അരങ്ങ് വാഴുന്ന ഉത്തേജക മരുന്നും അഴിമതിയും
'ഞാന്‍ ഇന്ത്യയിലേക്ക് വരാതിരുന്നത് എത്ര നന്നായി'... ദീര്‍ഘദൂര നടത്തതില്‍ രണ്ട് തവണ ഒളിംപിക് ജേതാവും ലോകോത്തര പരിശീലകനുമായ ആസ്‌ത്രേലിയന്‍ സ്വദേശി ഡേവ് സ്മിത്ത് ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്. ഇന്ത്യന്‍ കായിക താരങ്ങള്‍ മരുന്നടിച്ചതിന് പിടിക്കപ്പെട്ട വേളയിലായിരുന്നു സ്മിത്തിന്റെ പ്രതികരണം. രാജ്യത്തെ ദീര്‍ഘദൂര നടത്ത താരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ഡേവ് സ്മിത്തിനെ കൊണ്ടു വരാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ലക്ഷ്യമിട്ടു. സ്മിത്ത് ഇന്ത്യയിലേക്കു വരാനും തയ്യാറായി. റിയോ ഒളിംപിക്‌സ് 20 കിലോ മീറ്റര്‍ നടത്തത്തിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ പുത്രന്‍ ഡാന്‍ ബേഡ് സ്മിത്തിനെ സ്വന്തം ചെലവില്‍ ഇന്ത്യയില്‍ എത്തിച്ച് കൂടെ നിര്‍ത്തി പരിശീലിപ്പിക്കാനും തീരുമാനമായി. കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായിരുന്നു സ്മിത്തുമായുള്ള ചര്‍ച്ചയും ധാരണയും രൂപപ്പെട്ടത്. എന്നാല്‍, സ്മിത്ത് വന്നില്ല. റഷ്യന്‍ പരിശീലകര്‍ അടക്കി വാഴുന്ന ഇന്ത്യന്‍ കളിക്കളത്തിലേക്ക് വന്ന് ദുഷ്‌പേര് സമ്പാദിക്കാന്‍ സ്മിത്ത് തയ്യാറായില്ല. നിലവിലെ റഷ്യന്‍ പരിശീലകന്‍ അലക്‌സാണ്ടറെ ഒഴിവാക്കാന്‍ എ.എഫ്.ഐക്കും മനസില്ല. നഷ്ടം ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം. ഉത്തേജക മരുന്നുപയോഗത്തിലെ റഷ്യയുടെ കുപ്രസിദ്ധിയാണ് പാശ്ചാത്യ പരിശീലകരുടെ ഇന്ത്യന്‍ വിരക്തിക്ക് കാരണം.
സംശയാസ്പദ വിദേശ ബന്ധം
ലണ്ടന്‍ വഴിയാണ് വിദേശ പരിശീലകര്‍ക്കായി ലേലം വിളി നടക്കുന്നത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തരേന്ത്യക്കാരനാണ് ഇടനിലക്കാരന്‍. ചര്‍ച്ചയും വില പേശലും കരാര്‍ ഉറപ്പിക്കലും എല്ലാം ലണ്ടനില്‍ തന്നെ. ഡോളറിലാണ് കച്ചവടം. കരാര്‍ ഉറപ്പിക്കുന്ന തുകയുടെ ശതമാന കണക്കില്‍ ഫെഡറേഷനിലെ ഉന്നതര്‍ക്കും ഇടനിലകാരനും കമ്മിഷന്‍ കിട്ടുമെന്നത് പരസ്യമായ രഹസ്യം. യു.എസ്.എസ്.ആറിന്റെ തകര്‍ച്ചയോടെ റഷ്യയിലും ഉക്രൈനിലും പരിശീലകര്‍ വലിയ സാമ്പത്തിക തിരിച്ചടിയാണ് നേരിട്ടത്. ഇന്ത്യയാണ് അവരുടെ പറുദീസ. കമ്മിഷന്‍ കൊടുത്താലും കുടുംബത്തോടൊപ്പം രാജകീയമായി ഇന്ത്യയില്‍ കഴിയാം. കമ്മിഷന്‍ ചാകരയില്‍ ഗോസായിമാര്‍ക്കും പെരുത്ത് സന്തോഷം. വിദേശ പരിശീലകരിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് കിട്ടിയ നേട്ടങ്ങള്‍ വട്ട പൂജ്യം. ദീര്‍ഘദൂര ട്രാക്കില്‍ ഉക്രൈന്‍കാരനായ നിക്കോളായ് സ്‌നെസരേവ എന്ന വിദേശ പരിശീലകനുണ്ട്. റിയോ ഒളിംപിക്‌സ് മാരത്തണില്‍ ഒ.പി ജെയ്ഷയ്ക്ക് വെള്ളം കൊടുക്കാതെ വീഴ്ത്തിയ പരാതിയിലെ 'മുഖ്യപ്രതി'. ഫെഡറേഷന്റെ വിരട്ടലില്‍ ജെയ്ഷ മയപ്പെട്ടതോടെ നിക്കോളായ് ഇപ്പോഴും സുഖമായ് വാഴുന്നു. 10 ലക്ഷത്തോളമാണ് നിക്കോളായുടെയും ഭാര്യയുടെയും പ്രതിമാസ പ്രതിഫലം. ഭാര്യയുടെ പണി തിരുമ്മലാണ്. പരിശീലിപ്പിക്കുന്നത് രണ്ട് താരങ്ങളെ മാത്രം. അതും 30 വയസിന് മുകളില്‍ പ്രായമായ താരങ്ങള്‍. ഒരു പിന്‍തലമുറയെയും കണ്ടെത്താന്‍ നിക്കോളായ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
റഷ്യ അല്ലേല്‍ രക്ഷയില്ല
മികച്ച വിദേശ പരിശീലകരോട് ഫെഡറേഷന് എന്നും വൈമുഖ്യമാണ്. അതിന്റെ തെളിവാണ് ജംപിങ് കോച്ച് റൊമാനിയക്കാരന്‍ ബെഡ്രോസ് ബെഡ്രോസിയന്‍. മലയാളി താരം മയൂഖ ജോണിയുടെയും അങ്കിത് ശര്‍മയുടെയും ഒക്കെ പരിശീലകനാണ് ബെഡ്രോസിയന്‍. താരങ്ങളുടെ പ്രകടന മികവ് വര്‍ധിപ്പിച്ചിട്ടും റിയോ ഒളിംപിക്‌സിന് പിന്നാലെ ബെഡ്രോസിയന്റെ കരാര്‍ പുതുക്കിയില്ല. ബെഡ്രോസിയന്‍ ഒമാനിലേക്ക് കളം മാറി. ഇതോടെ താരങ്ങള്‍ക്ക് മികച്ച പരിശീലനവും നഷ്ടമായി. ഒടുവില്‍ അങ്കിത് ശര്‍മ അടക്കം ഫെഡറേഷന്റെ അനുമതി വാങ്ങി ഒമാനിലേക്ക് പരിശീലനത്തിന് പറന്നു. ഇതിലൂടെ ഒഴുകിയത് ലക്ഷങ്ങളാണ്. ഒടുവില്‍ കരാര്‍ പുതുക്കി നല്‍കി ബെഡ്രോസിയനെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് തുടങ്ങിയ സമയത്ത് ഇന്ത്യയില്‍ എത്തിച്ചു. കഴിഞ്ഞ നവംബറില്‍ ദേശീയ ക്യാംപ് തുടങ്ങിയതാണ്. റഷ്യക്കാരെ കാത്തിരുന്ന് കിട്ടാതെ വന്നപ്പോള്‍ പിന്നെ ബെഡ്രോസിയനില്‍ തന്നെ അഭയം തേടി.
നമുക്കൊരു റഷ്യക്കാരനായ ത്രോയിങ് കോച്ചുണ്ട്. പേര് യൂറി മിനക്കോവ്. യൂറിയുടെ പരിശീലനത്തില്‍ എത്ര പേര്‍ ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടിയെന്ന് മാത്രം ചോദിക്കരുത്. വിദേശ പരിശീലകരെ തിരഞ്ഞെടുക്കുന്നതിലെ ഫെഡറേഷന്റെ മാനദണ്ഡം എന്ത്. കായിക രംഗത്തെ ആര്‍ക്കുമറിയില്ല. ഒരു മാനദണ്ഡവും ഇല്ലെന്നതാണ് വാസ്തവം. പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളില്‍ നിന്നും റഷ്യയില്‍ നിന്നും വരുന്ന പരിശീലകരെ കുറിച്ച് ഒരു വിവരവും ഗൂഗിളില്‍ പോലും തിരഞ്ഞാല്‍ കിട്ടില്ല. പഴഞ്ചന്‍ പരിശീലന തന്ത്രവും ഉത്തേജക മരുന്ന് പ്രയോഗവുമാണ് ഇവരുടെ കൈമുതല്‍.
ഉത്തേജകത്തില്‍ ഗ്രേറ്റ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ്
രാജ്യത്ത് ഉത്തേജക മരുന്നടിയുടെ പേരില്‍ കായിക രംഗത്ത് നിന്ന് പിടിക്കപ്പെടുന്നവരില്‍ 70 ശതമാനവും അത്‌ലറ്റിക്‌സില്‍ നിന്നാണ്. നാഡയുടെ പിടിയിലായി 2009 മുതല്‍ 2016 വരെ വിലക്ക് നേരിട്ടത് 266 കായിക താരങ്ങള്‍. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ ഉത്തേജക മരുന്നടിയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. റഷ്യയും തുര്‍ക്കിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 2017ല്‍ നിരവധി താരങ്ങളാണ് ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. അടുത്തിടെ മലയാളി താരം ജിതിന്‍ പോളും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് പിന്നാലെ ഷോട് പുട്ട് താരം മന്‍പ്രീത് കൗറും പിടിയിലായി. പട്യാല ക്യാംപിലെ ജിതിന്‍ പോളിന്റെ മുറിയില്‍ നിന്ന് ഉത്തേജക മരുന്നുകള്‍ പിടികൂടി. ഇവര്‍ക്കും വിലക്ക് വന്നു. ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ ഗ്രസിച്ചിരിക്കുന്ന മരുന്നടിയുടെ നേര്‍ സാക്ഷ്യങ്ങളാണിത്.
(തുടരും)
ഇന്ത്യയില്‍ വാഡയുടെ ചാരക്കണ്ണുകള്‍
റഷ്യയാണ് ഉത്തേജക ഉപയോഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. റഷ്യയില്‍ നിന്ന് കൂടുതല്‍ പരിശീലകര്‍ ഇന്ത്യയിലേക്ക് കുടിയേറി. മരുന്നടിയില്‍ മൂന്നാം സ്ഥാനവും കിട്ടി. ഇതോടെ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ ഇന്റലിജന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇന്ത്യന്‍ കായിക രംഗം. നാഡ വഴിയുള്ള ഉത്തേജക പരിശോധന പണം കൊടുത്ത് അട്ടിമറിക്കുന്നു എന്ന ആരോപണവും ശക്തമാണ്.
2010ല്‍ 4-400 മീറ്ററിലെ ഇന്ത്യന്‍ വനിതാ റിലേ സംഘം മരുന്നടിക്ക് പിടിയിലായിരുന്നു. രണ്ട് വര്‍ഷത്തെ വിലക്കും നേടി. അന്ന് റഷ്യന്‍ വംശജനായ ഉക്രൈന്‍കാരന്‍ യൂറി ഒഗറോഡ്‌നിക് ആയിരുന്നു പരിശീലകന്‍. എന്നാല്‍, ന്യായവും നീതിയും നോക്കാതെ യൂറി പരിശീലകനായി തിരിച്ചു വന്നു. 80 വയസ് പിന്നിട്ട യൂറിയെ വീണ്ടും പരിശീലകനാക്കാനുള്ള ഫെഡറേഷന്‍ ശ്രമം സായിയുടെ കടുംപിടുത്തത്തില്‍ തകര്‍ന്നു.
റഷ്യന്‍ പരിശീലകരുടെ സാമീപ്യം ഏറിയതോടെയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഉത്തജേക മരുന്നിന്റെ രൂക്ഷ ഗന്ധം വമിച്ചു തുടങ്ങിയത്. താരങ്ങളെ ഞെക്കി പഴുപ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞതോടെ വാഡയുടെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയത്. ജാഗ്രതയില്ലാത്ത അത്‌ലറ്റിക് ഫെഡറേഷന്റെ പ്രവര്‍ത്തി ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ കൊണ്ടു ചെന്നെത്തിക്കുക റഷ്യയുടെ അവസ്ഥയിലേക്കാകും. റഷ്യ നേരിട്ടതു പോലെ ഒരു സമ്പൂര്‍ണ നിരോധം. അത് സംഭവിക്കാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."