ക്യാ ബാത് ഹൈ യേ, മന്‍കി ബാത്
എന്‍. അബു#
ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ അവകാശപ്പെടുന്ന ഒരു കഥ വര്‍ഷങ്ങളായി മലയാള ഭാഷയില്‍ കേട്ടറിവുള്ളതാണ്. ഇന്നിപ്പോള്‍ നമ്മുടെ മഹാനായ പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരത്തിലൊരവകാശവാദവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 'മന്‍കി ബാത്ത് ' എന്ന പേരില്‍ തന്റെ മനസ്സ് തുറക്കുന്നുവെന്ന അര്‍ഥത്തില്‍ ആകാശവാണിയിലൂടെ അദ്ദേഹം മാസന്തോറും നടത്തിവരുന്ന ഹൃദയസല്ലാപത്തിന്റെ അമ്പതാം പ്രക്ഷേപണാവസരത്തിലാണ് ഇക്കഴിഞ്ഞ മാസം മോദി ഈ അവകാശവാദം ഉന്നയിച്ചത്.
ശബ്ദം തന്റേതാണെങ്കിലും ജനങ്ങളാണു സംസാരിക്കുന്നതെന്നു പറഞ്ഞ് ജനകോടികളെ കൈയിലെടുക്കാന്‍ വാഗ്വിലാസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആളെപ്പോലെ മോദി പറയുന്നു. 2014 ഒക്ടോബറിലെ വിജയദശമി ദിനത്തില്‍ താന്‍ ആരംഭിച്ച പ്രക്ഷേപണ പരിപാടി ആകാശവാണിയെ നാട്ടിലെ ഏറ്റവും വലിയ മാധ്യമമാക്കി മാറ്റിയിരിക്കുകയാണെന്നാണു മോദിയുടെ അവകാശവാദം. അതായത്, ആകാശവാണി ആളുകള്‍ കേള്‍ക്കുന്നതു തന്നെ തന്റെ മന്‍കി ബാത്ത് ഉള്ളതുകൊണ്ടാണെന്ന്.
ആകാശവാണി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 31,480 പേരില്‍ 61 ശതമാനവും സാമൂഹ്യക്ഷേമപദ്ധതിയില്‍ താല്‍പ്പര്യം പ്രകടമാക്കിയെന്നു പ്രധാനമന്ത്രി പറയുന്നു. ശുചിത്വഭാരതം എന്ന തന്റെ മുദ്രാവാക്യം ജനമനസ്സുകളില്‍ ആണ്ടിറങ്ങിക്കഴിഞ്ഞിരിക്കുന്നു. അടുത്ത ഗാന്ധിജയന്തിയോടെ വെളിയിലുള്ള വിസര്‍ജനം ഭാരതമൊട്ടുക്കും ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്.
അപ്പോഴും കശ്മിര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന 63,327 കിലോമീറ്റര്‍ റെയില്‍പ്പാതയില്‍ രാപ്പകല്‍ മലമൂത്ര വിസര്‍ജനം നടക്കുന്നുണ്ടെന്നത് അദ്ദേഹം മനഃപൂര്‍വം മറക്കുന്നു, അതല്ലെങ്കില്‍ ആ രീതി എങ്ങനെ ഉന്മൂലനം ചെയ്യുമെന്നു പറയാതിരിക്കുന്നു.
ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചത് 1993ലാണ്. എന്നിട്ടും അത് അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജസ്ഥാനിലെ ബി.ജെ.പി മന്ത്രി ശംഭുസിങ് ഖത്രസര്‍ അജ്മീറിലെ പൊതുയോഗത്തിനിടയില്‍ പൊതുസ്ഥലത്തെ മൂത്രമൊഴിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെപ്പറ്റി ആരും പ്രതികരിച്ചില്ല. മോദി മന്ത്രിസഭയിലെ തന്നെ അംഗമായ കൃഷി മന്ത്രി രാധാ മോഹന്‍സിങ് ബിഹാര്‍ പര്യടന വേളയില്‍ മോത്തിഹരിയില്‍ നടത്തിയതും ഇത്തരമൊരഭ്യാസമായിരുന്നു.
വ്യക്തിപരമോ രാഷ്ട്രീയ സംബന്ധിയായോ ഉള്ള ഒരു ചോദ്യവും അംഗീകരിക്കില്ല എന്നു തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ച മോദി അമ്പതാമത്തെ 'മന്‍കി ബാത്തിലും' ആ തീരുമാനം ലംഘിച്ചില്ല. മോദിയുടെ ജാതിയെ കുറിച്ചു ചോദിക്കുന്ന സി.പി ജോഷി എന്ന കോണ്‍ഗ്രസുകാരനും മോദിയുടെ പിതാവ് ആരാണെന്ന് ആരായുന്ന വിലാസ് റാവു മുത്തംവാര്‍ എന്ന മുന്‍കേന്ദ്ര മന്ത്രിയും നിരാശരായിക്കാണണം.
എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്താന്‍ പത്രസമ്മേളനങ്ങള്‍ പോലും മാറ്റിനിര്‍ത്താറുള്ള മോദി തെരഞ്ഞെടുപ്പ് യോഗത്തില്‍ ചുട്ട മറുപടി നല്‍കുന്നുണ്ട്. മുപ്പത് വര്‍ഷം മുമ്പ് മരിച്ച തന്റെ പിതാവിനെയും എന്നും വീട്ടിലെ മുറിയില്‍ പൂജയും പ്രാര്‍ഥനയുമായി ഒതുങ്ങിക്കഴിയുന്ന തന്റെ മാതാവിനെയും എന്തിനാണ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ് ആ അറുപത്തെട്ടുകാരന്റെ മറുചോദ്യം.
മോദിയുടെ ഈ പ്രതിമാസ പരിപാടി ജനഹൃദയങ്ങളെ കുറേയൊക്കെ സ്വാധീനിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ലാതില്ല. അക്കാരണത്താലാണല്ലോ തെരഞ്ഞെടുപ്പ് കാലത്ത് ഈ പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായിത്തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയതും.
മോദിയുടെ മുന്‍ഗാമിയായ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കെ നടത്തിയ ഒരു പ്രക്ഷേപണപ്രസംഗം, ഒരു ഗ്രാമീണന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് 'അങ്ങനെയൊരു പരിപാടി എനിക്കും നടത്താമല്ലോ' എന്ന മോഹം മോദിയുടെ മനസ്സിലുദിച്ചത്. അങ്ങനെയാണു മന്‍ കി ബാത്ത് ആരംഭിച്ചതെന്നു മോദി തന്നെ പറയുന്നുമുണ്ട്.
എന്നാല്‍, അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രദ്ധിക്കാറുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറയുന്നത് അതു 'മന്‍കി ബാത്ത'ല്ല 'ജൂട്ടി ബാത്തേന്‍' (വ്യാജ പ്രസ്താവന) ആണെന്നാണ്.
'ബേഠി ബച്ചാവോ, ബേഠി പഠാവോ' പരിപാടി വിജയിക്കുന്നുണ്ടെന്നും 'മന്‍കി ബാത്ത്' പരിപാടി കേട്ടു യുവതലമുറ വിദ്യാഭ്യാസകാര്യത്തിലും ചെറുപ്പക്കാര്‍ കായികരംഗത്തും കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മോദി പറഞ്ഞാലും അത് എല്ലാവര്‍ക്കും അംഗീകരിക്കാനാവില്ലല്ലോ. ഒരുപക്ഷേ നികുതികള്‍ ഏകീകരിച്ചു ചരക്കുസേവന നികുതി നടപ്പാക്കിയതു മാതൃകാപരവും ഭൂരിപക്ഷ പിന്തുണ ലഭിച്ചതുമായ കാര്യമാവാം. എന്നാല്‍, പ്രധാനമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ ഓഫിസ് പോലും പല കാര്യങ്ങളും ഒളിപ്പിച്ചുവയ്ക്കുന്നുണ്ടെന്നാണു പൊതുസംസാരം.
നോട്ടുനിരോധം സാര്‍വലൗകിക നേട്ടമാണെന്നു പറയുമ്പോഴും വിദേശത്തുനിന്നും കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കു പോലും പുറത്തു പറയാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയാറല്ല. വിവരാവകാശനിയമ പ്രകാരം സഞ്ജയ് ചതുര്‍വേദിയെന്ന ബ്രാഹ്മണന്‍ നല്‍കിയ അപേക്ഷയ്ക്കള്ള മറുപടിയിലാണു കേന്ദ്രഗവണ്‍മെന്റ് ഈ നിലപാട് വെളിപ്പെടുത്തിയത്. പ്രത്യേകാന്വേഷണവിഭാഗമായ എസ്.ഐ.ടിയുടെ അന്വേഷണം നടക്കുന്നതിനാല്‍ ഇതു വെളിപ്പെടുത്താന്‍ വയ്യെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റേത്.
നിര്‍മല്‍ ഭാരത് അഭിയാനെന്ന പേരില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിവച്ച പരിപാടി 'ശുചിത്വം തന്നെ സേവനം' (സ്വച്ഛതാ ഹി സേവ) എന്ന പേരില്‍ ഏറ്റെടുത്തയാളാണു മോദി. വിഡിയോയിലൂടെ മിക്ക മുഖ്യമന്ത്രിമാരുമായും അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, പട്‌നാ ഗുരുദ്വാരയിലെ സിഖ് മതമേധാവി, അജ്മീര്‍ ദര്‍ഗയിലെ ഇസ്‌ലാം പണ്ഡിതന്‍, വ്യവസായപ്രമുഖനായ രത്തന്‍ ടാറ്റ, ചലച്ചിത്ര സൂപ്പര്‍ താരമായ അമിതാഭ് ബച്ചന്‍ തുടങ്ങിയവരുമായും സംവദിച്ച ശേഷമായിരുന്നു തുടക്കം.സ്വച്ച് ഭാരത് മിഷന്റെ തുടക്കം ഗംഭീരമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ വെളിയിലുള്ള വിസര്‍ജനത്തില്‍ നിന്നു നാടും നാട്ടാരും കരകയറുന്നുണ്ടെന്ന സ്ഥിതിവിവരക്കണക്കുകളുമുണ്ടായി. എന്നാല്‍, ഇന്നും കോടിക്കണക്കിനാളുകള്‍ ശൗചാലയങ്ങളില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതു യാഥാര്‍ഥ്യം. ഇത്തരം ഹതഭാഗ്യരുടെ എണ്ണം പല രാജ്യങ്ങളുടെയും മൊത്തം ജനസംഖ്യയേക്കാളേറെ വരും. മനുഷ്യവിസര്‍ജനമടക്കമുള്ള മാലിന്യം തലയിലേറ്റാന്‍ വിധിക്കപ്പെട്ടു രോഗഗ്രസ്തരായി മരിച്ചവരുടെ എണ്ണം 2017ല്‍ 300 ലേറെയാണെന്നു ലോക്‌സഭയില്‍തന്നെ വെളിപ്പെടുത്തപ്പെട്ടു.
കെട്ടിക്കിടക്കുന്ന മനുഷ്യവിസര്‍ജനമടക്കുളള മാലിന്യങ്ങള്‍ നീക്കാന്‍ പതിറ്റാണ്ടുകളായി വിധിക്കപ്പെട്ട ഹതഭാഗ്യരുടെയും മലിനവായു ശ്വസിച്ചു മരിക്കുന്നവരുടെയും കണക്ക് ആരും ചോദിച്ചില്ല, ആരും പറഞ്ഞുമില്ല. എന്നാല്‍, നാഷനല്‍ കമ്മിഷന്‍ ഫോര്‍ സഫായ് കരം ചാരിറ്റി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്, കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇങ്ങനെ 630 പേര്‍ മരിച്ചുവെന്നാണ്. ഓടയും കക്കൂസ് ടാങ്കും വൃത്തിയാക്കാന്‍ വിധിക്കപ്പെട്ട തോട്ടിപ്പണിക്കാരില്‍ ഒരാള്‍ വീതം ഓരോ അഞ്ചു ദിവസത്തിനിടയിലും മരിക്കുന്നുവെന്നാണു കണക്ക്. കൈയുറ പോലും ധരിക്കാന്‍ കിട്ടാതെയാണ് അവര്‍ക്ക് പണി ചെയ്യേണ്ടിവരുന്നത്.
മന്‍കി ബാത്തില്‍ രാഷ്ട്രീയം പറയുന്നില്ലെന്നു പറയുമ്പോഴും തെരഞ്ഞെടുപ്പുകള്‍ ഒന്നിനുപിറകെ മറ്റൊന്നായി വരുമ്പോള്‍ ഇത്തരം സുവിശേഷപ്രസംഗങ്ങള്‍ ഇന്ദ്രപ്രസ്ഥം തുടര്‍ന്നും ഭരിക്കാന്‍ മോദിയെ തുണയ്ക്കുമോ എന്നതാണു കാതലായ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."