നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പുന്നപ്ര ചള്ളിക്കടപ്പുറത്ത് മന്ത്രിയെത്തി
അമ്പലപ്പുഴ: കടല്‍ക്ഷോഭം നാശം വിതച്ച പുന്നപ്ര ചള്ളികടല്‍ത്തീരം മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു.
ഞായറാഴ്ച പകല്‍ നാലോടെയാണ് ശക്തമായ കടലേറ്റത്തില്‍ വള്ളങ്ങള്‍ തകരുകയും മത്സ്യബന്ധന വള്ളങ്ങള്‍ നശിക്കുകയും ചെയ്ത തീരം മന്ത്രി സന്ദര്‍ശിച്ചത്. സംഭവത്തെ തുടര്‍ന്ന് തീരത്ത് വലിച്ചുകയറ്റിയ തകര്‍ന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങള്‍, ഉപയോഗിക്കാനാകാത്ത വലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും മന്ത്രി നേരില്‍കണ്ടു.
400 ഓളം തൊഴിലാളികള്‍ക്കാണ് ദുരന്തത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായത്. രണ്ട് മാസത്തേയ്ക്ക് അവര്‍ക്കിനി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ 28 ലക്ഷം രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ചില സംഘടനകള്‍ അതിനെ തെറ്റിധരിച്ച് നഷ്ടപരിഹാരം കുറഞ്ഞുപോയി എന്ന നിലപാട് സ്വീകരിക്കുകയും സമരം നടത്തുകയുമായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ഈ ദുരന്തത്തില്‍ ഇത്രയും കാര്യക്ഷമമായും വേഗത്തിലും പ്രവര്‍ത്തിച്ച ഒരു സര്‍ക്കാരും ഇതിന് മുമ്പുണ്ടായിട്ടില്ല.
ആറ് മുതല്‍ 40 പേര്‍ വരെ പണിയെടുക്കുന്ന വള്ളങ്ങളും അവയുടെ മത്സ്യബന്ധനോപകരണങ്ങളുമാണ് തകര്‍ന്നത്. മത്സ്യഫെഡും ഫിഷറീസും ചേര്‍ന്ന് വള്ളവും വലയും ലോണ്‍ കൊടുക്കണം. ഇതിന് സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പി പി ചിത്തരഞ്ജന്‍, ടി എസ് ജോസഫ്, സി ഷാംജി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."