ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍കൂടി ബി.ജെ.പിയിലേക്ക്
അഹമ്മദാബാദ്: രാജ്യസഭയിലേക്ക് നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി.
ഇന്നലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ച് ബി.ജെ.പിക്ക് കൂറ് പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്താനുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിന്റെ സാധ്യത കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
വ്യാഴാഴ്ച കോണ്‍ഗ്രസ് ചീഫ് വിപ്പ് ബല്‍വിന്ദ് സിങ് രജ്പുത്ത്, ഡോ. തേജശ്രീ പട്ടേല്‍, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ ഇന്നലെ മാന്‍സിങ് ചൗഹാന്‍, ചന്ന ചൗധരി എന്നിവരും രാജിക്കത്ത് നല്‍കി ബി.ജെ.പിക്ക് കൂറ് പ്രഖ്യാപിച്ചു. ഇവരുടെ രാജി സ്വീകരിച്ചതായി നിയമസഭാ സ്പീക്കര്‍ രമണ്‍ലാല്‍ വോറ അറിയിച്ചു.
ശങ്കര്‍ സിങ് വഗേല രാജിവച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്‍കി മറ്റ് അഞ്ച് എം.എല്‍.എമാര്‍കൂടി രാജിവച്ച് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയത്. ഗുജറാത്തില്‍ നിന്ന് മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്കുള്ളത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പാണെന്നിരിക്കെ ശേഷിക്കുന്ന ഒരു സീറ്റ് കോണ്‍ഗ്രസ് പിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനായി അഹമ്മദ് പട്ടേലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. എന്നാല്‍ എം.എല്‍.എമാര്‍ രാജിവച്ചത് പട്ടേലിന്റെ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. നിയമസഭയിലെ നിലവിലുള്ള ശക്തിയനുസരിച്ച് അഹമ്മദ് പട്ടേലിന്റെ വിജയത്തിന് 44 അംഗങ്ങളുടെ വോട്ട് മതി. കോണ്‍ഗ്രസിന് 56 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ രാജിവച്ചതോടെ ഇപ്പോള്‍ അംഗസംഖ്യ 51 ആയി ചുരുങ്ങി. എന്നാല്‍ കൂടുതല്‍ അംഗങ്ങള്‍ രാജിവച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് അഹമ്മദ് പട്ടേലിന്റെ വിജയം വലിയ വെല്ലുവിളിയായേക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ഈ വര്‍ഷം ഡിസംബറില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന ചോര്‍ച്ച ഗുജറാത്തില്‍ വീണ്ടും ബി.ജെ.പി ഭരണം പിടിക്കുമെന്ന സാഹചര്യത്തിനാണ് അരങ്ങൊരുങ്ങുന്നത്.
ശങ്കര്‍ സിങ് വഗേലയുടെ ബന്ധുവായ ബല്‍വന്ദ്‌സിങ് രജ്പുത്തിനാണ് സംസ്ഥാനത്തു നിന്നുള്ള മൂന്ന് സീറ്റുകളില്‍ ഒന്ന് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് നിമിഷങ്ങള്‍ക്കകമാണ് അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇദ്ദേഹവും 11 അനുയായികളും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് അനുകൂലമായാണ് വോട്ട് ചെയ്തിരുന്നത്.
എം.എല്‍.എമാരെ
പിടിച്ചത് കോടികള്‍
നല്‍കിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതിനു പിന്നില്‍ കോടികളുടെ ഇടപാടുകളുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്്‌വി. ഭരണഘടനയുടെ അന്തസത്ത അട്ടിമറിച്ചാണ് ബി.ജെ.പി സംസ്ഥാനത്ത് കുതിരക്കച്ചവടം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയായ പുനഭായ് ഗുമിതിന് 10 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്നും സിങ്്‌വി ആരോപിച്ചു.
അമിത്ഷാ, സ്മൃതി, അഹമ്മദ് പട്ടേല്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ബല്‍വിന്ദ്‌സിങ് രജ്പുത്ത് എന്നിവര്‍ ഇന്നലെ രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അടുത്ത മാസം എട്ടിനാണ് തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന രജ്പുത്ത്, സിദ്ധ്പൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഗുജറാത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്്‌ലോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."