ഫണ്ടിന് വേണ്ടിയാണ് ഈ വെടിയൊച്ചകള്‍
കേരളത്തില്‍ മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനങ്ങളിലും വയനാട് ജില്ലയിലെ വൈത്തിരിയിലും ഉണ്ടായതായി പറയപ്പെടുന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോവാദികള്‍ സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. അട്ടപ്പാടി സംഭവത്തോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന മാവോവാദികളുടെ എണ്ണം ഏഴായി ഉയര്‍ന്നിരിക്കുന്നു. ഛത്തീസ്ഗഢിലും മറ്റും തുടര്‍ന്നുവരുന്ന രീതിയിലും തോതിലുമുള്ള മാവോവാദി പ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നതായി കരുതാന്‍ ജനങ്ങളുടെ സാമാന്യബോധം അനുവദിക്കുമെന്നുതോന്നുന്നില്ല. മാവോവാദികളെ ഉന്മൂലനം ചെയ്ത് സമാധാനം സ്ഥാപിക്കുന്ന തരത്തിലുള്ള അക്രമാസക്തവും സംഘര്‍ഷഭരിതവുമായ അന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നതായും കരുതാനാവില്ല. അങ്ങനെ എങ്കില്‍ കേരളപൊലിസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്റോകള്‍ നടത്തുന്ന ഉന്മൂലന പരിപാടിയുടെ കാര്യകാരണങ്ങള്‍ അറിയാന്‍ ജനാധിപത്യ സമൂഹത്തിന് അവകാശമുണ്ട്.
മാവോവാദികളെ രാഷ്ട്രീയമായും മാനസികമായും പരിവര്‍ത്തനത്തിന് വിധേയമാക്കി അക്രമത്തിന്റെയും ഹിംസയുടെയും പാത ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനം കേരള പൊലിസ് വിഭാവനം ചെയ്തിട്ടുണ്ടോ എന്നറിയാനും സമൂഹത്തിന് അവകാശമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മാവോവാദികള്‍ ഗത്യന്തരമില്ലാതെ കേരളത്തില്‍ എത്തുകയാണ് ചെയ്യുന്നതെന്ന് ന്യായമായും കരുതേണ്ടിവരും. അത്തരക്കാര്‍ക്ക് ആയുധവും അക്രമത്തിന്റെ പാതയും ഉപേക്ഷിച്ച് മുഖ്യധാരാ സാമൂഹ്യജീവിതത്തിലേക്ക് മടങ്ങിവരാന്‍ അവസരം ഒരുക്കുകയാണ് വേണ്ടത്. അതിനൊരു നല്ല ഉദാഹരണമാണ് തമിഴ്‌നാട് സര്‍ക്കാര്‍. രൂപേഷിനെയും ഷൈനയെയും അവര്‍ പിടികൂടി. ഇപ്പോള്‍ ദീപക്കും കീഴടങ്ങി. വേണമെങ്കില്‍ അവരെയൊക്കെ കൊല്ലാമായിരുന്നു. അവരത് ചെയ്യാതെ വിചാരണ നടത്തി. വിദ്യാഭ്യാസവും സംസ്‌ക്കാരവുമുണ്ടെന്ന് ഘോഷിക്കുന്ന നമ്മുടെ ഭരണകൂടങ്ങള്‍ കേരളത്തിലെ മാവോകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു.
മാവോയിസ്റ്റുകള്‍ സായുധ വിപ്ലവമാണ് സാമൂഹികമാറ്റത്തിന് വേണ്ടി മുന്നോട്ടു വയ്ക്കുന്നത്? ഇന്ത്യന്‍ സാഹചര്യത്തില്‍ അത് പ്രായോഗികമാണോ?
ഇവിടെ ജനാധിപത്യം പൂര്‍ണമല്ലെന്ന് വാദിക്കുന്നവരാണ് ഞങ്ങള്‍. രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കലാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ മാവോയിസത്തെ യഥാര്‍ഥ വിപ്ലവമായി അംഗീകരിച്ചാല്‍ കുറ്റം പറയാനാകില്ല. പൂര്‍ണമായി യോജിപ്പില്ലെങ്കിലും വിപ്ലവത്തിലൂടെയുള്ള സാമൂഹ്യമാറ്റത്തെ ഞാനും അംഗീകരിക്കുന്നു.
സര്‍ക്കാര്‍ വന്‍ സന്നാഹത്തെയാണ് മാവോയിസ്റ്റ് വേട്ടയ്ക്കായി കാടുകയറ്റുന്നത്?
സര്‍ക്കാര്‍ പലപ്പോഴും മാവോയിസ്റ്റുകളെ ഒരു ഭീകരസംഘടനയായി ചിത്രീകരിച്ച് സാധാരണക്കാരെ അവരില്‍ നിന്നും അകറ്റുകയാണ്. ഭരണകൂടത്തിന്റെ ഉദ്ദേശം പലതാണ്. സര്‍ക്കാര്‍ രാഷ്ട്രീയമായി വെല്ലുവിളികള്‍ നേരിടുമ്പോഴാണ് മാവോയിസ്റ്റ് പേടി ഉണ്ടാക്കുന്നതെന്ന് നാം കാണാതിരുന്നു കൂടാ.
കേന്ദ്രസര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടക്കായി വലിയ ഫണ്ടാണ് നല്‍കുന്നത്? ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
ആ പണം തന്നെയായിരിക്കാം സംസ്ഥാന സര്‍ക്കാരുകളുടെയും ലക്ഷ്യം. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഒരു ഭരണകൂടവും കാണുന്നില്ല. അവര്‍ കോര്‍പ്പറേറ്റുകളുടെ വിടുപണിക്കാരായി മാറിക്കഴിഞ്ഞു. ഓരോ തവണയും മാവോ വേട്ടക്കായി കോടികള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കി വരുന്നു. ഇത്തവണ കേന്ദ്രസര്‍ക്കാര്‍ 360 കോടിയോളമാണ് അനുവദിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ആ ഫണ്ടിനാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളസര്‍ക്കാര്‍ ഈ അരുംകൊലകള്‍ നടത്തിവരുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തെ സായുധമായി വെല്ലുവിളിക്കുന്നത് ശരിയാണോ?
ജനാധിപത്യം പൂര്‍ണമല്ലെന്ന് നേരത്തെ തന്നെ ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനങ്ങള്‍ പറയുന്നതാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണങ്ങള്‍ ഇവിടെ ആഹ്വാനം ചെയ്യപ്പെടാന്‍ കാരണം അതാണ്. ഇവിടെ ജുഡീഷ്യറി ശ്രമിക്കുന്നത് മറ്റൊന്നിനാണ്. ജനാധിപത്യത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയാണ് ഇവിടെ കാണേണ്ടത്. നിഷേധ വോട്ടിന് ആഹ്വാനം ചെയ്ത കോടതി, ഭരണകൂടത്തിന്റെ മറ്റ് അടിച്ചമര്‍ത്തലുകളോട് മൗനം പാലിക്കുന്നത് കാണാം.
സി.പി.എം മാത്രമല്ല, കേരളത്തിലെ എല്ലാത്തരം ജനവിഭാഗങ്ങളും മാവോയിസ്റ്റുകളെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പിന്തുണയ്ക്കുമെന്ന് എനിക്കുറപ്പാണ്. സാമൂഹ്യമാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ കോഴിക്കോട്ട് സി.പി.എം പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചത് ഇതിനു നല്ല ഉദാഹരണമല്ലേ?.
പോരാട്ടം ഒരു മാവോയിസ്റ്റ് അനുകൂല സംഘാടനയാണോ?
പോരാട്ടം മാവോയിസ്റ്റ് സംഘടനയല്ല. മാവോയിസ്റ്റുകളും നക്‌സലുകളും കമ്മ്യൂണിസ്റ്റുകാരും സംഘടനയില്‍ ഉണ്ടെന്നുവരാം. പക്ഷെ പോരാട്ടത്തിന്റെ ആത്യന്തികമായ ലക്ഷ്യം സായുധ വിപ്ലവമല്ല. ബഹുജനങ്ങളെ അണിനിരത്തി സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന ബഹുജന പ്രസ്ഥാനമാണ് ഞങ്ങളുടേത്.
പിന്നെന്തുകൊണ്ടാണ് 'പോരാട്ടത്തെ' ഒരു ഭീകര സംഘടനയായി ചിത്രീകരിക്കുന്നത്?
ആന്റണി സര്‍ക്കാരിന്റെ കാലത്താണ് ഇത് ആരംഭിച്ചത്. പിന്നീട് വന്ന ഭരണക്കാര്‍ അത് പിന്തുടര്‍ന്ന് പോരുന്നു എന്നുമാത്രം. ഭീകരവാദം എന്ന കള്ളപ്പേരില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തെ അടിച്ചമര്‍ത്തുകയാണിവിടെ.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ സജീവമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
അങ്ങനെ കരുതാനേ തരമുള്ളൂ. കേരളത്തിന്റെ അവസ്ഥ പരിതാപകരം തന്നെയാണ്. ആദിവാസികളെയും പിന്നോക്ക വിഭാഗങ്ങളെയും ഭരണക്കാര്‍ വഞ്ചിക്കുകയാണ്. വിലക്കയറ്റം രാജ്യത്തിന്റെ നട്ടെല്ലൊടിക്കുകയാണ്. ഞാന്‍ ഇത്രയെല്ലാം പറഞ്ഞത് മാവോയിസ്റ്റുകള്‍ക്ക് സജീവമായി വളരാന്‍ കഴിയുന്ന സ്ഥലം തന്നെയാണ് കേരളം എന്ന് പറയാന്‍ വേണ്ടിയാണ്. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ലേഖനം ഒരു പ്രമുഖ ആഴ്ചപ്പതിപ്പില്‍ വന്നത് ഇതിന്റെ തെളിവാണ്.
കോങ്ങാട് ഉന്മൂലനത്തിന് ശേഷം കേരളത്തില്‍ മാവോയിസ്റ്റുകള്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടോ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണല്ലോ കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്?
ഇല്ലെന്നുതന്നെ പറയാം. എന്നാല്‍, കൂടുതല്‍ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 2016 നവംബര്‍ 24നാണ് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ പൊലിസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെടുന്നത്. തമിഴ്‌നാട് സ്വദേശികളായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയുമാണ് മരിച്ചത്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളും അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമാണ് ഉണ്ടായിരുന്നത്. കുപ്പുവിന് പിന്നില്‍നിന്നാണ് കൂടുതല്‍ വെടിയേറ്റത്. എ.കെ 47, എസ്.എല്‍.ആര്‍ മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളായിരുന്നു അവ. 20- 60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ മനസിലായത്.
2019 മാര്‍ച്ച് ഏഴിനാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ടിനെ കണ്ടപ്പോള്‍ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് നടത്തിയ വെടിവയ്പ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലിസ് ഭാഷ്യം. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനു സമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റിരുന്നു. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ചുപോയിരുന്നു. റിസോര്‍ട്ടിനുപുറത്ത് നിര്‍മിച്ച ജലധാരയ്ക്ക് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അട്ടപ്പാടി മഞ്ചക്കണ്ടി ഊരില്‍ തണ്ടര്‍ബോള്‍ട്ട് വെടിവച്ചതില്‍ അരവിന്ദ്, കാര്‍ത്തി, രമ എന്നിവരാണ് മരിച്ചത്. പിറ്റേന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൂടി മരണമടഞ്ഞു. ഭവാനി ദളം തലവന്‍ മണിവാസകം.
പാളിപ്പോയ
തലശേരി ആക്ഷന്‍
നക്‌സലൈറ്റ് പോരാട്ടങ്ങള്‍ കേരളത്തില്‍ സജീവമായ സമയം. തമിഴ്‌നാട്ടിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് മുണ്ടൂര്‍ രാവുണ്ണി കേരളത്തിലെ നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാകുന്നത് തലശേരി പൊലിസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെയാണ്. തലശേരി ആക്ഷനു പുറപ്പെടുമ്പോഴുള്ള അനുഭവം രാവുണ്ണി വിവരിക്കുന്നു:
'പാലക്കാട് വിക്ടോറിയ കോളജില്‍, യാത്ര പറയാന്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. ജീവിതത്തിലെ ഏറ്റവും വികാരനിര്‍ഭരമായിരുന്നു ആ യാത്ര പറയല്‍. അന്നവിടെ കൂടിയ വിദ്യാര്‍ഥിനികളെ ഞാന്‍ ആദ്യമായാണു കാണുന്നത്. അവര്‍ പൊട്ടിക്കരയുകയായിരുന്നു.
തലശേരിയില്‍ കെ.പി നാരായണന്റെ കെപീസ് ട്യൂട്ടോറിയയിലാണ് നാന്നൂറോളം പേര്‍ ഒത്തുകൂടിയത്. ആരെങ്കിലും ചോദിച്ചാല്‍ ബീഡിത്തൊഴിലാളി സമ്മേളനത്തിനു വന്നതാണെന്നു പറയാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി. അന്ന് ആക്ഷനായി രൂപീകരിച്ച നാലാം ബറ്റാലിയന്റെ കമാന്‍ഡര്‍ ആജാനുബാഹുവായ കാന്തലോട്ട് കരുണനായിരുന്നു. ഇദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയത് ഇങ്ങനെയായിരുന്നു. പൊലിസ്‌സ്റ്റേഷനു ചുറ്റും ആയുധധാരികളായ പൊലിസാണ്. നമുക്ക് ആക്ഷന്‍ നടത്താന്‍ പറ്റില്ല.
ആക്ഷനുള്ള താവളപ്രദേശങ്ങള്‍ റെഡിയാണ്. ബീഡിത്തൊഴിലാളികളും കുടിയേറ്റ കര്‍ഷകരും കലാപത്തിനു തയ്യാറാണ്. നമ്മള്‍ എന്തു ചെയ്യണം? കുന്നിക്കല്‍ നാരായണന്‍ യോഗത്തിനെത്തിയവരോട് ചോദിച്ചത് ഇതായിരുന്നു. ഇതിന്റെ പേരില്‍ യോഗത്തിനെത്തിയവര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായി. ആദ്യദിവസം ആക്ഷന്‍ നടന്നില്ല. രണ്ടാംദിവസം എല്ലാ മുന്നൊരുക്കത്തോടെയുമാണ് കുന്നിക്കലിന്റെയും കെ.പി നാരായണന്റെയും നേതൃത്വത്തില്‍ കാര്യങ്ങള്‍ നടന്നത്. പങ്കെടുക്കാന്‍ എത്തിയവരെ നാലു കമ്പനികളായി തിരിച്ചു. നാലാം കമ്പനിയിലെ ഏഴാം സ്‌ക്വാഡിലായിരുന്നു ഞാന്‍. കുന്നിക്കല്‍ തുടക്കം മുതലേ തന്നെ എന്നെ തഴയുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ പുതിയ തലമുറ വരട്ടെയെന്നായിരുന്നു മറുപടി.
തലശേരി സ്റ്റേഷനിലേക്കുള്ള വഴി പോലും ആര്‍ക്കും കൃത്യമായി അറിയില്ല. കൊട്ടിയൂര്‍ പോകുന്ന റോഡിലേക്കു കയറിയപ്പോഴാണ് പിന്നില്‍ നിന്ന് ആരോ വിളിച്ചുപറഞ്ഞത്, സഖാവേ.. അതല്ല വഴി ഇതാണെന്ന്. അങ്ങനെ പൊലിസ് സ്റ്റേഷനിലെത്തി. കൂരിരുട്ട്. ഗെയിറ്റ് പൂട്ടിയിരിക്കുന്നു. പൊളിക്കെടാ പൂട്ട്, ഞാന്‍ വിളിച്ചുപറഞ്ഞു. വെള്ളത്തൂവല്‍ സ്റ്റീഫന്‍ അടുത്തുണ്ടായിരുന്നു. പ്ലാക്കോട്ട് രവിയും ഉണ്ടായിരുന്നു. സ്റ്റേഷന്‍ ഗാര്‍ഡ് ശബ്ദം കേട്ട് പൊസിഷന്‍ എടുത്തു. സ്റ്റീഫന്‍ കൈയിലിരുന്ന ആസിഡ് ബള്‍ബ് എറിഞ്ഞു. അത് നോട്ടീസ് ബോര്‍ഡില്‍ തട്ടി സ്‌ഫോടനമുണ്ടായി. ഇതുകേട്ട് പൊലിസുകാരന്‍ നിലവിളിച്ചു. സ്റ്റേഷന്റെ മുന്നില്‍ മൈതാനമാണ്. അവിടെ കിടന്ന കന്നുകാലികള്‍ എഴുന്നേറ്റ് ഓടാന്‍ തുടങ്ങി. ഈ കുളമ്പടി ശബ്ദം കേട്ട് പലരും ഓടി. നോക്കുമ്പോള്‍ ഞാനും സ്റ്റീഫനും മാത്രമുണ്ട്. ചിലര്‍ പൊലിസ് വാനിന്റെ ടയര്‍ കുത്തിക്കീറി. പിന്തിരിഞ്ഞൊരു പലായനമാണ് അവിടെ നടന്നത്. റോഡിലെല്ലാം ആക്രമിക്കാനായി കൊണ്ടുപോയ ആയുധങ്ങള്‍ ചിതറിക്കിടന്നു. വരിക്കുന്തവും കമ്പിപ്പാരയും കൊടുവാളും കത്തിയുമൊക്കെയായിരുന്നു ആയുധങ്ങള്‍. ഒന്നും ഉപയോഗിച്ചിട്ടില്ല. ആക്രമണം പാളി. പലരും പല സ്ഥലത്ത് ഒളിച്ചു. അങ്ങനെ 1968 നവംബര്‍ 20ലെ തലശേരി പൊലിസ് സ്റ്റേഷന്‍ ആക്രമണം അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."