സ്പീക്കറുമായി വാക്‌പോര്, തര്‍ക്കം- ബഹളമായി രണ്ടാം ദിനവും സഭ പിരിഞ്ഞു
തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി രണ്ടാം ദിനവും നിയമസഭ തടസപ്പെട്ടു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. ശബരിമലയിലെ സൗകര്യക്കുറവ് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളി. ഇന്നലെ വിശദമായി ചര്‍ച്ചചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിച്ചു.
ശബരിമലയിലെ പൊലീസ് രാജ് അവസാനിപ്പിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളും അംഗങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രതിഷേധം തുടരുന്നത് ശരിയല്ലെന്നു സ്പീക്കര്‍ പറഞ്ഞു. ഇതോടെ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ നേര്‍ക്കു നേരെയായി തര്‍ക്കം. ശബരിമല പ്രസക്തവിഷയമെങ്കിലും അതിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കാനാവില്ലെന്നു സ്പീക്കര്‍ പറഞ്ഞു. ഗവര്‍ണര്‍ പറഞ്ഞത് ഓര്‍മയുണ്ടാകണം. മറ്റ് ജനകീയവിഷയങ്ങളും ഉണ്ടെന്നു സ്പീക്കര്‍ പറഞ്ഞു.
ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ലെന്നു പറഞ്ഞ് പ്രതിപക്ഷവും തിരിച്ചടിച്ചു. ചോദ്യോത്തരവേള റദ്ദാക്കി. സഭ ഇന്നത്തേക്കു പിരിഞ്ഞു . സബ്മിഷനുകളും ശ്രദ്ധ ക്ഷണിക്കലും വെട്ടിച്ചുരുക്കി. രണ്ട് ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു. 21 മിനിറ്റിനുള്ളില്‍ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശബരിമല വിഷയത്തില്‍ സഭയില്‍ ബഹളം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."