പ്രകൃതിദുരന്തത്തില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റിന് കര്‍ശന നിബന്ധനകള്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് പ്രകൃതിദുരന്തത്തില്‍പ്പെട്ട് കാണാതായവരില്‍ മരിച്ചെന്ന് ഉറപ്പുള്ളവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിബന്ധനകളേര്‍പ്പെടുത്തി.
കശ്മിരിലും ഉത്തരാഖണ്ഡിലും ഏര്‍പ്പെടുത്തിയ നിബന്ധനകളും നിര്‍ദേശങ്ങളുമാണ് സംസ്ഥാനത്തും നടപ്പാക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാറോ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ അന്വേഷണം നടത്തിയാകും അനുവദിക്കുക. പ്രളയം, ഓഖി ചുഴലിക്കാറ്റ് തുടങ്ങിയവയില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അടുത്തബന്ധു താമസിക്കുന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്തുള്ള പൊലിസ് സ്റ്റേഷനില്‍ ആദ്യം അറിയിക്കണം.
വ്യക്തിയെ കാണാതായത് മറ്റൊരു സ്ഥലത്താണെങ്കില്‍ അവിടെയുള്ള പൊലിസ് സ്റ്റേഷനിലും അറിയിക്കണം. വ്യക്തിയെ കാണാതായത് സംബന്ധിച്ച് ബന്ധു നല്‍കുന്ന സത്യവാങ് മൂലം നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയിരിക്കണം. തുടര്‍ന്ന് പൊലിസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ദുരന്തം നടന്ന സ്ഥലത്തെ തഹസില്‍ദാര്‍ക്കോ സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റിനോ നല്‍കണം. തുടര്‍ന്ന് തഹസില്‍ദാരോ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ അന്വേഷണം നടത്തി കാണാതായ ആള്‍ മരിച്ചതായി പ്രഖ്യാപിച്ച് ഔദ്യോഗിക ഗസറ്റിലും ദിനപത്രങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കും. 30 ദിവസത്തിനകം ആക്ഷേപങ്ങളുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട വ്യക്തി മരിച്ചതായി ഉത്തരവിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."