ഉഴുതുമറിച്ച വയലല്ല; ഇത് 'ദേശീയപാത'തന്നെ..!
ചെറുവത്തൂര്‍: പിലിക്കോട് ദേശീയപാതയുടെ അവസ്ഥ ഉഴുതുമറിച്ച വയലിനേക്കാള്‍ കഷ്ടം. പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമാണു മാസങ്ങള്‍ക്കു മുന്‍പ് ടാറിങ് പൂര്‍ത്തിയാക്കിയ റോഡ് തകര്‍ന്നത്.
കാലിക്കടവില്‍ ദേശീയപാതയുടെ വീതികൂട്ടല്‍ പ്രവൃത്തി നടന്നപ്പോഴാണ് അതിനു അനുബന്ധമായി ഇവിടെയും റോഡ് വീതി കൂട്ടിയത്. ഒരാഴ്ച തികയും മുമ്പ് തന്നെ കുഴികള്‍ രൂപപ്പെട്ടിരുന്നു. മഴ ശക്തമായതോടെ റോഡില്‍ വലിയ വാഹനങ്ങളുടെ ടയറുകളും താഴ്ന്നു തുടങ്ങി.
മഴ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് അശാസ്ത്രീയമായ രീതിയില്‍ റോഡ് നിര്‍മാണം നടത്തിയതാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്നാണ് ആരോപണം. ദേശീയ പാതയിലെ അപകട മേഖലയാണു സ്‌കൂളിനു മുന്നിലുള്ള വളവ്. റോഡ് തകര്‍ന്നതു കാരണം കുഴികള്‍ മറികടക്കാനുള്ള വാഹനങ്ങളുടെ ശ്രമം വലിയ അപകടം വിളിച്ചു വരുത്തുമോയെന്നാണ് ആശങ്ക.
ദേശീയപാതയില്‍ കാലിക്കടവ് മില്‍മ ബൂത്തിനു സമീപം വലിയ ഡിപ്പുകള്‍ രൂപപ്പെട്ടതും അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ കൊണ്ടു തന്നെ റീ ടാറിങ് നടത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."