പ്രൈമറി അധ്യാപക നിയമന നടപടികള്‍ പ്രതിസന്ധിയില്‍
ചെറുവത്തൂര്‍: പ്രൈമറി അധ്യാപക നിയമന നടപടികള്‍ പി.എസ്.സി നിര്‍ത്തിവച്ചു. ഒരു ജില്ലയില്‍ നിയമന ശുപാര്‍ശ അയക്കുകയും 13 ജില്ലകളില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ ഇരിക്കെയുമാണ് നിയമന നടപടികള്‍ പി.എസ്.സി നിര്‍ത്തിവച്ചത്. എല്‍.പി, യു.പി അധ്യാപക നിയമനത്തിന് കെ ടെറ്റ് യോഗ്യത ബാധകമാക്കാത്തതിനെതിരേ ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഡിസംബര്‍ 10നാണ് ഈ വിഷയത്തില്‍ ട്രിബ്യൂണല്‍ അന്തിമവാദം കേള്‍ക്കുന്നത്.
അതുവരെ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രൈമറി വിഭാഗത്തില്‍ 3000ത്തോളം ഒഴിവുകള്‍ സംസ്ഥാനത്ത് ആകെയുണ്ടെന്നാണ് കണക്കുകള്‍. അധ്യാപകരില്ലാതെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി. ഡിസംബറില്‍ എല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികളുമായാണ് പി.എസ്.സി മുന്നോട്ടു പോയത്. സെപ്റ്റംബര്‍ ആറിന് തൃശൂര്‍ ജില്ലയിലെ എല്‍.പി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 118 പേര്‍ക്ക് നിയമന ശുപാര്‍ശ അയക്കുകയും ചെയ്തിരുന്നു. അന്തിമ വിധി വരെ ഇവര്‍ക്ക് നിയമന ഉത്തരവ് അയക്കാനാകില്ല. മറ്റു ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."