ഇന്ത്യന്‍ വരുതിയില്‍; ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 498 റണ്‍സ് ലീഡ്
ഗാല്ലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയില്‍. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യക്ക് 498 റണ്‍സ് ലീഡ് സ്വന്തമായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 600 റണ്‍സിന് പുറത്തായപ്പോള്‍ ശ്രീലങ്കയുടെ ചെറുത്ത് നില്‍പ്പ് 291 റണ്‍സില്‍ അവസാനിച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 76 റണ്‍സുമായി ക്യാപ്റ്റന്‍ കോഹ്‌ലി പുറത്താകാതെ നില്‍ക്കുന്നു. ഓപണര്‍ ശിഖര്‍ ധവാന്‍ (14), സഹ ഓപണര്‍ അഭിനവ് മുകുന്ദ് (81), ചേതേശ്വര്‍ പൂജാര (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
309 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരായ ധവാനേയും പൂജാരയേയും തുടക്കത്തില്‍ നഷ്ടമായി. എന്നാല്‍ ഒരറ്റം കാത്ത ഓപണര്‍ അഭിനവ് മുകുന്ദിന് കൂട്ടായി കോഹ്‌ലി എത്തിയതോടെ ഇന്ത്യ കാര്യങ്ങള്‍ വരുതിയിലാക്കി. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട ഇരുവരും രണ്ടാമിന്നിങ്‌സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഇടയ്ക്ക് മഴ പെയ്ത് മത്സരം ഒരു മണിക്കൂറോളം തടസപ്പെട്ടെങ്കിലും അതൊന്നും ഇന്ത്യയുടെ ബാറ്റിങിനെ കാര്യമായി ബാധിച്ചില്ല. കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മൂന്നാം ദിനം പൂര്‍ത്തിയാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അഭിനവ് മുകുന്ദ് 81 റണ്‍സില്‍ വീണു. പിന്നാലെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. അവസരങ്ങള്‍ കിട്ടിയിട്ടും കാര്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതിരുന്ന മുകുന്ദ് ഇത്തവണ പ്രായശ്ചിത്തം ചെയ്തു. 116 പന്തില്‍ എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം 81 റണ്‍സ് കണ്ടെത്തിയത്. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന മുകുന്ദിനെ ഗുണതിലക വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. കരിയറിലെ രണ്ടാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയും മികച്ച വ്യക്തിഗത സ്‌കോറുമാണ് മുകുന്ദ് സ്വന്തമാക്കിയത്. പുറത്താകാതെ നില്‍ക്കുന്ന കോഹ്‌ലി 114 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികളുമായി 76 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി- മുകുന്ദ് സഖ്യം 133 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ദില്‍റുവന്‍ പെരേര, ലഹിരു കുമാര, ഗുണതിലക എന്നിവര്‍ പങ്കിട്ടു.
നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ശ്രീലങ്കക്ക് ആഞ്ജലോ മാത്യൂസ്- ദില്‍റുവന്‍ പെരേര സഖ്യം മികച്ച ബാറ്റിങ് പുറത്തെടുത്തു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 205ല്‍ നില്‍ക്കേ മാത്യൂസിനെ മടക്കി ജഡേജയാണ് ഇന്ത്യക്ക് മൂന്നാം ദിനം ബ്രേക്ക് ത്രൂ നല്‍കിയത്. 130 പന്തില്‍ 11 ഫോറും ഒരു സിക്‌സും പറത്തി മാത്യൂസ് 83 റണ്‍സെടുത്തു. പിന്നീട് ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മറുഭാഗത്ത് പെരേര കീഴടങ്ങാതെ നിന്ന് സ്‌കോര്‍ 291ല്‍ എത്തിക്കുകയായിരുന്നു. 132 പന്തില്‍ 10 ഫോറും നാല് സിക്‌സും തൂക്കിയ പെരേര 92 റണ്‍സുമായി പുറത്താകാതെ നിന്നു. സെഞ്ച്വറിയിലേക്ക് എട്ട് റണ്‍സ് മാത്രമായിരുന്നു താരത്തിന് ആവശ്യം. എന്നാല്‍ പിന്തുണയ്ക്കാന്‍ ആളില്ലാതെ പെരേര നിസഹായനായി കൂടാരം കയറി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."