മലയിറങ്ങി വന്ന വിശ്വാസം
അന്‍സാര്‍ മുഹമ്മദ്#
വിശ്വാസപ്രശ്‌നം ഇന്നലെ ശബരിമലയിറങ്ങി നിയമസഭയിലെത്തി. ആരാണ് വിശ്വാസികള്‍, ആരാണ് അവിശ്വാസികള്‍ എന്ന ചോദ്യം നടുത്തളത്തില്‍ മുഴങ്ങി. ഇരുപക്ഷവും തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ഊന്നിപ്പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കി അവിശ്വാസികളുടെ നിലപാടുകള്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണു മുഖ്യമന്ത്രിയെന്നു പ്രതിപക്ഷമാരോപിച്ചപ്പോള്‍ വിശ്വാസികള്‍ക്കു ശബരിമലയില്‍ സുഖദര്‍ശന സൗകര്യവും സുരക്ഷയും ഒരുക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നു സര്‍ക്കാര്‍ വാദിച്ചു.
ഇരുപക്ഷവും വിശ്വാസികള്‍ക്കു വേണ്ടി ഘോരഘോരം പ്രസംഗിച്ചു. കോണ്‍ഗ്രസിനെ തകര്‍ത്തു ബി.ജെ.പിയെ വളര്‍ത്തുകയാണു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നു പ്രതിപക്ഷം വിലപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ, ''കോണ്‍ഗ്രസിനെ തകര്‍ക്കുകയെന്നതു ഞങ്ങളാഗ്രഹിക്കുന്നതാണ്. അതേസമയം, ബി.ജെ.പിയെ വളര്‍ത്തുന്നതു കോണ്‍ഗ്രസുകാര്‍ തന്നെയാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വളരുകയും കോണ്‍ഗ്രസ് ഇല്ലാതാവുകയും ചെയ്തതെന്തു കൊണ്ടെന്നു കോണ്‍ഗ്രസുകാര്‍ പരിശോധിക്കണം.''
''ശബരിമലയില്‍ ആര്‍.എസ്.എസിനു വഴിയൊരുക്കി കലാപത്തിനു കൂട്ടുനില്‍ക്കുന്നത് നിങ്ങള്‍ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റല്ലേ'' എന്നായി പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ''ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഒരാള്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിരുന്നു. അവിടെയാണ് അഡ്ജസ്റ്റ്‌മെന്റുണ്ടായത്.'', മുഖ്യമന്ത്രിയുടെ മറുപടി.
''സി.പി.എമ്മിന് നവോത്ഥാനവുമായി എന്തു ബന്ധം. വൈക്കംസത്യഗ്രഹമായാലും ക്ഷേത്രപ്രവേശന വിളംബരമായാലും അതു കോണ്‍ഗ്രസിന് അവകാശപ്പെട്ടതല്ലേ. അമ്പലം തകര്‍ക്കാനുള്ള ശ്രമവുമായാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിനെതിരേ ഞങ്ങള്‍ വിശ്വാസികള്‍ക്കു മുന്നിലുണ്ടാകും.'', പ്രതിപക്ഷത്തിന്റെ ആരോപണം.
''അമ്പലങ്ങള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ശബരിമലയുടെ പേരില്‍ പ്രക്ഷോഭത്തിനു കൊടിയെടുക്കാതെ ചേരാന്‍ നേരത്തേ നിലപാടെടുത്തവര്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുകയാണ്.'' മുഖ്യമന്ത്രിയുടെ പ്രതികരണം.
സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. 'വിശ്വാസം സംരക്ഷിക്കുക', 'ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക' തുടങ്ങിയ മുദ്രാവാക്യം മുഴക്കി ബാനറും പ്ലാക്കാര്‍ഡുമായി സ്പീക്കറുടെ ഡയസില്‍ കയറി. ഇതിനിടയില്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നുണ്ടായിരുന്നു. മറുപടി 45 മിനിറ്റ് നീണ്ടു. മുഖ്യമന്ത്രി അവസാനിപ്പിച്ചയുടനെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. സ്പീക്കര്‍ പ്രതിപക്ഷനേതാവിന് മൈക്ക് അനുവദിച്ചില്ല. പ്രതിഷേധിച്ചു നടുത്തളത്തിലിരിക്കുന്നവര്‍ സീറ്റില്‍പോയിരുന്നാല്‍ മൈക്ക് നല്‍കാമെന്നായി സ്പീക്കര്‍. അതോടെ പ്രതിപക്ഷ ബഹളം വര്‍ധിച്ചു. മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് സഭാനടപടികള്‍ക്കു വിരുദ്ധമാണെന്നും അംഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.പറയാനുള്ള ആരോഗ്യമുള്ളതു കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്നു ചെന്നിത്തല തിരിച്ചടിച്ചു. കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരുമിച്ചു മറുപടി പറഞ്ഞതുകൊണ്ടാണു മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടത്. ചോദ്യങ്ങള്‍ ഒരുമിച്ചു ചേര്‍ത്തതു ശരിയായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍, നാലു ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി ഒരുമിച്ചു മറുപടി പറയുമെന്നറിയിച്ചപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തില്ലെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരേ ഭരണപക്ഷ എം.എല്‍.എമാര്‍ കൂടി രംഗത്തെത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി. ഇരുപക്ഷത്തെയും സ്പീക്കര്‍ അനുനയിപ്പിച്ച് ഇരിപ്പിടങ്ങളിലേക്ക് തിരിച്ചയച്ചെങ്കിലും മുഖ്യമന്ത്രി വീണ്ടും സംസാരിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷാംഗങ്ങള്‍ വീണ്ടും നടുത്തളത്തിലെത്തി. ഇതിനിടയില്‍ സ്പീക്കറുടെ ഡയസിലേയ്ക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച അന്‍വര്‍ സാദത്തിനെ ഹൈബി ഈഡനും, കെ.എം ഷാജിയും പിടിച്ചുമാറ്റിയത് പ്രതിപക്ഷത്തൊരു തര്‍ക്കത്തിനു വഴിവച്ചു. ഈ ഘട്ടത്തില്‍ സ്പീക്കര്‍ സഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്കു നിര്‍ത്തിവച്ചു. സഭ പുനരാരംഭിച്ചപ്പോള്‍, ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ആവര്‍ത്തിക്കരുതെന്നു സ്പീക്കര്‍ താക്കീതും നല്‍കി. വി.എസ് ശിവകുമാര്‍ ശബരിമല വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി.
അപ്പോഴേയ്ക്കും പോയിന്റ് ഓഫ് ഓര്‍ഡറുമായി എസ്.ശര്‍മ എണീറ്റു. ശര്‍മയ്ക്ക് അനുമതി നല്‍കരുതെന്നു പ്രതിപക്ഷം. നേരത്തേ എഴുതി നല്‍കിയതാണെന്ന ശര്‍മയുടെ വാദം അംഗീകരിക്കപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കരുതെന്നു റൂളിങ്ങും ചട്ടങ്ങളും ഉദ്ധരിച്ചു ശര്‍മ ആവശ്യപ്പെട്ടു.
എന്നാല്‍, സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കാന്‍ കഴിയില്ലെന്നും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണിതെന്നും വികാരങ്ങളുടെ പ്രതികരണം കൂടിയുണ്ടെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ അഭ്യര്‍ഥന പ്രകാരം പിന്നീട് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു.
മൂന്നു മണിക്കൂര്‍ നേരത്തെ പ്രസംഗങ്ങള്‍ക്കു ശേഷം വാക്കൗട്ടില്ലാതെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിനിടയില്‍ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലും സബ്മിഷനും സസ്പന്‍ഡ് ചെയ്യുകയും ഇന്നലെ അവതരിപ്പിക്കാനിരുന്ന മൂന്നു ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് സഭാ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."