ശബരിമല സി.പി.എമ്മിനും ബി.ജെ.പിക്കും നഷ്ടക്കച്ചവടമാകും: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: ബി.ജെ.പിയുടെ അയോധ്യാ മാതൃകയില്‍ ശബരിമലയില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമല സി.പി.എമ്മിന് ഏറ്റവും വലിയ നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് യുവജനയാത്രക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്താനാണ് സി.പി.എം ശ്രമം. ആര്.എസ്.എസിനെ നേരിടുന്നത് തങ്ങളാണെന്ന് പറയുന്ന സി.പി.എം അവരുമായി രഹസ്യമായി കൈകോര്‍ക്കുകയാണ്. ഓഖിയും പ്രളയവും വന്നപ്പോള്‍ സര്‍ക്കാര്‍ നിശ്ചലമായിരുന്നു. ജനത്തിന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നതാണ് സ്ഥിതി. ആരെയും അവിടെ കുറ്റിയടിച്ച് ഉറപ്പിച്ചിട്ടില്ലെന്ന് സി.പി.എം ഓര്‍ക്കണം. ഇത്തരം തലതിരിഞ്ഞ നിലപാടുകളാണ് ബംഗാളില്‍നിന്ന് സി.പി.എമ്മിനെ തൂത്തെറിഞ്ഞത്. കെ.എം ഷാജിയെ നിയമസഭയില്‍നിന്ന് പുറത്താക്കാന്‍ ആവേശം കാണിച്ച നിയമസഭാ സെക്രട്ടറിക്ക് ഇന്ന് പരവതാനി വിരിക്കേണ്ടി വന്നെന്നും അദ്ദേഹം പരിഹസിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന് കല്ലായി, സതീശന് പാച്ചേനി, ശ്യാംസുന്ദര്‍, അബ്ദുല്‍ കരീം ചേലേരി സംസാരിച്ചു. എം.എ സമദ്, നജീബ് കാന്തപുരം, പി.കെ സുബൈര്‍, റഈസ് അഹ്മദ്, സി.കെ സുബൈര്‍, പൊട്ടങ്കണ്ടി അബ്ദുല്ല, പി.വി ഇബ്രാഹിം, സമീര്‍ പറമ്പത്ത്, മുസ്ലിഹ് മഠത്തില്‍, ഷക്കീര്‍ മൗവഞ്ചേരി പങ്കെടുത്തു. ഇന്നലെ ധര്‍മശാലയില്‍ നിന്നാരംഭിച്ച യാത്ര ലീഗ് ജില്ലാ ട്രഷറര്‍ വി.പി വമ്പന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുന്ന് കൃഷ്ണമേനോന് വനിതാകോളജ് പരിസരത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ പരേഡിന്റെ അകമ്പടിയോടെ സ്റ്റേഡിയം കോര്ണറിലേക്കു യാത്രയെ ആനയിച്ചു. യാത്ര ഇന്ന് രാവിലെ എട്ടിന് തോട്ടട എസ്.എന്‍ കോളജ് സ്റ്റോപ്പില്‍ നിന്നാരംഭിക്കും. 12.30ന് എടക്കാട് ഹൈവേയിലെ സ്വീകരണത്തിനുശേഷം വൈകിട്ട് ആറിന് തലശ്ശേരിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."