ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മദിന തര്‍ക്കം
അയോധ്യയിലെ രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ ബഹളത്തിനിടയില്‍ മറ്റൊരു 'ജന്മഭൂമി' തര്‍ക്കം മുങ്ങിപ്പോയി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ ദേശവും തിയതിയും സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തുടരുന്ന തര്‍ക്കമാണത്. 1920 ഒക്‌ടോബര്‍ 17ന് സോവിയറ്റ് യൂനിയന്റെ ടര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ താഷ്‌ക്കന്റിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യഘടകം രൂപീകരിച്ചതെന്നാണ് സി.പി.എം നിലപാട്. അതനുസരിച്ച് നൂറാംവയസിലേക്ക് കടന്ന പാര്‍ട്ടിയുടെ ചരിത്രവും തുടര്‍ച്ചയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരുവര്‍ഷത്തെ പ്രചാരണ പരിപാടികളും സി.പി.എം തുടങ്ങി. അതിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ അടിത്തറ വിശദീകരിക്കുന്ന ലേഖനം സി.പി.എം താത്വികവാരിക 'പീപ്പിള്‍സ് ഡെമോക്രസി' ഒക്‌ടോബര്‍ 13ന് പ്രസിദ്ധീകരിച്ചു.
സി.പി.ഐയുടെ കേരളത്തിലെ താത്വികവാരികയായ 'നവയുഗ'ത്തിന്റെ നവംബര്‍ ഒന്നിന്റെ ലക്കം സി.പി.എം നിലപാടുകളെയാകെ ചോദ്യംചെയ്യുന്നു: '1920 ഒക്‌ടോബര്‍ 17ന് താഷ്‌ക്കന്റില്‍വെച്ചാണ് സി.പി.ഐ രൂപീകരിച്ചതെന്ന വാദം ഇന്ന് വീണ്ടും ഉയര്‍ന്നുവരുന്നുണ്ട്. സി.പി.ഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തിനും തുടക്കമിടുന്നു'.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പേരുവെച്ചെഴുതിയ ലേഖനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജന്മഭൂമി സംബന്ധിച്ച തര്‍ക്കപ്രശ്‌നം വീണ്ടും ഉന്നയിക്കുന്നു. 1925 ഡിസംബറില്‍ കാന്‍പൂരില്‍ നടന്ന യോഗത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപീകരണമെന്ന സി.പി.ഐ നിലപാട് ചരിത്രരേഖകള്‍ ഉദ്ധരിച്ച് സ്ഥാപിക്കാനും ശ്രമിക്കുന്നു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപീകരണത്തിന്റെ ആദ്യപടിയായി താഷ്‌ക്കന്റില്‍ സി.പി.ഐ ഘടകം രൂപീകരിച്ചതിനെ കാണണമെന്നാണ് പീപ്പിള്‍സ് ഡെമോക്രസി ലേഖനത്തില്‍ സി.പി.എം പറയുന്നത്. 'ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രൂപീകരണ'മെന്ന കാനത്തിന്റെ ലേഖനമാകട്ടെ കോണ്‍ഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് 1925 ഡിസംബര്‍ അവസാനവാരം കാന്‍പൂരില്‍ നടന്ന വിവിധ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളുടെ സമ്മേളനത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിച്ചതെന്ന് വിശദീകരിക്കുന്നു.
ഈ രണ്ട് ചരിത്രവും വസ്തുതാപരമായി ശരിയാണ്. ഇന്ത്യയിലെ മണ്ണില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിച്ചത് 1925ല്‍ കാന്‍പൂര്‍ സമ്മേളനത്തില്‍ തന്നെ. എന്നാല്‍ അതിനും അഞ്ചുവര്‍ഷംമുമ്പ് അത്യസാധാരണ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദാഹികളായി ലക്ഷ്യംകാണാന്‍ കടലുകള്‍ കടന്ന് പോയ വിപ്ലവകാരികളായ ഇന്ത്യന്‍ യുവാക്കള്‍ താഷ്‌ക്കന്റില്‍ രൂപീകരിച്ചതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യഘടകം. കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ തത്വങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും വിധേയമായി പ്രവര്‍ത്തിക്കാനും ഇന്ത്യയുടെ സ്വാതന്ത്ര്യം നേടുന്നതിനുള്ള പരിപാടി തയാറാക്കാനും അവര്‍ തീരുമാനിച്ചു. രണ്ടാമത്തെ കാര്യം പ്രാവര്‍ത്തികമാക്കാന്‍ ആയില്ലെങ്കിലും.
താഷ്‌ക്കന്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് കാന്‍പൂര്‍ സമ്മേളനമെന്ന ചരിത്രവസ്തുത സി.പി.ഐ നിലപാടിന്റെ ഭാഗമായി കാനം വിട്ടുകളയുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി കാന്‍പൂരിന്റെ മണ്ണില്‍ മുളപൊട്ടി ഇന്ത്യയാകെ പടര്‍ന്നതാണെന്ന പാര്‍ട്ടിനിലപാട് സ്ഥാപിക്കാന്‍ ലേഖനത്തില്‍ ശ്രമിക്കുന്നു. ഇരുപാര്‍ട്ടികളും താന്താങ്കളുടെ നിലപാട് സ്ഥാപിക്കാന്‍ നിരത്തുന്ന വാദമുഖങ്ങളും രേഖകളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയിലെ രണ്ട് നിര്‍ണായക ഘട്ടങ്ങളാണെന്ന് പരിശോധിക്കുന്നവര്‍ക്കു വ്യക്തമാകും.
ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ആശയപരമായി വളര്‍ത്തുന്നതിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായി ഏകോപിപ്പിക്കുന്നതിലും എം.എന്‍ റോയിയും അബനി മുഖര്‍ജിയും താഷ്‌ക്കന്റ് ഘടകത്തിലെ മറ്റ് അംഗങ്ങളും നിര്‍വഹിച്ച ചരിത്രപരമായ പങ്ക് നിഷേധിക്കുകയാണ് ഫലത്തില്‍ സി.പി.ഐ ചെയ്യുന്നത്. ഇന്ത്യയടക്കം ഏഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്കുവേണ്ടി ലെനിന്റെ നേതൃത്വത്തില്‍ മോസ്‌ക്കോയില്‍ രൂപീകരിച്ച് പരിശീലനം നല്‍കിയ മാര്‍ക്‌സിസ്റ്റു സര്‍വകലാശാല, താഷ്‌ക്കന്റിലെ സൈനിക സ്‌കൂള്‍ തുടങ്ങിയവ ഇന്ത്യ, ചൈന, വിയറ്റ്‌നാം തുടങ്ങി പൗരസ്ത്യ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളും കാണാതെപോകുന്നു.
ഇന്ത്യയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യം ആദ്യമായി ഉയര്‍ത്തിയത് താഷ്‌ക്കന്റിലെ സി.പി.ഐ ഘടകമായിരുന്നു. 1921 ഡിസംബറിലെ അഹമ്മദാബാദ് കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമെന്ന ലക്ഷ്യം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലൂടെ എത്തിച്ചതും താഷ്‌ക്കന്റ് ഘടകമായിരുന്നു. ബ്രിട്ടിഷ് ഭരണത്തെ സായുധ ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്താന്‍ സോവിയറ്റ് യൂണിയന്റെ സഹായംതേടിപ്പോയ മുഹാജിര്‍മാരാണ് താഷ്‌ക്കന്റില്‍ ഇന്ത്യന്‍ പാര്‍ട്ടിഘടകം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത്. അവരില്‍ ഒരാളായ മുഹമ്മദ് ഷഫീഖ് സിദ്ധിഖിയായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താഷ്‌ക്കന്റ് ഘടകത്തിന്റെ സെക്രട്ടറി. ആ ചരിത്ര വസ്തുതയുടെ പ്രാധാന്യവും സവിശേഷതയും ഈ തര്‍ക്കത്തില്‍ വിസ്മരിക്കപ്പെടുന്നു.
സി.പി.ഐ സ്ഥാപകനേതാക്കളില്‍ ഒരാളായ ജി അധികാരിയുടെ 'ഡോക്യുമെന്റ്‌സ് ഓഫ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന പുസ്തകം ഉദ്ധരിച്ചാണ് താഷ്‌ക്കന്റിലെ ഇന്ത്യന്‍പാര്‍ട്ടി ഏതാനും കുടിയേറ്റ ഇന്ത്യക്കാരുടെ ഗ്രൂപ്പു മാത്രമായിരുന്നെന്ന് കാനം പറയുന്നത്. എന്നാല്‍ അതേ അവതാരികയുടെ അവസാനഭാഗത്ത് അധികാരി ഇങ്ങനെയും പറയുന്നുണ്ട്. 'താഷ്‌ക്കന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിക്കാനുള്ള മുന്‍കൈ കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെയോ എം.എന്‍ റോയിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായതല്ല. താഷ്‌ക്കന്റില്‍ ഉണ്ടായിരുന്ന എം.പി.ബി.ടി ആചാര്യയെയും അബ്ദുറബ്ബിനെയും പോലുള്ള ഇന്ത്യന്‍ വിപ്ലവകാരികളില്‍നിന്നും ഒരു വിഭാഗം മുഹാജിറുമാരില്‍നിന്നും ഉണ്ടായതാണ്. മുഹാജിറിലെ ആദ്യ സംഘത്തില്‍പെട്ട 26 പേര്‍ താഷ്‌ക്കന്റിലെ ഇന്ത്യന്‍ സൈനിക സ്‌കൂളില്‍ പരിശീലനം നേടുന്നുണ്ടായിരുന്നു'. അധികാരി തുടരുന്നു: 'നമുക്ക് 1919ന്റെ അവസാന ഘട്ടത്തിലും 20ന്റെ ആദ്യഘട്ടത്തിലും മധ്യഏഷ്യയില്‍ ഇന്ത്യന്‍ വിപ്ലവകാരികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. 1915ല്‍ കാബൂളില്‍ മഹേന്ദ്ര പ്രതാപും അബ്ദുല്‍ റബ്ബ് പെഷവാരിയും മറ്റ് ഇന്ത്യന്‍ വിപ്ലവകാരികളും പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റ് സ്ഥാപിച്ചിരുന്നു. അതിലെ അംഗങ്ങളും 1918ല്‍ ബര്‍ക്കത്തുള്ളയുടെയും മഹേന്ദ്ര പ്രതാപിന്റെയും പിറകെ റഷ്യയിലേക്ക് കടന്നു. 1919 മെയ് 7ന് അബ്ദുള്‍ റബ്ബ് പെഷവാരിയും ആചാരിയും മഹേന്ദ്ര പ്രതാപിനെയും ബര്‍ക്കത്തുള്ളയെയും കണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്നു'.
സി.പി.ഐ രൂപീകരണം സംബന്ധിച്ച് താഷ്‌ക്കന്റ് കമ്മിറ്റിക്ക് കൊടുത്ത കത്തും 1920 ഒക്‌ടോബര്‍ 17നും 1920 ഡിസംബര്‍ 15നും അവിടെനടന്ന പാര്‍ട്ടി യോഗത്തിന്റെ മിനിറ്റ്‌സും ജി അധികാരിയുടെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോമിന്റേണ്‍ പിന്നീട് എം.എന്‍ റോയിയെയും താഷ്‌ക്കന്റ് കമ്മിറ്റിയെയും തള്ളിപ്പറഞ്ഞത് വിഭാഗീയതയുടെ അടിവേരുകളില്‍ രൂപപ്പെട്ട വേറിട്ട ചരിത്രമാണ്.
'വിദേശ കമ്മ്യൂണിസ്റ്റുകള്‍' എന്നൊരു പുസ്തകം ടര്‍ക്കിസ്ഥാനിലെ ഐ.എസ് സൊലോ ഗുദേവ് റഷ്യനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്നു: 1920 ഒക്‌ടോബര്‍ 17നാണ് താഷ്‌ക്കന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപീകരിച്ചത്. ടര്‍ക്കിസ്ഥാനിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിക്ക് കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ ടര്‍ക്കിസ്ഥാന്‍ ബ്യൂറോ ഇങ്ങനെ എഴുതി: കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന്റെ തത്വങ്ങള്‍ക്കനുസൃതമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇവിടെ രൂപീകരിച്ചതായി എല്ലാവരെയും അറിയിക്കുന്നു. കോമിന്റേണിന്റെ ടര്‍ക്കിസ്ഥാന്‍ ബ്യൂറോയുടെ രാഷ്ട്രീയ നേതൃത്വത്തിനു കീഴില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തിക്കും. പാര്‍ട്ടി സെക്രട്ടറിയായി താഷ്‌ക്കന്റില്‍ സൈനിക സ്‌കൂളില്‍ ഇന്ത്യക്കാര്‍ക്കുള്ള പരിശീലന കോഴ്‌സില്‍ സംബന്ധിച്ചിരുന്ന മുഹമ്മദ് ഷഫീക്കിനെ തെരഞ്ഞെടുത്തു. ടര്‍ക്കിസ്ഥാന്റെ പല ഭാഗങ്ങളിലും ഇന്ത്യന്‍ സംഘടന നിലനിന്നിരുന്നു'.
ചരിത്രം ഒരിക്കലും നേര്‍രേഖയല്ല. നിമ്‌നോന്നതകളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അതിനെ താന്താങ്കളുടെ വ്യാഖ്യാനത്തിന് ഉപയോഗപ്പെടുത്താന്‍ ആര്‍ക്കും കഴിയും. താഷ്‌ക്കന്റ് സമ്മേളനത്തിന്റെ കാര്യത്തില്‍ സി.പി.ഐ എന്തുകൊണ്ടിങ്ങനെ നിലപാടെടുക്കുന്നുവെന്ന് ചരിത്രത്തില്‍ പരതുമ്പോള്‍ കണ്ടെത്തുന്നത് മറ്റൊന്നാണ്. സി.പി.ഐയെ പിളര്‍പ്പിലേക്കും സി.പി.എം രൂപീകരണത്തിലേക്കും എത്തിച്ച ഉള്‍പ്പാര്‍ട്ടിസമരത്തിന്റെ ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജന്മം സംബന്ധിച്ച ചരിത്രം രണ്ടുരാജ്യത്തായി തീരുന്നതും പാര്‍ട്ടിക്ക് രണ്ട് ജന്മദിനങ്ങള്‍ ചമച്ചതും എന്ന് കാണാന്‍ കഴിയും.
1960ല്‍ സി.പി.ഐയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന കൗണ്‍സില്‍യോഗം പാര്‍ട്ടിയുടെ നാല്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇതൊരു ഉള്‍പ്പാര്‍ട്ടി തര്‍ക്കമായി മാറുന്നത്. 1920ലെ താഷ്‌ക്കന്റ് സമ്മേളനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. സി.പി.ഐ സ്ഥാപകരില്‍ ഒരാളായ മുസഫര്‍ അഹമ്മദ് ആയിരുന്നു ഈ നിര്‍ദേശത്തിനു പിന്നില്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍പ്പിലേക്ക് അടുക്കുകയും മുസഫര്‍ അഹമ്മദിന്റെയും ഭൂപേഷ് ഗുപ്തയുടെയും നേതൃത്വത്തില്‍ പശ്ചിമബംഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തിനുമെതിരേ ശക്തമായ ഉള്‍പ്പാര്‍ട്ടിസമരം നടത്തുകയും ചെയ്യുന്ന ഘട്ടമായിരുന്നു ഇത്. തീരുമാനം മാറ്റിവെക്കണമെന്നും നാഷണല്‍ കൗണ്‍സിലില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്നും ആക്ടിങ് സെക്രട്ടറി ഇ.എം.എസ് ബംഗാള്‍ ഘടകത്തെ അറിയിച്ചു. ഇതു പരാമര്‍ശിക്കുന്ന കാനം അടുത്ത നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്‌തെന്നു പറയുന്നതു ശരിയല്ല. രണ്ടുവര്‍ഷം കഴിഞ്ഞ് 1963 ജൂണില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സിലാണ് 1925ലെ കാന്‍പൂര്‍ സമ്മേളനം സ്ഥാപകദിനമായി അംഗീകരിച്ചത്. 1963 ജൂണ്‍ 5ന് എം.എന്‍ ഗോവിന്ദന്‍നായര്‍ തീരുമാനം നാഷണല്‍ കൗണ്‍സിലിനുവേണ്ടി പത്രപ്രസ്താവനയായി പരസ്യപ്പെടുത്തി.
ചരിത്രവിഷയമടക്കം സമൂഹവുമായി ബന്ധപ്പെട്ട സമസ്ത പ്രശ്‌നങ്ങളിലും ഇടപെടുന്ന പാര്‍ട്ടികളാണ് സി.പി.എമ്മും സി.പി.ഐയും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രം സമാഹരിക്കാന്‍ നേതൃത്വം കൊടുത്തിട്ടും ഇന്ത്യന്‍ പാര്‍ട്ടിയുടെ സ്ഥാപകദിനം സംബന്ധിച്ച് ഏകീകൃത തീരുമാനത്തിലെത്താന്‍ ഇനിയും അവര്‍ക്കാകുന്നില്ല!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."