തീവ്രവാദ സ്വഭാവമുള്ളവരെ സഹായിക്കുന്നവരാണ് സി.പി.എം, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘടനയുടെ പേര് മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന സി.പി.എം നേതാവ് മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കേസ് ചുമത്തിയതിലെ കുറ്റബോധം കൊണ്ടാണ് വിഷയം വഴിതിരിച്ചു വിടുന്നതെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ടത് മുസ്‌ലിം ചെറുപ്പക്കാരായതു കൊണ്ട് മുസ്‌ലിം തീവ്രവാദത്തെ പഴിചാരി രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച വണ്ടി ഉപയോഗിച്ച് വിഷയം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതിന്റെ മറ്റൊരു രൂപമാണിത്. ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തി കൂടിയാണ് മോഹനന്‍ മാസ്റ്റര്‍. യു.എ.പി.എക്ക് എതിരാണെന്ന് പുറമെ പറയുമ്പോഴും ആഭ്യന്തര വകുപ്പ് ഇത്തരം നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ആഭ്യന്തര മന്ത്രി പറഞ്ഞാല്‍ അനുസരിക്കാത്ത പൊലീസ് ഒരുപക്ഷേ കേരള ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന എല്ലാ സംഘടനകളെയും സമുദായത്തിനകത്തും പുറത്തും പ്രതിരോധിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. എന്നാല്‍ ലീഗിനെതിരാണ് എന്നതുകൊണ്ടു മാത്രം അന്ന് ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് പാര്‍ട്ടി അംഗങ്ങളാണ്. അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടാനുള്ള തുറന്ന അവസരം സി.പി.എമ്മിലുണ്ടായിരുന്നു എന്നുവേണം കരുതാന്‍. മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും അഭയ കേന്ദ്രമായി സി.പി.എം മാറിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാന്‍ ആ പാര്‍ട്ടിക്ക് കഴിയില്ല. കെ.പി.എ മജീദ് വിശദീകരിച്ചു.
തീവ്രവാദ സ്വഭാവമുള്ളവര്‍ക്ക് അംഗത്വം നല്‍കരുതെന്ന് മെമ്പര്‍ഷിപ്പ് വിതരണ സമയത്ത് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ സംഘടനയാണ് മുസ്‌ലിംലീഗ്. എന്നാല്‍ ഇത്തരം സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. മോഹനന്‍ മാസ്റ്ററുടേത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രസ്താവനയാണ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഏത് സംഘടനയുമാണ് തന്റെ പാര്‍ട്ടിയിലെ അംഗങ്ങള്‍ ബന്ധപ്പെട്ടിരുന്നത് എന്നുകൂടി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാവണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."