'ക്ലാറ്റ് ' നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കീഴിലാക്കുന്നതിനോട് യോജിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ (ക്ലാറ്റ്) നടത്താനുള്ള അധികാരവും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു വിടുന്നതിനോടു യോജിച്ച് സുപ്രിംകോടതിയും. ദേശീയതലത്തിലുള്ള മറ്റു പ്രവേശന പരീക്ഷകള്‍ നടത്തുന്നതുപോലെ ക്ലാറ്റും ടെസ്റ്റിങ് ഏജന്‍സി നടത്തുന്നതു നല്ലതായിരിക്കുമെന്നും അത് ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകരമാകുമെന്നും ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
നാഷനല്‍ ലോ യൂനിവേഴ്‌സിറ്റികളുടെ കണ്‍സോഴ്ഷ്യത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് നരസിംഹയെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ചു പ്രത്യേക ഉത്തരവുകളൊന്നും കോടതി പുറപ്പെടുവിച്ചില്ല. ക്ലാറ്റ് പരീക്ഷ നടത്തുന്നതിനു സ്ഥിരം സമിതി രൂപീകരിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ വിദഗ്ധന്‍ ഷംനാദ് ബഷീര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ, ക്ലാറ്റ് പരീക്ഷകള്‍ നടത്തുന്നതിനായി രാജ്യത്തെ 21 ലോ യൂനിവേഴ്‌സിറ്റികളുടെ കണ്‍സോഴ്ഷ്യം പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നു നരസിംഹ കോടതിയെ അറിയിച്ചു.
പരീക്ഷ നടത്തുന്നതിന് ഉചിതമമായ ചട്ടക്കൂടും സംവിധാനവും തയാറാക്കുമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ഹരജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും സുഹൈബ് ഹുസൈനും ടെസ്റ്റിങ് ഏജന്‍സി തന്നെ ക്ലാറ്റ് നടത്തണമെന്നു വാദിച്ചു. ഇതോടെയാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിതന്നെ ക്ലാറ്റും നടത്തുന്നതിനോടു യോജിച്ച് കോടതി അഭിപ്രായപ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."