ജയത്തോടെ ഇന്ത്യ തുടങ്ങി
ഭുവനേശ്വര്‍: ഒഡിഷയിലെ ഭുവനേശ്വറില്‍ 14മത് ഹോക്കി ലോകകപ്പിന് തുടക്കമായി. ആദ്യ മത്സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ വരവറിയിച്ചു.
10-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ മന്ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 12-ാം മിനുട്ടില്‍ ആകാശ്ദീപ് സിങ്, 43, 46 മിനുട്ടുകളില്‍ സിമ്രന്‍ജീത് സിങ്, 45ാം മിനുട്ടില്‍ ലളിത് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍നേടിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും അങ്ങേയറ്റത്തെ മികവു പുലര്‍ത്തിയ ഇന്ത്യന്‍ ടീമിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി.
ദക്ഷിണാഫ്രിക്കന്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തില്‍തട്ടി തകര്‍ന്നു. കാര്യമായ മുന്നേറ്റമുണ്ടണ്ടാക്കാന് ഇതോടെ അവര്‍ക്ക് കഴിഞ്ഞതുമില്ല. പുതുമുഖ താരങ്ങളെല്ലാം പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യയുടെ ജയം അനായാസമായത്. ഉദ്ഘാടന മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം കാനഡയെ 2-1 എന്ന സ്കോറിന് തോല്‍പ്പിച്ചിരുന്നു. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍തന്നെ ബെല്‍ജിയം ഫെലിക്സ് ഡെനയറിലൂടെ ലോകകപ്പിലെ ആദ്യ ഗോള്‍ നേടി. 22-ാം മിനുട്ടില്‍ തോമസ് ബ്രെയില്‍സ് രണ്ടണ്ടാം ഗോള്‍ നേടിയപ്പോള്‍ 48-ാം മിനുട്ടില്‍ മാര്‍ക്ക് പിയേഴ്സണിന്റെ വകയായിരുന്നു കാനഡയുടെ ആശ്വാസഗോള്‍. ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടുന്ന പൂള് സി യില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ മത്സരം അനായാസമാകും. തുടര്‍ന്നുള്ള മത്സരങ്ങളിലും മികച്ച വിജയം കൊയ്യാന്‍ ഇന്ത്യന്‍ ടീമിനാകും.
ഇതിനുള്ള ഒരുക്കങ്ങള്‍ ടീം നടത്തിയിട്ടുണ്ട്. പഠിച്ച പാഠങ്ങള്‍ അതുപോലെ ഗ്രൗണ്ടില്‍ നടപ്പിലാക്കാന്‍ സാധിച്ചു. തുടര്‍ന്നുള്ള മത്സരങ്ങളിലും ഇതാണ് പ്രതീക്ഷിക്കുന്നത്- പരിശീലകന് ഹരേന്ദ്ര സിങ് പറഞ്ഞു. ഡിസംബര്‍ രണ്ടിന് ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയവുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."