ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
പോര്‍ട്ട് ഡയരക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജേക്കബ് തോമസിനെതിരേ കേസെടുക്കാമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.2009 മുതല്‍ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ കട്ടര്‍സെക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ അനുമതിക്കുശേഷം രേഖകളില്‍ മാറ്റംവരുത്തുകയും ടെന്‍ഡര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് നേരത്തേ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ഇക്കാര്യം വിജിലന്‍സ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണം നടക്കുമ്പോള്‍ ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലന്‍സ് എ.ഡി.ജി.പി.
കണ്ണൂരിലെ രാജീവ്ഗാന്ധി കണ്‍സ്ട്രക്ഷന്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സത്യന്‍ നരവൂര്‍ 2016 ഒക്ടോബര്‍ 21ന് ധനകാര്യ പരിശോധനാ വിഭാഗത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്നത്തെ ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം അന്വേഷണം നടത്തിയത്.
ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായതായും ഇടപാടുകള്‍ സുതാര്യമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ക്രിമിനല്‍ കേസെടുക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."