സുരക്ഷിതമാണോ തീരങ്ങള്‍ ?
ഗിരീഷ് കെ. നായര്‍#
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികമാണു കടന്നുപോയത്. 2008 നവംബര്‍ 26ന് പത്തംഗ പാക് ഭീകരസംഘം എ.കെ 47 തോക്കുകളും ഗ്രനേഡും ആര്‍.ഡി.എക്‌സുമായി നടത്തിയ ആക്രമണത്തില്‍ സ്വദേശികളും വിദേശികളും സുരക്ഷാഭടന്മാരുമുള്‍പ്പെടെ 166 പേര്‍ക്കു ജീവഹാനി സംഭവിച്ചു, 600 ലേറെ പേര്‍ക്കു പരുക്കേറ്റു. 58 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഒന്‍പത് ഭീകരന്മാരെ വകവരുത്തി. ഒരാളെ ജീവനോടെ പിടിച്ചു വിചാരണ ചെയ്ത് തൂക്കിലേറ്റി.
അന്ന്, ഒരു ഞെട്ടലോടെയാണു രാജ്യം തിരിച്ചറിഞ്ഞത്, നമ്മുടെ തീരമേഖലകള്‍ സുരക്ഷിതമല്ലെന്ന്. രാജ്യത്തിനകത്തു തീവ്രവാദികള്‍ തലപൊക്കുന്നത് അമര്‍ച്ച ചെയ്യുന്നതിനിടയിലും അതിര്‍ത്തിയില്‍ തക്കംപാര്‍ത്തിരിക്കുന്ന ശത്രുക്കളെ ചെറുക്കുമ്പോഴും നാം വിട്ടുപോയതാണു തീരസംരക്ഷണം. ആര്‍ക്കുമെപ്പോഴും അതിക്രമിച്ചു കടക്കാവുന്നതും സുരക്ഷാസേനയുടെ കണ്ണുവെട്ടിക്കാവുന്നതുമായ ഏറ്റവും നല്ല മാര്‍ഗമാണു തീരമേഖലയിലൂടെയുള്ള നുഴഞ്ഞുകയറ്റം. ഈ മേഖലയെ തീവ്രവാദികള്‍ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അതിലേക്ക് അധികൃതരുടെ ശ്രദ്ധയെത്താന്‍ വൈകിയതിന്റെ പരിണിതഫലമാണു മുംബൈയില്‍ കണ്ടത്.
തീരസുരക്ഷ
മുംബൈ ഭീകരാക്രമണത്തോടെയാണു തീരമേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യത്തെക്കുറിച്ച് ബോധ്യമായത്. മുംബൈ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തിലും താരതമ്യേന സുരക്ഷിതമെങ്കിലും പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ കടലാസിലുറങ്ങുന്നത് കാണാതിരുന്നുകൂടാ. ഇതു നമ്മുടെ സുരക്ഷയില്‍ പഴുതുകള്‍ തുറന്നിടുകയുമാണ്.
നമ്മുടെ തീരസുരക്ഷ ഒരുക്കുന്നതു ത്രിതല സംവിധാനത്തിലൂടെയാണ്. നാവികസേനയും തീരസംരക്ഷണസേനയും മറൈന്‍ പൊലിസുമാണ് ഇതിലുള്‍പ്പെടുന്നത്. ഇതില്‍ മറൈന്‍ പൊലിസ് അതതു സംസ്ഥാനങ്ങളുടെ കീഴിലാണ്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) ദൂരം മറൈന്‍ പൊലിസിന്റെ പരിധിയിലും സംരക്ഷണത്തിലുമാണ്. 12 നോട്ടിക്കല്‍ മൈലിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍ വരെ തീരസംരക്ഷണ സേനയാണു സുരക്ഷയൊരുക്കുന്നത്. 200 നോട്ടിക്കല്‍ മൈലിനപ്പുറം പൂര്‍ണമായും നാവികസേനയുടെ നിരീക്ഷണ സുരക്ഷയിലാണ്.
ഇന്ത്യന്‍ തീരം
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ തീരമേഖല രാഷ്ട്രീയ-സാമ്പത്തിക-മതമൗലിക പ്രശ്‌നങ്ങളുള്ള അയല്‍രാജ്യങ്ങളുടെ കണ്‍മുനയിലാണ്. ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്താനും ഇതില്‍പ്പെടുന്നു. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളും നാലു കേന്ദ്രഭരണപ്രദേശങ്ങളും കടല്‍ത്തീരമുള്ളവയാണ്. ഈ മേഖല ലോകത്തെ തിരക്കേറിയ സമുദ്രവാണിജ്യ ഗതാഗതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഇഴയുന്ന സുരക്ഷ
രാജ്യത്തിന്റെ അതിര്‍ത്തികളെന്ന നിലയില്‍ തീരമേഖലയില്‍ സുരക്ഷയൊരുക്കാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ മറന്നുപോയെന്നു പറഞ്ഞുകൂടാ. തീരസംരക്ഷണത്തിനും സുരക്ഷയ്ക്കുമായി തൊണ്ണൂറുകളുടെ തുടക്കത്തില്‍ രൂപപ്പെടുത്തിയ പദ്ധതികള്‍ ചുവപ്പുനാടകളില്‍ കുരുങ്ങി കടലാസില്‍ കിടപ്പായിരുന്നു. ആര്‍ജവമില്ലാത്തതിനാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിലുണ്ടായ കാലതാമസത്തിനു മുംബൈയിലെ ജീവനുകള്‍ ബലി കൊടുക്കേണ്ടിവന്നു.
മുംബൈ ആക്രമണം ഉണ്ടായതിന്റെ പിറ്റേവര്‍ഷം തീരമേഖലയിലാകെ തീരസംരക്ഷണ പൊലിസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി. യുദ്ധകാലാടിസ്ഥാനത്തില്‍ തീരമേഖലയിലുടനീളം റഡാര്‍ സ്റ്റേഷനുകള്‍ കമ്മിഷന്‍ ചെയ്തു. തീരസേനയ്ക്ക് ഇരുന്നൂറിലേറെ പുത്തന്‍ ബോട്ടുകള്‍ ലഭ്യമാക്കി. 60 ലേറെ ബോട്ടുജെട്ടികള്‍ ക്രമീകരിച്ച് ഏതു സാഹചര്യം നേരിടാനും ആയുധനീക്കം നടത്താനും സുരക്ഷാസേനയെ സജ്ജമാക്കി. ഇതൊക്കെ ഇല്ലാതിരുന്ന കാലത്തെ ആക്രമണം സ്വാഭാവികമെന്നു കരുതാം. എന്നാല്‍, ഒന്നോര്‍ക്കേണ്ടതുണ്ട്. സുരക്ഷ ആധുനികമാകുന്ന മുറയ്ക്കു തീവ്രവാദത്തിന്റെ ആക്രമണസ്വഭാവത്തിനും മാറ്റം സംഭവിക്കുന്നുണ്ട്. അതിനെ നേരിടാന്‍ ഇതൊക്കെ മതിയോ.
സുരക്ഷ കൂട്ടേണ്ട സമയം
തീരമേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗള്‍ഫ് മേഖലകളിലും അയല്‍രാജ്യങ്ങളിലും യുദ്ധസാഹചര്യവും കലാപവും ലഹളയും വിപ്ലവവും ഉണ്ടാകുമ്പോള്‍ അതില്‍ ഏറെ വിയര്‍ക്കേണ്ടിവരുന്നതു നമ്മുടെ രാജ്യമാണ്. അനധികൃത കുടിയേറ്റവും ഇതിന്റെ പരിണിതഫലമായി നടക്കുന്നു. ഇതൊക്കെ നേരിടാന്‍ ഈ സുരക്ഷ മതിയാവില്ല. തീരമേഖലയിലെ സുരക്ഷ ആധുനികവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീണ്ടും മന്ദഗതിയിലാണ്.
1834 ഓഫിസര്‍മാരുള്‍പ്പെടെ 12,000 ലധികം പേരടങ്ങുന്ന തീരസംരക്ഷണ സേനയുടെ വശം നിലവില്‍ 136 സര്‍ഫേസ് പ്ലാറ്റ്‌ഫോമുകളും 61 പട്രോള്‍ ബോട്ടുകളും 57 ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും 18 ഹോവര്‍ക്രാഫ്റ്റുകളും 39 ഡോണിയര്‍ വിമാനങ്ങളും 19 ചേതക് ഹെലികോപ്ടറുകളും അത്യന്താധുനികങ്ങളായ നാല് ധ്രുവ് ഹെലികോപ്ടറുകളും ഉണ്ട്.
സേനയ്ക്ക് 190 കപ്പലുകളും 100 വിമാനങ്ങളും ആവശ്യമുണ്ട്. 2023 ആകുമ്പോഴേക്കും ഇവ ലഭ്യമാകണം. മാത്രമല്ല, അടുത്ത 15 വര്‍ഷത്തേക്ക് (2017-2032) രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതികളാണു തീരസേന നടപ്പാക്കാനുദ്ദേശിക്കുന്നത്.
തീരസുരക്ഷയുടെ രണ്ടാംഘട്ടത്തില്‍ (കോസ്റ്റല്‍ സര്‍വെയ്‌ലന്‍സ് നെറ്റ് വര്‍ക്ക്-സി.എസ്.എന്‍) ശക്തമാക്കുന്നതിലേക്കായി സ്റ്റാറ്റിക് റഡാറുകളും ഇലക്ട്രോ ഒപ്ടിക് സെന്‍സറുകളുമുള്ള 38 സ്റ്റേഷനുകളും സഞ്ചരിക്കുന്ന നാലു സര്‍വെയ്‌ലന്‍സ് സ്റ്റേഷനുകളും വെസല്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (വി.ടി.എം.എസ്) 13 റഡാര്‍ സ്റ്റേഷനുകളുടെ ഏകോപനവും 2019ല്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ്.ഒന്നാംഘട്ടത്തില്‍ 600 കോടി മുടക്കി തീരങ്ങളില്‍ മുപ്പത്താറും ലക്ഷദ്വീപില്‍ ആറും ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ നാലും റഡാര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചെങ്കിലും ഏറെ വൈകിയാണു പ്രവര്‍ത്തനമാരംഭിച്ചത്.
വര്‍ഷാവര്‍ഷം പ്രതിരോധ ബജറ്റില്‍ നീക്കിവയ്ക്കുന്ന തുച്ഛമായ തുക അപര്യാപ്തമാണെന്നതിനാല്‍ തീരസേനയുടെ ആവശ്യം സാക്ഷാല്‍ക്കരിക്കപ്പെടുകയില്ല. ഇതു ഗുരുതരമായ സ്ഥിതിയിലേയ്ക്കാണു വിരല്‍ചൂണ്ടുന്നത്.
മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം
2014 ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ മുംബൈ ആക്രമണത്തെ മനസില്‍ക്കണ്ടു പ്രഖ്യാപിച്ച പദ്ധതിയാണു നാഷനല്‍ മാരിടൈം അതോറിറ്റി (എന്‍.എം.എ). 15 സമുദ്രസുരക്ഷാ ഏജന്‍സികളെ ഏകോപിപ്പിക്കുന്ന ഈ പദ്ധതി ഇന്നും വെളിച്ചം കണ്ടിട്ടില്ലെന്നതു ഗൗരവമായി ആലോചിക്കേണ്ടതാണ്. ഈ പദ്ധതി നടപ്പാക്കുന്നതിലേക്കായി കോസ്റ്റല്‍ സെക്യൂരിറ്റി ബില്‍ അവതരിപ്പിക്കാന്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഈ ബില്‍ പാസാക്കിയെടുക്കുന്നതുപോകട്ടെ ഇതില്‍ ചര്‍ച്ച പോലും നടന്നിട്ടില്ല.രാജ്യത്ത് മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ രണ്ടുലക്ഷത്തിലധികം ബോട്ടുകള്‍ക്കും ഇനിയും തിരിച്ചറിയാനുള്ള സുരക്ഷാടാഗുകള്‍ (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം-എ.ഐ.എസ്) ഏര്‍പ്പെടുത്തിയിട്ടില്ല. ഈ ബോട്ടുകളെ തിരിച്ചറിയാനും കണ്ടെത്താനും ഗതി പരിശോധിക്കാനും കഴിയാത്ത സ്ഥിതി തുടരുകയാണ്. തട്ടിയെടുത്ത മീന്‍പിടിത്ത ബോട്ടിലാണ് മുംബൈ ആക്രമണം നടത്തിയ ഭീകരന്മാര്‍ മുംബൈ തീരത്തെത്തിയതെന്നു കണ്ടെത്തിയതിനാല്‍ ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ചയ്ക്കു രാജ്യം കനത്ത വില നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."