പരിസര മലിനീകരണം: തുകല്‍ സംഭരണ കേന്ദ്രത്തിനെതിരേ പരാതി
എരുമപ്പെട്ടി: എരുമപ്പെട്ടി മലയകം വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തുകല്‍ സംഭരണ കേന്ദ്രം പരിസരമലിനീകരണം സൃഷ്ടിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം നാട്ടുകാര്‍ക്ക് ശല്യമായി തീര്‍ന്നിരിക്കുകയാണ്. എരുമപ്പെട്ടിക്ക് സമീപം പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ജില്ലക്കകത്തും പുറത്തുമുള്ള അറവ് ശാലകളില്‍ നിന്നും ശേഖരിക്കുന്ന മൃഗങ്ങളുടെ തുകല്‍ വന്‍തോതിലാണ് ഈ കേന്ദ്രത്തില്‍ സംഭരിക്കുന്നത്. ഇതിന് പുറമെ അറവ് മാലിന്യങ്ങളും ഇവിടെ ശേഖരിക്കുന്നുണ്ട്. തീര്‍ത്തും വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രം ഇപ്പോള്‍ നാട്ടുകാര്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രൂക്ഷമായ ദുര്‍ഗന്ധമാണ് പരിസര പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. പുഴുവരിക്കുന്ന മാംസാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തി കിണറുകളില്‍ കൊണ്ടിടുന്നതിനാല്‍ കുടിവെള്ളവും മലിനപ്പെടുന്ന അവസ്ഥയാണ്. കൂടാതെ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന നായ്ക്കള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കേന്ദ്രത്തില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കാട്ട് പന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ പഞ്ചായത്തിലും ആരോഗ്യ വനം വകുപ്പുകളിലും നിരവധി തവണ പരാതി നല്‍കുന്നുണ്ടെങ്കിലും അധികൃതര്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."