ഖത്തറിനെതിരെ വീണ്ടും ആരോപണം: സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
റിയാദ്: ഇക്കഴിഞ്ഞ മേയില്‍ ഒമാന്‍ ഉള്‍ക്കടലില്‍ സഊദി എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെകുറിച്ചു ഖത്തറിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് അമേരിക്കയിലെ ഫോക്‌സ് ന്യൂസ് ചാനല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 12 ന് രണ്ടു സഊദി എണ്ണക്കപ്പലുകള്‍ക്കും നോര്‍വീജിയന്‍ എണ്ണക്കപ്പലിനും നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം വെച്ച് മറ്റു കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും ഖത്തറിന് മുന്‍കൂട്ടി അറിയാമായിരുന്നെന്നാണ് ആരോപണം.
ആക്രമണത്തെ കുറിച്ച് ഖത്തര്‍ ഇന്റലിജന്‍സിന് മുന്‍കൂട്ടി വിവരം ലഭ്യമായിട്ടും സഖ്യ രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പോലും ഇത് കൈമാറിയില്ലെന്നാണ് ആരോപണം. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ആണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് നേരത്തെ തന്നെ അമേരിക്ക ആരോപിച്ചിരുന്നു. ഇതേ വിവരങ്ങള്‍ തന്നെയാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സിനാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം. മധ്യപൗരസ്ത്യ ദേശത്ത് സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ശ്രമിച്ച് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് നടത്തുന്ന ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇറാന്‍ ഗവണ്‍മെന്റിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഖത്തറിനും മുന്‍കൂട്ടി വിവരമുണ്ടായിരുന്നെന്നും ചാനല്‍ പറഞ്ഞു.
നിലവില്‍ മേഖലയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളത്തിന് ഖത്തര്‍ ആതിഥ്യം നല്‍കുന്നുണ്ട്. അല്‍ഉദൈദ് സൈനിക താവളത്തിന് ആതിഥ്യം നല്‍കുന്നതോടൊപ്പം തന്നെ ഖത്തര്‍ ഇറാനുമായി സഖ്യം സ്ഥാപിക്കുന്നതായാണ് ആരോപണം. 2016 മുതല്‍ ഖത്തര്‍ ഇറാനുമായി കൂടുതല്‍ അടുപ്പമാണ് കാണിക്കുന്നത്. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ഖത്തര്‍ സഹായം ചെയ്യുന്നുവെന്നാരോപിച്ചു സഊദിയുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."