സി.ബി.ഐ ഡയരക്ടറെ നീക്കുമ്പോള്‍ കൂടിയാലോചന നടത്തിയോയെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ വിടും മുന്‍പ് കാബിനറ്റ് സെക്രട്ടറിയുമായി ആലോചിച്ചിരുന്നോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. തന്നെ പദവിയില്‍നിന്ന് മാറ്റിയത് ചോദ്യംചെയ്ത് അലോക് വര്‍മ നല്‍കിയ ഹരജിയില്‍ വാദംകേള്‍ക്കുമ്പോഴായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ് സര്‍ക്കാരിനോട് ഇങ്ങിനെ ചോദിച്ചത്. ഹരജിയില്‍ ഇന്നലെ മൂന്നുമണിക്കൂറോളം നീണ്ട വാദം നടന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബുധനാഴ്ച വീണ്ടും വാദം നടക്കും.
അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ (സി.വി.സി) കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും സി.ബി.ഐ ഉദ്യോഗസ്ഥന്‍ നല്‍കിയ മറ്റൊരു ഹരജിയിലെ ഉള്ളടക്കവും ചോര്‍ന്നതില്‍ ചീഫ് ജസ്റ്റിസ് നീരസം പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിലെ ഉള്ളടക്കം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. അതിനാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നതുസംബന്ധിച്ചാണ് ഇന്നലെ വാദം തുടങ്ങിയത്. സഹാറ കേസില്‍ പുറപ്പെടുവിച്ച സുപ്രിംകോടതി ഉത്തരവ് പ്രകാരം കോടതിയില്‍ ഫയല്‍ ചെയ്ത രേഖകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ടെന്ന് അലോക് വര്‍മക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ വാദിച്ചു. എന്നാല്‍, കേന്ദ്രമന്ത്രിക്കെതിരായ കൈക്കൂലി ആരോപണങ്ങളുള്ള സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഹരജി സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്യും മുന്‍പേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ മാറ്റിനിര്‍ത്തിയ നടപടിയെയും നരിമാന്‍ ചോദ്യംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."