നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി വലവിരിച്ച് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍
സുനി അല്‍ഹാദി#
കൊച്ചി: ഗള്‍ഫിലെ പ്രതിസന്ധി മുതലെടുക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും. പ്രതിസന്ധികാരണം മടങ്ങുന്ന വിദേശ മലയാളികളെ തങ്ങളുടെ സര്‍വിസ് ശൃംഖലയുടെ ഭാഗമാക്കാനാണ് പദ്ധതി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്തിടെ രൂപംകൊണ്ട സാമ്പത്തിക പ്രതിസന്ധികളും വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയും മറ്റും കാരണം നിരവധി മലയാളികള്‍ പ്രവാസ ജീവിതം മതിയാക്കി മടങ്ങുകയാണ്. ഇത്തരക്കാരെ, ദുബൈ, റിയാദ്,ദമാം എന്നിവിടങ്ങളിലെ പ്രവാസികൂട്ടായ്മകളുടെ സഹായത്തോടെ സമീപിച്ചാണ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ വാഗ്ദാനം നല്‍കുന്നത്.
ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് പ്രവര്‍ത്തിച്ചാല്‍ നല്ല വരുമാനം ലഭിക്കുമെന്ന് ഇവര്‍ നടത്തുന്ന ക്ലാസുകളില്‍ വിശദീകരിക്കുന്നു. പ്രവാസികള്‍ വാഹനം വാങ്ങുമ്പോള്‍ പതിനായിരം രൂപ ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം ബുക്ക് ചെയ്തുകഴിഞ്ഞ് റെസിപ്റ്റുമായി വന്നാല്‍ രൂപ തരാമെന്നാണ് വാഗ്ദാനമെങ്കിലും വാഹനത്തിന്റെ മുഴുവന്‍ തുകയും അടച്ചശേഷം തുക അക്കൗണ്ടില്‍ വീഴുന്ന രീതിയിലാണ് ക്രമീകരണം.
അതേസമയം, ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിലവിലുള്ള ഡ്രൈവര്‍മാര്‍തന്നെ പ്രതിസന്ധി നേരിടുകയാണെന്ന് കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ വര്‍ഗീസ് 'സുപ്രഭാത'ത്തോട് പറഞ്ഞു. ഊബര്‍, ഓലെ എന്നീ കമ്പനികളില്‍ പതിനായിരത്തോളം ടാക്്‌സികളാണ് എറണാകുളത്ത് മാത്രം അറ്റാച്ച് ചെയ്തിരിക്കുന്നത്. ഇതില്‍ നിരത്തിലുള്ളത് ഏഴായിരത്തോളം കാറുകള്‍ മാത്രമാണ്. നാല്‍പത് ശതമാനത്തോളം പേരും വാഹനങ്ങളുടെ സി.സി അടക്കാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ്. ഫൈനാന്‍സ് കമ്പനിക്ക് വാഹനം തിരിച്ചുകൊടുക്കാനൊരുങ്ങുകയാണിവരെന്നും ജാക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളത്തിനുപുറമെ തിരുവനന്തപുരം,കോഴിക്കോട്,തൃശൂര്‍ എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വിസ് നടത്തുന്നത്. ആദ്യകാലത്ത് ഡിവൈസ് ഓണാക്കി ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ പോലും പൈസ നല്‍കിയിരുന്നു. പിന്നീട് അഞ്ച് ട്രിപ്പ് എടുത്താല്‍ ആയിരം രൂപ എന്ന രീതിയിലായി. പിന്നീട് ഇതെല്ലാം കുറച്ചുകൊണ്ടുവരികയായിരുന്നു.ഇപ്പോള്‍ ഓടുന്ന തുകയുടെ 26ശതമാനം കമ്പനിക്ക് കമ്മിഷന്‍ കൊടുക്കേണ്ട അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ആദ്യമൊക്കെ നല്ല വരുമാനം ലഭിച്ചിരുന്നതിനാല്‍ വാടകയ്ക്ക് വീടെടുത്ത് കുടുംബത്തെ വരെ ഡ്രൈവര്‍മാര്‍ കൂടെകൂട്ടിയിരുന്നു. എന്നാല്‍ വരുമാനം കുറഞ്ഞതോടെ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞുവിട്ട് വാടകവീട് ഉപേക്ഷിച്ച് വാഹനത്തില്‍ അന്തിയുറങ്ങുകയാണ് ഇവര്‍. പ്രാഥമികകാര്യങ്ങള്‍ പോലും നടത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്.
അതേസമയം ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് നിര്‍ബന്ധമല്ലെന്ന നിയമം വന്നതോടെ ഇതരസംസ്ഥാനതൊഴിലാളികളായ ഡ്രൈവര്‍മാരെ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ കുറഞ്ഞകൂലിക്ക് നിയമിക്കാന്‍ ഒരുങ്ങിയെങ്കിലും മറ്റുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."