക് ചില കാര്യങ്ങളിലെല്ലാം വിയോജിപ്പുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്.
ഗ്രാന്‍ഡ് മുഫ്തി വിവാദം?
ബറേല്‍വി വിഭാഗത്തിന്റെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി അവരോധിക്കപ്പെട്ടു എന്ന അവകാശവാദവുമായി രാംലീലയില്‍ വച്ച് നടത്തിയ ചടങ്ങ് ഔദ്യോഗിക അംഗീകാരം ഇല്ലാത്ത പ്രഹസനമായിരുന്നു. ഗ്രാന്‍ഡ് മുഫ്തി അക്തര്‍ റസാ ഖാന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ പുത്രന്‍ അസ്ജദ് റസാ ഖാനെയാണ് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."