ആദിവാസി മേഖലകളില്‍ സാക്ഷരതാരംഗത്ത് വന്‍ മുന്നേറ്റം; സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടയില്‍ സാക്ഷരത നേടിയത് 12,968 പേര്‍
ശംസുദ്ധീന്‍ഫൈസി
മലപ്പുറം: സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ സാക്ഷരതാരംഗത്ത് വന്‍ മുന്നേറ്റം. സാക്ഷരതാമിഷന്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ഇതുവരെ 12,968 പേര്‍ സാക്ഷരത നേടി.
2017 മാര്‍ച്ചില്‍ വയനാട്ടില്‍ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 7302 പേര്‍ സാക്ഷരത നേടിയിരുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലാണ് ആദിവാസികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ളത്. ഇവിടെ 2017 മുതല്‍ സാക്ഷരത-തുല്യതാ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഇതിന്റെ ഫലമായി 3670 പേര്‍ ഇവിടെ മാത്രം സാക്ഷരത നേടിയതായാണ് ഔദ്യോഗിക കണക്കുകള്‍. അട്ടപ്പാടി ബ്ലോക്കില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള സര്‍വേനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വയനാട് ജില്ലയില്‍ മൊത്തം 2167 ആദിവാസി ഊരുകളാണുള്ളത്. ഇതില്‍ 500 ഊരുകളില്‍ നടപ്പാക്കിയ സാക്ഷരതാപദ്ധതി ഫലപ്രദമായതിനെ തുടര്‍ന്ന് പദ്ധതി മുഴുവന്‍ ഊരുകളിലേക്കും വ്യാപിപ്പിച്ചു.
സംസ്ഥാനത്ത് നിരക്ഷരര്‍ ഏറെയുണ്ടെന്ന് പട്ടികവര്‍ഗവകുപ്പ് കണ്ടെത്തിയ 100 ആദിവാസി ഊരുകളില്‍ നടപ്പാക്കിയ 'സമഗ്ര' പദ്ധതിയിലൂടെ 1996 പേര്‍ സാക്ഷരത നേടി. സംസ്ഥാനത്ത് ആദിവാസിമേഖലകള്‍ കേന്ദ്രീകരിച്ചുള്ള സാക്ഷരതാ പരിപാടികള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സാക്ഷരതാമിഷന്‍.
കുടുംബശ്രീയുമായി സഹകരിച്ച് കണ്ണൂരിലെ ആറളം ഫാമില്‍ പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതിക്കും സാക്ഷരതാമിഷന്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള സര്‍വേ ആരംഭിച്ചു. പയ്യന്നൂര്‍ കാലടി സര്‍വകലാശാലയിലെ 26 വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."