ലൈഫ്: ജില്ലയില്‍ കരട് ഗുണഭോക്തൃ പട്ടിക ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
ഭവന ഭൂരഹിതരുടെ സര്‍വേ പൂര്‍ത്തിയാക്കിയപ്പോള്‍ ജില്ലയില്‍ 68,452 ആളുകള്‍ക്ക് വീടില്ലെന്ന് കണ്ടെത്തി.
ഇതില്‍ 53,840 പേര്‍ ഭൂരഹിതരാണ്. അര്‍ഹരായ ഗുണഭോക്താക്കളുടെ കരട് പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നവകേരള മിഷന്‍ കര്‍മസേന യോഗത്തില്‍ അറിയിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള സ്‌ക്രൂട്ടിനി ആന്‍ഡ് അപ്പീല്‍ കമ്മിറ്റി അംഗീകരിച്ച ശേഷമാണ് പ്രസിദ്ധീകരിക്കുക. ഈ പട്ടികയില്‍ നിന്ന് അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്നും പഞ്ചായത്ത് ഭരണസമിതി ഉറപ്പു വരുത്തേണ്ടതാണ്.
കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഓഗസ്റ്റ് പത്തിനകം കമ്മിറ്റി മുന്പാകെ സമര്‍പ്പിക്കേണ്ടതാണ്. അപ്പീലുകളും ആക്ഷേപങ്ങളും തീര്‍പ്പാക്കി അന്തിമഗുണഭോക്തൃപട്ടിക ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിക്കും. അന്തിമ ഗുണഭോക്തൃപട്ടികയിന്മേലുള്ള അപ്പീലുകള്‍ ജില്ലാ കലക്ടര്‍ക്ക് 25 നകം സമര്‍പ്പിക്കണം.
അപ്പീലുകളിന്മേല്‍ നടപടി പൂര്‍ത്തിയാക്കി 31ന് അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഗ്രാമസഭ ചേര്‍ന്ന് അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനമായി.ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ച ജില്ലാ മിഷന്‍ ചെയര്‍മാന്‍ വി.കെ മധു നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ ലഭ്യമായ ഭൂമിയുടെ വിവരശേഖരണം അടിയന്തിരമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി റവന്യൂ -തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൂടാതെ വിവിധ പദ്ധതിയിന്‍ കീഴില്‍ പൂര്‍ത്തിയാക്കാതെ പോയ വീടുകളുടെ കണക്കെടുപ്പ് നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ ഈ വീടുകളുടെ നിര്‍മാണമാകും പൂര്‍ത്തിയാക്കുക.
നിര്‍മാണ സാമഗ്രികളുടെ ഉല്‍പാദനത്തിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ 11 യൂനിറ്റുകളാണ് തുടങ്ങുക. മറ്റുള്ളവ ഒക്‌ടോബറോടെ പ്രവര്‍ത്തനസജ്ജമാകും.
ജില്ലയില്‍ ആറ് പ്രാഥമിക കേന്ദ്രങ്ങള്‍ ചിങ്ങം ഒന്നിന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് ആര്‍ദ്രം മിഷന്‍ കര്‍മസേന അറിയിച്ചു.
ചെമ്മരുതി, അരുവിക്കര, കടകംപള്ളി, വാമനപുരം പി.എച്ച്.സികളില്‍ നവീന പ്രവര്‍ത്തനങ്ങള്‍ തുടക്കമിട്ടതായും അവര്‍ പറഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോടെ പ്ലാസ്റ്റിക് രഹിത ജില്ലയാകാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിച്ചുവരികയാണെന്ന് ഹരിതകേരളം മിഷന്‍ കണ്‍വിനര്‍ അറിയിച്ചു.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്കും തുടക്കമായി. ജില്ലയില്‍ 24 ലക്ഷം ഫലവൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിച്ച് നട്ടുവളര്‍ത്തി തുടര്‍പരിപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തുടങ്ങുന്ന നാല് നഴ്‌സറികളില്‍ രണ്ടെണ്ണം പ്രവര്‍ത്തനമാരംഭിച്ചു.
ജലസ്രോതസ്സുകളുടെ നവീകരണത്തോടനുബന്ധിച്ച് 312 കിണറുകളുടെ റീ ചാര്‍ജ്ജിങ് പൂര്‍ത്തിയായതായും അവര്‍ അറിയിച്ചു.
പദ്ധതി നടത്തിപ്പ് വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന് ബ്ലോക്ക് തലത്തില്‍ യോഗം ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ വിവിധ മിഷനുകളുടെ പ്രവര്‍ത്തനപുരോഗതിയും തടസ്സങ്ങളും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഓഗസ്റ്റ്് 18നകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജു, വിവിധ മിഷനുകളുടെ കര്‍മസേനാ പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."