ഫ്ളക്സ് നിരോധനം; സര്‍ക്കാര്‍ വകതിരിവില്ലാതെ പെരുമാറുന്നു: ഹൈക്കോടതി
കൊച്ചി: ഫ്‌ളക്‌സ് നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ വകതിരിവില്ലാതെ പെരുമാറുന്നുവെന്ന് ഹൈക്കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്കെങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പരാമര്‍ശിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പോടെ വീണ്ടും ഫ്‌ളക്‌സ് ഉപയോഗം വര്‍ധിപ്പിക്കുമെന്ന് കോടതി എടുത്തുപറഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ ഒറ്റ പ്രഖ്യാപനം കൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളുവെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്. ഫ്‌ളക്‌സ് നിരോധനം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. പട്ടിമറ്റം ജങ്ഷനില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതു നേരിട്ടു കാണാനിടയായ കാര്യം കോടതി പരാമര്‍ശിച്ചു. പാലാരിവട്ടത്ത് രാഷ്ട്രീയപാര്‍ട്ടിയുടെ പതാകകള്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
ലോകം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുകയാണെന്നു കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഫ്‌ളക്‌സ് നിരോധനവുമായി ബന്ധപ്പെട്ട് 19 ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇതിലൊന്നും ജനക്ഷേമം ലക്ഷ്യമാക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തയാറല്ലെങ്കില്‍ ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു. കേസ് രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."