സ്‌കൂള്‍ അധികൃതര്‍ ക്ഷമാപണം നടത്തി; വിവാദ നാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച 'കിതാബ്' എന്ന നാടകം സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. നാടകം വിവാദമായ പശ്ചാത്തലത്തില്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു നാടകം പിന്‍വലിച്ചത്. ഇസ്‌ലാം മതത്തെ അവഹേളിക്കുന്ന രീതിയില്‍ നാടകം അവതരിപ്പിച്ചത്തില്‍ ക്ഷമാപണം നടത്തികൊണ്ടുള്ള കുറിപ്പും അധികൃതര്‍ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കു കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പാലും ഒപ്പുവച്ച കുറിപ്പിലാണ് നാടകം പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.
നാടക അവതരണത്തില്‍ വന്ന ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രതേക വിഭാഗത്തെ വേദനപ്പിച്ചതായി മനസ്സിലാക്കുന്നു, എന്നാല്‍ ഇത് മനപ്പൂര്‍വം സംഭവിച്ചതല്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചോ മനസ്സില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാ പ്രവര്‍ത്തനവും നടത്താന്‍ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ലെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ച് 'കിതാബ്' എന്ന നാടകം തുടര്‍ന്നു അവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.
ഇതോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ നാടകം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കില്ലെന്ന് ഉറപ്പായി. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു മുസ്‌ലിം വിരുദ്ധമായ നാടകം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ പ്രകടനവും മേമുണ്ടയില്‍ പ്രതിഷേധ സംഗമവും നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാരുമായി സ്‌കൂള്‍ അധികൃതര്‍ ചര്‍ച്ചക്കു തയ്യാറായത്.
സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം നടന്ന ചര്‍ച്ചയില്‍ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ അപകീര്‍ത്തിപെടുത്തും വിധത്തില്‍ അരങ്ങേറിയ നാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കരുതെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യം ഇപ്പോള്‍ അധികൃതര്‍ അംഗീകരിച്ചിരിക്കുകയാണ്. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, അലി അക്ബര്‍ മുക്കം, കബീര്‍ റഹ്മാനി കാക്കുനി, മുഹമ്മദ് തോടന്നൂര്‍, റാഷിദ് കാക്കുനി എന്നിവരും സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ പി.കെ കൃഷ്ണദാസ്, സ്റ്റാഫ് സെക്രട്ടറി പി. അശോകന്‍, പി.കെ ജിദേഷ് എന്നിവരുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. വിവാദ് നാടകം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായ സ്ഥിതിയില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിഷേധ പരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം
കോഴിക്കോട് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്‌കൂള്‍ മലയാള നാടക മത്സരത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കുകയുണ്ടായി. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അംഗീകാരം ഈ നാടകത്തിനു ലഭിച്ച ശേഷമാണ് നാടകത്തെക്കുറിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഓരു വിഭാഗത്തെ മോശമായി അവതരിപ്പിക്കാനാണ് നാടകം ശ്രമിച്ചതെന്ന വിമര്‍ശനം വന്ന ഉടനെതന്നെ ഈ നാടകവുമായി ബന്ധപ്പെട്ടവരും സ്‌കൂള്‍ അധികൃതരും ഗൗരവതരമായ ചര്‍ച്ചയും വിശകലനവും നടത്തുകയുണ്ടായി. നാടക അവതരണത്തില്‍ വന്ന ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിച്ചതായി മനസിലാക്കുന്നു. എന്നാല്‍ ഇത് മന:പൂര്‍വ്വം സംഭവിച്ചതല്ല എന്നും വിലയിരുത്തി.
ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പൊതുബോധം എക്കാലത്തും നിലനിര്‍ത്തി വന്നിട്ടുള്ള ഈ വിദ്യാലയം തുടര്‍ന്നും അതു നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചോ മനസില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാപ്രവര്‍ത്തനവും നടത്താന്‍ ഇന്നേവരെ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ല. ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുവിദ്യാലയ അന്തരീക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സ്ഥാപനത്തിന് ഒട്ടും താല്‍പര്യമില്ല.
അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ചുകൊണ്ട് 'കിത്താബ്' എന്ന നാടകം തുടര്‍ന്നവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നു.
കലോത്സവ നാടകവുമായി ഉണ്ടായ വിവാദത്തിന്റെ മറവില്‍ ഈ വിദ്യാലയം ഇന്നേവരെ നേടിയെടുത്ത മുഴുവന്‍ നേട്ടങ്ങളെയും ഇകഴ്ത്തിക്കാണിക്കാനും, ഇതിന്റെ വളര്‍ച്ചയെ തടയാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില തല്‍പരകക്ഷികള്‍ ഇതിനിടയില്‍ നടത്തുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു.
ഒരു വിദ്യാലയത്തിന്റെ യശസ്സിന് കോട്ടം തട്ടാതെയും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെയും ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെയും മതനിരപേക്ഷ ആശയത്തിലൂന്നിനിന്നും ഈ സ്ഥാപനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ഞങ്ങള്‍ക്കു നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.
പ്രിൻസിപ്പാൾ & ഹെഡ്മാസ്റ്റർ
മേമുണ്ട HSS
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."