സി.പി.എം ജില്ലാ സെക്രട്ടറിക്ക് നേരെ വധശ്രമം; ഉന്നത ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണസംഘം
കോഴിക്കോട്: സംഘ്പരിവാര്‍ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ആര്‍.എസ്.എസിന്റെ ജില്ലാ നേതാവ് കേസില്‍ അറസ്റ്റിലായതും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കേസില്‍ പ്രതികളായതും കാരണം അക്രമത്തിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന വിലയിരുത്തലിലാണു പൊലിസ്.
മാത്രമല്ല, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറുണ്ടായതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിരിക്കാമെന്നും ക്രൈംബ്രാഞ്ച് കരുതുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡിലുള്ള രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതു വഴി മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. നിലവില്‍ നാലുപേര്‍ ചേര്‍ന്നാണ് പി. മോഹനനു നേരെ ആക്രമണം നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പുറമേരി കൂരാത്ത് നജീഷ് (34) ഉള്‍പ്പടെ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. 2017 ജൂണ്‍ ഒന്‍പതിന് പുലര്‍ച്ചെ നാലിനായിരുന്നു ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന സി.എച്ച് കണാരന്‍ മന്ദിരത്തിനുനേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി. മോഹനന്‍ കാറില്‍ വന്നിറങ്ങി ഓഫിസ് വരാന്തയിലേക്ക് കയറുന്നതിനിടയിലാണ് ബോംബേറുണ്ടായത്. കേസില്‍ ഒന്നര വര്‍ഷത്തിനു ശേഷമാണ് പ്രതികളെ കണ്ടെത്തുന്നത്. ആര്‍.എസ്.എസ് വടകര ജില്ലാ കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം നടന്നെതെന്നാണു പൊലിസ് കണ്ടെത്തല്‍.
അതേസമയം, സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ബി.ജെപി രംഗത്തു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."