ശബരിമല ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിനുള്ള കുറ്റപത്രം: എം.ടി രമേശ്
പാലക്കാട്: ശബരിമലയില്‍ ആര്‍.എസ.്എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രവേശന വിലക്കുണ്ടോയെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ്. സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സംബന്ധിച്ച ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിനുള്ള കുറ്റപത്രമാണെന്ന് എം.ടി.രമേശ് പറഞ്ഞു. ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ രാജിവക്കണം. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് ഹൈക്കോടതി പറയാതെ പറഞ്ഞിരിക്കുകയാണ്.
ശബരിമലയില്‍ നിരോധാജ്ഞ തുടരുകയാണെങ്കില്‍ ഭക്തര്‍ എകെജിസെന്ററിനകത്ത് കയറി ശരണംവിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി സന്നിധാനത്തേക്കും ശബരിമലയിലേക്കും പോകുവാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. നാമജപം നടത്തിയവരെ കലാപകാരികളെന്ന് പറഞ്ഞ് തടഞ്ഞപ്പോള്‍ ഹൈക്കോടതി ജഡ്ജിയെ പൊലിസ് തടഞ്ഞത് എന്തിനാണെന്ന് വ്യക്തമാക്കണം. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ധ്വംസനമാണെന്നും ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷനായി. മധ്യമേഖല ജന.സെക്രട്ടറി പി.വേണുഗോപാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ ജന.സെക്രട്ടറിമാരായ കെ.വി.ജയന്‍, കെ.ജി പ്രദീപ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."