ഫാത്തിമയുടെ മരണം: ആരോപണ വിധേയരായ അധ്യാപകര്‍ കസ്റ്റഡിയില്‍, മൂവരേയും വെവ്വേറെ ചോദ്യം ചെയ്യുന്നു, വിശദീകരണം നല്‍കാന്‍ ഡയറക്ടര്‍ ദില്ലിക്ക് തിരിച്ചു
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്തു തുടങ്ങിയത്. ഓരോരുത്തരേയും ഒറ്റയ്്‌ക്കൊറ്റക്കാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട അധ്യാപകര്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ സമയം നീട്ടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ കോളജ് ഗസ്റ്റ് ഹൗസിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുന്നത്. മൂവരോടും വൈകുന്നേരത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന നിലപാടില്‍ തന്നെയാണ് ഐ.ഐ.ടി അധികൃതര്‍. നിലവില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ പ്രത്യേക ആഭ്യന്തര അന്വേഷണം പരിഗണിക്കുന്നില്ല എന്നാണ് അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.ടിയുടെ ഇമെയിലില്‍ നിന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യം കിട്ടുന്നത് വരെ നിരാഹാരം തുടരുമെന്നാണ് നിരാഹാരമനുഷ്ടിക്കുന്ന വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്. അതേ സമയം മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നല്‍കാനായി മദ്രാസ് ഐ.ഐ.ടിയിലെ ഡയറക്ടര്‍ ഭാസ്‌കര സുന്ദര മൂര്‍ത്തി ദില്ലിക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മാനവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാല്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യത്തോട് നിര്‍ദ്ദേശിച്ചുണ്ടെന്നും റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭയില്‍ എന്‍.കെ പ്രേമചന്ദ്രന്‍, കനിമൊഴി എന്നിവരാണ് വിഷയം ഉന്നയിച്ചത്. അധ്യാപകന്റെ പേരെഴുതി വച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പൊലിസ് എത്തുന്നതിന് മുന്‍പ് തെളിവു നശിപ്പിക്കാന്‍ അധികൃതര്‍ മുറി വൃത്തിയാക്കിയെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അധ്യാപകരുടെ പീഡനം മൂലം അഞ്ചു പെണ്‍കുട്ടികള്‍ ഇതിനു മുന്‍പ് ഇതേ സ്ഥാപനത്തില്‍ ആത്മഹത്യ ചെയ്തു. ഇതവസാനിപ്പിക്കാന്‍ ശക്തമായ നടപടി തന്നെയുണ്ടാകണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ 50 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തതെന്ന് കനിമൊഴി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം അവിടെ ഉണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മദ്രാസ് ഐ.ഐ.ടിയിലെ ആത്മഹത്യയില്‍ അന്വേഷണം നടത്തേണ്ടതാണെന്നും കനിമൊഴി വ്യക്തമാക്കി. എം.പിമാരുടെ പരാമര്‍ശത്തെ തുടര്‍ന്നുള്ള മറുപടിയിലാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി വ്യക്തമാക്കിയത്.
വിഷയം ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവ് പി.കെ കുഞ്ഞാലിക്കുട്ടി നോട്ടിസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. വിഷയം അതീവ ഗൗരവമുള്ളതാണന്നും വിദ്യാര്‍ഥിനി തന്റെ ആത്മഹത്യാ കുറിപ്പില്‍ അധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുണ്ടന്നും കുഞ്ഞാലിക്കുട്ടി നോട്ടിസില്‍ ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഐ.ഐ.ടിയില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
സാമൂഹിക മാറ്റത്തിന്റെ വക്താക്കളാകേണ്ട അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും വര്‍ഗീയവുമായ വിവേചനമുണ്ടാവുന്നത് അംഗീകരിക്കാനാകില്ല. പൊലിസ് ഉദ്യോഗസ്ഥരും ഐ.ഐ.ടി അധികൃതരും കുറ്റകരമായ നിസംഗതയാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും പി.കെ കുഞ്ഞാലികുട്ടി ലോക്‌സഭാ സെക്രട്ടറി ജനറലിന് നല്‍കിയ നോട്ടിസില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."