'അത്താണി ബോയ്‌സ്' എന്ന പേരില്‍ ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്തി; ഒടുവില്‍ ബിനോയി കൊല്ലപ്പെട്ടതും വളര്‍ത്തിയവരുടെ വാളാല്‍, മുഖം വികൃതമാകുന്നതുവരെ തുടരെ വെട്ടി, സി.സി.ടി.വിയിലൂടെ പുറത്തുവന്നത് ഭീകരദൃശ്യങ്ങള്‍
കൊച്ചി: ഇന്നലെ രാത്രി ആലുവയിലെ അത്താണിയില്‍ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. അത്താണി ബോയ്‌സ് എന്ന ഗുണ്ടാ, ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ ബിനോയി(40) ആണ് അത്താണി ബാറിന് മുന്നില്‍ മൂന്നംഗ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്.
ഗുണ്ടാകുടിപ്പകയാണ് കൊലപാതക കാരണമെന്ന് കരുതുന്നതായി പൊലിസ് പറയുന്നു. അത്താണി ബാറിന് സമീപം വച്ച് ഇന്നലെ രാത്രി എട്ടോടെ യാത്രക്കാരും ജനങ്ങളും നോക്കി നില്‍ക്കേയാണ് ബിനോയിയെ കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തിലുമായി അന്‍പതിലേറെ വെട്ടുകളേറ്റിട്ടുണ്ട്. മുഖം തിരിച്ചറിയാനാകാത്തവിധം വികൃതമാക്കിയിരുന്നു. ഇടക്കാലത്ത് ഇയാളുടെ ക്വട്ടേഷന്‍ സംഘമായ അത്താണിക്കല്‍ ബോയ്‌സില്‍ തന്നെയുണ്ടായ ചേരിതിരിവാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുമുണ്ട്.
കാറിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇവരെ തിരിച്ചറിഞ്ഞെന്നാണ് ലഭിക്കുന്ന സൂചന. സായാഹ്നങ്ങളില്‍ നാട്ടില്‍ ഒത്തുകൂടിയിരുന്ന ഒരുകൂട്ടം യുവാക്കളില്‍ നിന്നുമാണ് പിന്നീട് അത്താണി ബോയ്‌സ് എന്ന ക്വട്ടേഷന്‍ സംഘത്തിലേക്ക് ബിനോയിയുടെ നേതൃത്വത്തില്‍ ഇവര്‍ വളര്‍ന്നത്. ചെറിയ പിടിച്ചുപറി കേസുകളില്‍ നിന്നും വന്‍ മോഷണങ്ങളിലേക്കും കഞ്ചാവ് കേസുകളിലേക്കും ഗുണ്ടാ ആക്രമണങ്ങളിലേക്കും ഇവര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.
ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലാണ് ബിനോയ് അറിയപ്പെട്ടിരുന്നത്. കള്ളനോട്ടടി ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ എ.വി ജോര്‍ജ്ജ് ജില്ലാ പൊലിസ് മേധാവി ആയിരുന്ന സമയത്ത് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. സ്വന്തം നാട്ടിലെ സ്റ്റേഷനുകളില്‍ ഉള്ളതിനേക്കാള്‍ മറ്റ് ജില്ലകളിലാണ് ഇയാളുടെ പേരില്‍ കൂടുതല്‍ കേസുകളുള്ളത്. അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷുകളില്‍ ഇയാള്‍ക്കെതിരേ ആയുധ നിയമപ്രകാരം കേസുണ്ട്.
ബാറിന് സമീപം നില്‍ക്കുകയായിരുന്ന ബിനോയിയെ ആദ്യം ഒരാള്‍ പുറകിലൂടെ വന്ന് വെട്ടുകയായിരുന്നു. തുടര്‍ന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ച ബിനോയിയും ഇയാളും തമ്മില്‍ മല്‍പ്പിടുത്തം ഉണ്ടാവുകയും ഈ സമയം മറ്റ് രണ്ട് പേര്‍ കൂടി എത്തി ബിനോയിയെ തുടരെ വെട്ടുകയുമായിരുന്നു. മരിച്ചുവെന്നുറപ്പായിട്ടും വീണ്ടും വീണ്ടും ശരീരം വെട്ടിനുറുക്കുന്ന ഭീകര ദൃശ്യങ്ങളാണ് സി.സി.ടി.വിയിലൂടെ പുറത്തു വന്നിരിക്കുന്നത്.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരോ നാട്ടുകാരോ ഭയം മൂലം സംഭവസ്ഥലത്തേക്ക് അടുത്തില്ല. പൊലിസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനായത്. സ്ഥലത്താകെ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കാപ്പ കേസ് പ്രകാരം ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ബിനു എന്ന ഗുണ്ടയും കൂട്ടരുമാണ് കൊലപാതകത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."