പി.മോഹനനെ പിന്തുണച്ച് പി. ജയരാജനും, ഈ സംഘടനകള്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു
കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്‌ലാമിക തീവ്രവാദികളാണെന്ന ആരോപണത്തിന് വിശദീകരണവുമായി എത്തിയ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ പിന്തുണച്ച് പി.ജയരാജനും രംഗത്ത്.
മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല.സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും പങ്കുണ്ട് എന്നാണ് മാവോസ്റ്റുകള്‍ കരുതുന്നത്. ആശയപരമായി മാത്രമല്ല പ്രയോഗികമായും ഇവര്‍ ഒത്തു ചേരുന്നുണ്ട്.
സി.ആര്‍.പി.പി എന്ന സംഘടനയുടെ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേഴ്‌സ് ഡല്‍ഹി യോഗത്തില്‍ കോഴിക്കോട് കാരനായ പ്രൊഫ. കോയ പങ്കെടുത്തതായി വിവരമുണ്ട്. ഈ യോഗത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കളും പങ്കെടുത്തിരുന്നു. കൂടെയുള്ള മൂന്ന് മലയാളികളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന ഒരു ദിനപത്രത്തിന്റെ ജീവനക്കാരന്‍ ഒരേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ജയരാജന്‍ എഫ്.ബി. പോസ്റ്റില്‍ കുറിച്ചു.
ഇസ്‌ലാമിക തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ അതില്‍ മുസ്‌ലിം ലീഗോ മറ്റു മുസ്‌ലിം സംഘടനകളോ പരിഭ്രമിക്കേണ്ടതില്ലെന്നും എന്നാല്‍ മുസ്‌ലിം സമുദായത്തിലെ ന്യൂനപക്ഷത്തെ തീവ്രവാദത്തിലേക്കു കൂട്ടിക്കൊണ്ടുപോയതിന് തെളിവുകളുണ്ട്. കണ്ണൂരില്‍ നിന്നും കാസര്‍കോടുനിന്നുമൊക്കെ അങ്ങനെ ചിലര്‍ പോയിട്ടുണ്ട്. അതു സത്യമാണ്. നിഷേധിച്ചിട്ടുകാര്യമില്ല. അതിനു നേതൃത്വം നല്‍കിയ സംഘടന മാവോയിസ്റ്റുകളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ളവരുടെ യോഗങ്ങളില്‍ കോഴിക്കോട്ടെ മുസ്ലിം സംഘടനയിലെ പ്രമുഖ നേതാവ് പി. കോയ പങ്കെടുത്തതിനും തെളിവുകളുണ്ടെന്നും പി. ജയരാജന്‍ പ്രതികരിച്ചു.
താന്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ അപമാനിച്ചിട്ടില്ലെന്നും താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും പി. മോഹനന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പി. ജയരാജന്‍ അദ്ദേഹത്തെ പിന്തുണച്ചും അദ്ദേഹം നടത്തിയത് പാര്‍ട്ടി നിലപാടുതന്നെയാണെന്നും വ്യക്തമാക്കി പി. ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."