പറന്നുയര്‍ന്നത് സാങ്കേതിക തകരാറുകള്‍ പരിഹരിക്കാതെ
ജക്കാര്‍ത്ത: ഒക്ടോബര്‍ 29നു 189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യയുടെ ബോയിങ് 737 മാക്‌സ് വിമാനം പറക്കാന്‍ യോഗ്യമായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജക്കാര്‍ത്തയില്‍നിന്നു പറന്നുയര്‍ന്ന ഉടനെ ജാവ കടലിലായിരുന്നു വിമാനം തകര്‍ന്നുവീണത്.
അപകടത്തിനു മുന്‍പുണ്ടായിരുന്ന യാത്രയില്‍തന്നെ വിമാനത്തിനു സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ഇന്തോനേഷ്യന്‍ അന്വേഷണ ഏജന്‍സിയായ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റി (കെ.എന്‍.കെ.ടി) പുറത്തുവിട്ട പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തകരാറുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഇതു പരിഹരിക്കാതെ വിമാനം സര്‍വിസ് നടത്തി. തകര്‍ന്നുവീഴുന്നതിനു മുന്‍പു പൈലറ്റ് ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനം ഉപയോഗിച്ചിരുന്നില്ല. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ 20 തവണ താഴോട്ടു പോയി. തെറ്റായ സെന്‍സര്‍ കാരണം നിയന്ത്രണം നഷ്ടപ്പെട്ടെന്നും പൈലറ്റ് എന്തുകൊണ്ട് ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനം ഉപയോഗിച്ചില്ലെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍പത്തെ യാത്രയില്‍ സമാന പ്രശ്‌നമുണ്ടായപ്പോള്‍ പൈലറ്റ് ഈ സംവിധാനമുപയോഗിച്ചു സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നു. വിമാനത്തിന്റെ തകര്‍ച്ചക്ക് ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനം കാരണമായോയെന്നു വ്യക്തമല്ലെന്നും കെ.എന്‍.കെ.ടി തലവന്‍ നര്‍ക്കാഹു ഉട്ടോമു പറഞ്ഞു.
എന്നാല്‍, അപകടത്തിലേക്ക്‌നയിച്ച കാരണമെന്തെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡ് കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. അതിനാല്‍ വിമാനത്തിന് എന്താണ് സംഭവിച്ചതെന്നതില്‍ കൃത്യമായ തീരുമാനത്തിലെത്താനും അധികൃതര്‍ക്കു സാധ്യമല്ല.
അപകടത്തിന് ആരാണുത്തരവാദിയെന്നു മനസിലാക്കാനായി കാത്തിരിക്കുകയാണെന്ന് അപകടത്തില്‍ മരിച്ച റിനി സിയോജിയോനയുടെ സഹോദരി പറഞ്ഞു.
29നു പുലര്‍ച്ചെ 6.20നു ജക്കാര്‍ത്തയില്‍നിന്നു ബങ്കാ ദ്വീപിലെ പങ്കല്‍ പിനാങ്ക് നഗരത്തിലേക്കു പുറപ്പെട്ട ബോയിങ് 737 മാക്‌സ് 8 വിമാനമാണ് കടലില്‍ തകര്‍ന്നുവീണിരുന്നത്. പറന്നുയര്‍ന്ന് 13 മിനുട്ട് കഴിഞ്ഞപ്പോള്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
ഉടന്‍തന്നെ ആസ്‌ത്രേലിയന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം തേടിയെങ്കിലും വിമാനം കണ്ടെത്താനായില്ല. ജക്കാര്‍ത്ത തീരത്തുനിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നതു കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്തുനിന്നു പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചതോടെയാണ് കടലില്‍ തിരച്ചില്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."