ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍: സ്ഥിരം കെട്ടിടത്തിനായി കോടതി വിധി കാത്ത് സര്‍ക്കാര്‍
കൊണ്ടോട്ടി: അടച്ചുപൂട്ടിയ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂളിന്റെ കെട്ടിടം വീണ്ടെടുക്കുന്നത് വരെ മദ്റസയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന് വാടക നല്കാന് പഞ്ചായത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. സ്ഥലം എം.എല്‍.എ ടി.വി ഇബ്രാഹീമിന്റെ ശ്രമഫലമായാണ് ഒരു വര്‍ഷത്തിലേറെയായി ഒളവട്ടൂര്‍ പുതിയോടത്ത്പറമ്പിലെ ഇഹ്യാഉല്‍ ഉലൂം സെക്കന്‍ഡറി മദ്റസ കെട്ടിടത്തില്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്ന സ്കൂളിന് പഞ്ചായത്തിനോട് വാടക നല്കാന് നിര്‍ദേശം നല്‍കിയത്. സ്കൂള്‍ കെട്ടിടം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മദ്റസക്ക് വാടക നല്കാന് സര്‍ക്കാര്‍ നിര്‍ദേശം. ഉത്തരവ് പുളിക്കല്‍ പഞ്ചായത്തിന് നല്‍കുന്നതോടെ പഞ്ചായത്ത് ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കും.നിലവില്‍ മദ്റസ കെട്ടിടം,സ്ഥലം തുടങ്ങിയവ പരിശോധിച്ചായിരിക്കും വാടക നിശ്ചയിക്കുക.
സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പുളിക്കല്‍ പഞ്ചായത്തിനോട് നേരത്തെ തന്നെ വാടക നല്കാന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇതിന് നിയമം അനുശാസിക്കുന്നില്ലെന്ന് പറഞ്ഞ് നിരസിച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എ സര്‍ക്കാരില്‍ നിന്ന് സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റുന്നത് വരെ മദ്റസയില്‍ പ്രവര്‍ത്തിക്കുന്നതിന് വാടക നല്കാന് പ്രത്യേക ഉത്തരവ് വാങ്ങിയത്. മദ്റസയുടെ കെട്ടിടം താല്‍ക്കാലികമാണെന്നും വൈകാതെ പരിഹാരം കാണുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും അധികൃതരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മദ്റസ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് .എന്നാല്‍ ഒരുവര്‍ഷമായിട്ടും സ്കൂള്‍ മാറ്റാനായിട്ടില്ല. സ്കൂള്‍ പി.ടി.എ യോഗത്തിലെടുത്ത തീരുമാന പ്രകാരം വൈദ്യുത ബില്ല് സ്കൂള്‍ അധികൃതര്‍ അടച്ചു വരുന്നുണ്ട്. മദ്റസയുടെ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും വാടക ആരും നല്‍കുന്നില്ല.
സ്കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലെത്തിയെങ്കിലും മാനേജര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ കഴിഞ്ഞ മാസം 23ന് വിധി പറയേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല.അടുത്ത മാസം വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സ്കൂള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വിഭാഗം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിനകത്തെ മരങ്ങള്‍ വനംവകുപ്പും സ്കൂളിലെ ഫര്‍ച്ചറുകളും പൊതുമരാമത്ത് മഹ്ഷര്‍ തയാറാക്കിയിട്ടുമുണ്ട്.
2016 ജൂണ്‍ എട്ടിനാണ് ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ അടച്ചുപൂട്ടിയത്. പിന്നീട് ജൂണ്‍ 12 മുതല്‍ പുതിയോടത്ത് പറമ്പിലെ ഇഹ്യാഉല്‍ ഉലൂം സെകക്കന്ഡറി മദ്റസ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."