മാര്‍ക്ക് ദാനം: നിയമസഭ പ്രക്ഷുബ്ധം, പ്രതിഷേധം എം.എല്‍.എയുടെ രക്തം പുരണ്ട വസ്ത്രം ഉയര്‍ത്തി, സ്പീക്കര്‍ സഭയില്‍ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: സര്‍വകലാശാ മാര്‍ക്ക് ദാനത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം. കേരളസര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
അതേ സമയം ഇന്ന് നിയമസഭയില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. ഷാഫി പറമ്പില്‍ എം.എല്‍.എയെ മര്ദിച്ചതിനെചൊല്ലിയായിരുന്നു അംഗങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കിയത്. ഉന്നത വിദ്യാഭ്യാസം കുത്തഴിഞ്ഞു കിടക്കുന്നു. ഇതിനെതിരേ പ്രതിഷേധിച്ച എം.എല്‍.എയെ പോലും പൊലിസ് തല്ലി ചതക്കുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എയെപോലും തിരിച്ചറിയാത്ത പൊലിസുകാരുണ്ടോ എന്നും പ്രതിപക്ഷം ചോദിച്ചു. ഇതിനു മന്ത്രി ഇ.പി ജയരാജന് നല്കിയ മറുപടിയില്‍ തൃപ്തിവരാതെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം കനപ്പിച്ചത്.
അവര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയും പിന്നീട് സ്പീക്കര്‍ ഇറങ്ങിപ്പോകുകയുമായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിനു പുറമേയാണ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ രക്തം പുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം. മുദ്രാവാക്യങ്ങളുടെ ബഹളത്തില്‍ ചോദ്യോത്തര വേള മുങ്ങിയിരിക്കുകയാണ്. ചേദ്യോത്തരവേള നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സഭയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതേവിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്കി. ഇതോടെയാണ് പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."