പരശുറാം എക്സ്പ്രസില്‍ കോച്ചുകള്‍ കുറച്ചു: യാത്രക്കാര്‍ പ്രതിഷേധിച്ചു
കോഴിക്കോട്: രാവിലെ മംഗലാപുത്തു നിന്ന് നാഗര്‍കോവിലിലേക്ക് പോകുന്ന, ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസില്‍ മുന്നറിയിപ്പില്ലാതെ കോച്ചുകള്‍ വെട്ടിക്കുറച്ചതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. സ്ഥിരം 21 കോച്ചുകള്‍ ഉണ്ടായിരുന്ന പരശുറാം എക്സ്പ്രസിലാണ് ഇപ്പോള്‍ എണ്ണം കുറച്ചത്. യാത്രക്കാരുടെ എണ്ണം അസാധാരണമാംവിധം വര്‍ധിച്ചിട്ടും ജനറല്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന സമീപനമാണു റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
മുന്‍കാലത്ത് 15 ജനറല്‍ കോച്ചുകളുമായിട്ടാണ് ട്രെയിന്‍ യാത്ര ചെയ്തിരുന്നത്. പിന്നീട് വന്ന മൂന്ന് ഡി റിസര്‍വേഷന്‍ കോച്ചുകള്‍ നിലവിലുള്ള ജനറല്‍ കോച്ചുകളില്നിന്നാണ് എടുത്തത്. അതോടെ ജനറല്‍ കോച്ചുകള്‍ 12 ആയി ചുരുങ്ങി. പിന്നീട് ഒരു ലേഡീസ് കോച്ച് കൂട്ടിയപ്പോഴും കുറവു സംഭവിച്ചത് സാധാരണക്കാരായ ജനറല്‍ കോച്ചുകള്‍ക്കാണ്. ഇന്നലെ പരശുറാം എക്സ്പ്രസ് ഓടിയത് 19 കോച്ചുകളുമായിട്ടാണ്. അതില്‍ ആകെയുള്ള ഒന്‍പത് ജനറല്‍ കോച്ചുകളില്‍ രണ്ടെണ്ണം ആര്‍മി ആവശ്യത്തിന് വിട്ടുനല്‍കി. ഏഴു ജനറല്‍ കോച്ചുകളുമായി യാത്ര ചെയ്തതോടെയാണ് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് ഫെഡറേഷന് വൈസ് ചെയര്മാന് പി.കെ.സി ഫൈസല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."