ഇ മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍: പ്രവാസികളെ ആശങ്കയിലാഴ്ത്തി വ്യാജ പ്രചാരണങ്ങളും
റിയാദ്: പ്രവാസികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സങ്കീര്‍ണതകളൊന്നും രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ നേരിടുന്നില്ല. പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും യാത്ര തടസപ്പെടുമെന്നതടക്കമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ആധാര്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ ഇതുമായി ബന്ധപ്പെട്ടും തടസങ്ങള്‍ ഉണ്ടാകുമെന്ന പ്രചാരണവും വ്യാപകമാണ്. എന്നാല്‍ യഥാര്‍ഥ പാസ്‌പോര്‍ട്ട് ഉള്ള ഏതൊരാള്‍ക്കും യാതൊരു തടസങ്ങളും കൂടാതെ വെറും അഞ്ചു മിനുട്ടിനുള്ളില്‍ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതാണ് വസ്തുത. ബന്ധപ്പെട്ട രേഖകളൊന്നുംതന്നെ അപ്‌ലോഡ് ചെയ്യേണ്ടിവരുന്നില്ല. ചുരുങ്ങിയ നാല് ഘട്ടങ്ങള്‍ മാത്രമാണുള്ളത്. ഇതിനായി ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ കൈവശം വേണമെന്നതാണ് ഏക നിര്‍ബന്ധം. https:emigrate.gov.inextpreECNREmig.action എന്ന അഡ്രസില്‍ നാട്ടിലെ മൊബൈല്‍ നമ്പര്‍ നല്‍കി രണ്ടാം കോളത്തില്‍ കാണുന്ന അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുക. ഉടന്‍ തന്നെ മൊബൈലില്‍ ഒരു പാസ്‌വേര്‍ഡ് ലഭ്യമാകും. ഇത് നല്‍കുന്നതോടെ അടുത്ത പ്രധാന പേജിലേക്ക് കടക്കാം. ചുരുങ്ങിയ വിവരങ്ങള്‍ നല്‍കി പൂര്‍ത്തീകരിക്കുകയും ചെയ്യാം. രണ്ടം ഘട്ടത്തിലെ വ്യക്തിഗത വിവര കോളത്തില്‍ പാസ്‌പോര്‍ട്ടിലെ പേര്, ആണോ പെണ്ണോ, പാസ്‌പോര്‍ട്ട് നമ്പര്‍, സംസ്ഥാനം എന്നീ വിവരങ്ങള്‍ മാത്രമാണ് നിര്‍ബന്ധമായത്. ഇമെയില്‍, ആധാര്‍ കാര്‍ഡ്, ജില്ല, വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷനല്‍ യോഗ്യത എന്നിവ വേണമെങ്കില്‍ ചേര്‍ത്താല്‍ മാത്രം മതിയാകും. ഇക്കാര്യങ്ങള്‍ നിര്‍ബന്ധമില്ല. അടുത്ത ഘട്ടത്തിലെ വിസ, യാത്രാ വിവര കോളത്തില്‍ യാത്ര ചയ്യുന്ന രാജ്യം, വിസ കാറ്റഗറി എന്നിവ മാത്രമാണ് നിര്‍ബന്ധം. ഇവിടെ ചെയ്യുന്ന തൊഴില്‍, റിക്രൂട്ടിങ് ഏജന്റിന്റെ പേര് എന്നിവ വേണമെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. തുടര്‍ന്ന് ഇന്ത്യയിലും പോകുന്ന രാജ്യത്തും അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയാകും. ഇതില്ലാതെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം. അത്യാഹിത ഘട്ടത്തില്‍ ബന്ധപ്പെടാനുള്ളവരുടെ പേരും ബന്ധപ്പെടാനുള്ള അഡ്രസ് , മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഇവിടെ ചോദിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കമ്പനിയുടെയോ സ്‌പോണ്‍സറുടെയോ ബന്ധപ്പെടാനായുള്ള വിവരങ്ങളില്‍ പേരു വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവയാണ് നിര്‍ബന്ധമായത്. മുഴുവന്‍ അഡ്രസ്, ഇമെയില്‍ എന്നിവ വേണമെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയാകും.
മൂന്നു സത്യവാചകങ്ങളില്‍ സെലക്റ്റ് ചെയ്തു സബ്മിറ്റ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ ഒരു കണ്‍ഫര്‍മേഷന്‍ നമ്പറോടെ നമ്മള്‍ പൂരിപ്പിച്ച ഫോം പി.ഡി.എഫ് ആയി ലഭ്യമാകും. മെയില്‍ ഐഡി നല്‍കിയിട്ടുണ്ടെകില്‍ അതിലും ലഭിക്കും. ഇതല്ലാതെ, പ്രചരിക്കുന്നതുപോലെ മറ്റു വിവരങ്ങളോ ശമ്പളം അടക്കമുള്ള കാര്യങ്ങളോ ഇവിടെ നിര്‍ബന്ധമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."