ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുളമ്പ് രോഗം പടരുന്നു
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയെ ആശങ്കയിലാഴ്ത്തി കുളമ്പ് രോഗം പടരുന്നു. കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ പെരുമാംകണ്ടത്ത് കുളമ്പ് രോഗം പിടിപെട്ട് അഞ്ച് പശുക്കള്‍ ചാവുകയും നിരവധി പശുക്കള്‍ക്ക് രോഗം പിടികൂടുകയും ചെയ്തു. കുളമ്പ് രോഗം സ്ഥിരീകരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
പെരുമാംകണ്ടത്ത് കുളമ്പ് രോഗം മൂലം പശുക്കള്‍ ചത്ത വിവരം അറിഞ്ഞ് യഥാസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നങ്കില്‍ രോഗം പടര്‍ന്ന് പിടിക്കില്ലായിരുന്നുവെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. രോഗം പിടികൂടി മൂന്ന് പശുക്കള്‍ ചാവുകയും നിരവധി പശുക്കള്‍ക്ക് രോഗമുണ്ടാവുകയും ചെയ്തതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്. ഇത് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്കും മൃഗങ്ങളിലേക്കും വ്യാപിക്കാന്‍ കാരണമായെന്നും പറയപ്പെടുന്നു.
ആദ്യം ഭക്ഷണത്തോട് വിമുകത കാണിക്കുന്ന പശു പിന്നീട് വായില്‍ നിന്നും വെള്ളം ഒലിക്കല്‍ ആരംഭിക്കും. കാലിന്റെ കുളമ്പിന്റെ ഭാഗങ്ങളില്‍ വൃണങ്ങളും രൂപപ്പെടുന്നതോടെ പശുക്കളുടെ പാല്‍ വറ്റിപോകുകയും ചെയ്യും. ഇത് മൂലം രോഗ ലക്ഷണം കാണുമ്പോള്‍തന്നെ മൃഗങ്ങളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും വിതരണം ചെയ്യുന്നുണ്ടങ്കിലും ക്ഷീരകര്‍ഷകര്‍ ഇതിനോട് സമ്മിശ്രപ്രതികരണമാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് കിഴക്കന്‍ മേഖലയിലാണ്. ഈവിടങ്ങളില്‍ പ്രദേശീകമായി നിരവധി ക്ഷീരസംഘങ്ങളാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുളമ്പ് രോഗം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നത് ക്ഷീരസംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിയ പഠനത്തില്‍ അനധികൃത അറവ്ശാലകളില്‍ നിന്നുമാണ് രോഗം പിടിപെടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്ത് നിരവധി പന്നി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പന്നികളാണ് ഇവിടെ വളര്‍ത്തുന്നതും കശാപ്പ് ചെയ്യുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."