ജില്ലാതല ഓണാഘോഷം 11 കേന്ദ്രങ്ങളില്‍
കൊച്ചി: ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 02 മുതല്‍ 06 വരെ ജില്ലയിലെ 11 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കാന്‍ ഡി.ടി.പി.സി ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഓണാഘോഷം നഗരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കണമെന്ന് എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. 11 കേന്ദ്രങ്ങളില്‍ ആഘോഷം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ച യോഗം ഇതു സംബന്ധിച്ച അന്തിമതീരുമാനത്തിന് എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
വാരാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കുന്ന കലാസംഘങ്ങളുടെ തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. കലാസംഘങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഉപസമിതി രൂപീകരിക്കുമെന്നും ഫെസ്റ്റിവല്‍ ഡയറക്ടറെ നിയമിക്കുന്നത് പരിഗണനയിലുണ്ടെന്നും ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
ജില്ലാതലത്തില്‍ ഓണം വാരാഘോഷത്തിനായി 32 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പണം കണ്ടെത്തും. വിവിധ സ്ഥലങ്ങളില്‍ തഹസില്‍ദാര്‍മാര്‍ കണ്‍വീനര്‍മാരായി രൂപീകരിക്കുന്ന സംഘാടകസമിതികളാണ് വാരാഘോഷത്തിന് നേതൃത്വം നല്‍കുക.
ഓണം വാരാഘോഷം വീകേന്ദ്രീകരിക്കണമെന്നും പ്രാദേശികമായ അഭിരുചികള്‍ കണക്കിലെടുത്ത് പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, റോജി.എം.ജോണ്‍ എന്നിവര്‍ പറഞ്ഞു. പിറവം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് സാമ്പത്തിക പിന്തുണ നല്‍കണമെന്ന് ചെയര്‍മാന്‍ സാബു.കെ.ജേക്കബ് ആവശ്യപ്പെട്ടു. പരിപാടികള്‍ക്ക് പിന്തുണ നല്‍കുമെന്നും അതേസമയം ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള ഘോഷയാത്രകളെ അനുകൂലിക്കുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു.
കൊച്ചിയില്‍ മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള ഇന്ദിരാഗാന്ധി ജലോത്സവം പുനരാരംഭിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ്.ഡി.കുറുപ്പ്, പ്രൊഫ. കെ.വി. തോമസ് എംപിയുടെ പ്രതിനിധി എം.പി ശിവദത്തന്‍, ജോസ്.കെ. മാണി എം.പിയുടെ പ്രതിനിധി ജില്‍സ് പെരിയപ്പുറം, ഡി.ടി.പി.സി അംഗങ്ങളായ പി.ആര്‍. റെനീഷ്, സാബു ജോര്‍ജ്, പ്രകാശ്, ഡി.ടി.പി.സി സെക്രട്ടറി വിജയകുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."