ശ്രീലങ്ക: ഗോതബയ രാജപക്‌സെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
കൊളംബോ: റിട്ട. സൈനിക ഓഫിസറും മുന്‍ പ്രതിരോധമന്ത്രിയുമായ ഗോതബയ രാജപക്‌സെ ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അനുരാധപുരയിലെ ബുദ്ധക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം രാജ്യസുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിഷ്പക്ഷമായ വിദേശനയം പിന്തുടരുമെന്നും പ്രഖ്യാപിച്ചു. സിംഹള ഭൂരിപക്ഷത്തിന്റെ വോട്ടുകളാണ് തന്നെ പ്രസിഡന്റ് പദത്തിലെത്തിച്ചതെന്ന് എടുത്തുപറഞ്ഞ അദ്ദേഹം ന്യൂനപക്ഷമായ തമിഴരും മുസ്‌ലിംകളും ഐക്യ ശ്രീലങ്ക പടുത്തുയര്‍ത്താന്‍ തനിക്കൊപ്പം അണിചേരണമെന്ന് ആഹ്വാനം ചെയ്തു.
70കാരനായ ഗോതബയ രാജ്യരക്ഷയും സാമ്പത്തിക പ്രതിസന്ധികളും മുന്‍നിര്‍ത്തിയാണ് വോട്ടു ചോദിച്ചിരുന്നത്. അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
അതിനിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതബയയെ ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷുവാങ് അഭിനന്ദിച്ചു. ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടാവുമെന്നു ശുഭാപ്തി പ്രകടിപ്പിച്ച അദ്ദേഹം ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉന്നതനിലവാരമുള്ള പദ്ധതികള്‍ ചൈന നടപ്പാക്കുമെന്ന് ഉറപ്പുനല്‍കി.
ചൈനയുടെ സ്വാധീനം ലോകമെങ്ങും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമായി നേരത്തെ 800 കോടി ഡോളറിന്റെ വായ്പ ശ്രീലങ്കയ്ക്കു നല്‍കിയ ചൈന രാജ്യത്ത് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കിവരുകയാണ്. വന്‍തുക വായ്പ വാങ്ങിയതിലൂടെ ചൈനയോടു വിധേയത്വമുള്ള ശ്രീലങ്ക തന്ത്രപ്രധാന തുറമുഖമായ ഹംബന്‍തോട്ട 2017ല്‍ 120 കോടി ഡോളറിന് ഒരു ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തേക്കു ലീസിനു കൊടുത്തിരുന്നു. കൊളംബോ തുറമുഖനഗര പദ്ധതിക്കും പണം മുടക്കിയിട്ടുള്ളത് ചൈനയാണ്.
അതേസമയം ശ്രീലങ്കയിലെ ചൈനയുടെ സ്വാധീനം ഇന്ത്യയെയും യു.എസിനെയും അസ്വസ്ഥമാക്കുന്നു. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷവും തമിഴരും ഗോതബയ രാജപക്‌സെയുടെ വിജയത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജനസംഖ്യയുടെ 20 ശതമാനം വരുന്ന അവര്‍ തനിക്കല്ല വോട്ട് ചെയ്തതെന്ന് ഗോതബയ എടുത്തുപറയുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."