മരിച്ചവരുടെ പേരില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതു തുടരുന്നു
വി. അബ്ദുല്‍ മജീദ്#
മലപ്പുറം: സംസ്ഥാനത്ത് മരിച്ചവരുടെ പേരില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതു തുടരുന്നു. ഇത്തരം സംഭവങ്ങള്‍ കണ്ടെത്തി വിവരശേഖരത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍ അതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ വൈകുന്നതാണ് കാരണം. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കി.
മരിച്ചവരുടെ വിവരങ്ങള്‍ ജനനമരണ രജിസ്റ്ററില്‍ നിന്ന് ശേഖരിച്ച് സേവന സോഫ്റ്റ് വെയറില്‍ അതതു സമയം തദ്ദേശസ്ഥാപന സെക്രട്ടറിക്കു ലഭ്യമാക്കുകയും അവരുടെ പേര് വിവരശേഖരത്തില്‍ നിന്ന് ഒഴിവാക്കി പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കുകയും ചെയ്യാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും തദ്ദേശസ്വയംഭരണ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. പെന്‍ഷന്‍ ഗുണഭോക്താവ് മരിച്ചതായി അറിഞ്ഞാല്‍ ഉടന്‍ വിവരശേഖരത്തില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അടിയന്തര നടപടി സ്വീകരിക്കണം. മരിച്ചതിനു ശേഷവും ആരുടെയെങ്കിലും പേര് വിവരശേഖരത്തില്‍ തുടരുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ ആ വിവരം ഐ.കെ.എം, സേവന സോഫ്റ്റ് വെയര്‍ വഴി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കു ലഭ്യമാക്കണം. മരിച്ചവരുടെ പേരുകള്‍ വിവരം ലഭിച്ച് 15 ദിവസത്തിനകം വിവരശേഖരത്തില്‍ നിന്ന് ഒഴിവാക്കണം. ഇങ്ങനെ 15 ദിവസത്തിനകം ഒഴിവാക്കാത്തവരുടെ പെന്‍ഷന്‍ ഐ.കെ.എം വഴി സര്‍ക്കാര്‍ തന്നെ നേരിട്ട് ഒഴിവാക്കുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."