ഓഖി ഒരാണ്ട് പിന്നിടുമ്പോഴും വിടാതെ പിന്തുടരുന്ന ദുരിതങ്ങള്‍
വി.എസ് പ്രമോദ്#
''ചിലപ്പോള്‍ അന്നത്തെ ഓര്‍മകള്‍ മനസില്‍ ഇരച്ചെത്തും. അതോടെ ആകെ തളര്‍ന്നുപോകും. സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞുപോകും. അന്നു നഷ്ടപ്പെട്ട ആരോഗ്യം എന്നു തിരിച്ചുകിട്ടുമെന്നറിയില്ല. ആരോഗ്യം തിരിച്ചുകിട്ടിയാലും ഇനി കടലില്‍ പോകാന്‍ പേടിയാണ്.''
ഓഖി ആഞ്ഞടിച്ച സമയത്ത് നടുക്കടലില്‍പ്പെട്ടു പോകുകയും മരണത്തെ മുഖാമുഖം കാണുകയും ഒടുവില്‍ അഞ്ചു ദിവസത്തിനു ശേഷം രക്ഷിക്കപ്പെട്ടു കരയിലെത്തുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ ന്യൂകോളനിയിലെ ലോറന്‍സ് ബര്‍ണാന്തിന്റെ വാക്കുകളാണിത്. ഇനി ബര്‍ണാന്തിന്റെ അനുഭവങ്ങളിലൂടെ.
2017 നവംബര്‍ 29. ഏഴ് ചെറുവള്ളങ്ങളിലും ഒരു കട്ടമരത്തിലുമായി അവര്‍ 32 പേരാണ് പൂന്തുറയില്‍നിന്ന് അന്നു മീന്‍പിടിക്കാന്‍ പോയത്. അന്നു കടലില്‍ പോയവരില്‍ ഇന്നു ജീവിച്ചിരിപ്പുള്ള ഏക വ്യക്തി ലോറന്‍സ് ബര്‍ണാന്താണ്. ആ അതിജീവനമാകട്ടെ ബര്‍ണാന്തിനു പോലും വിശ്വസിക്കാനാവാത്തുതുമാണ്.
ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനോടും കീഴ്‌മേല്‍ മറിയുന്ന കടലിനോടും പൊരുതി ജീവിത്തിലേയ്ക്കു തിരിച്ചെത്തിയെങ്കിലും കരയിലിന്നും അതിജീവനത്തിനുള്ള പോരാട്ടത്തിലാണു ലോറന്‍സ്. കരകാണാത്ത കടലിനും നിലയില്ലാത്ത വെള്ളത്തിനും നടുവില്‍ കഴിഞ്ഞ അഞ്ചുദിവസക്കാലം ലോറന്‍സിന്റെ ശരീരത്തെ മാത്രമല്ല മനസിനും പരുക്കേല്‍പ്പിച്ചിരിക്കുന്നു ഓഖിയേല്‍പ്പിച്ച പരുക്കു കാരണം നിവര്‍ന്നു നില്‍ക്കാനോ, നേരെ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്.
അഞ്ചുദിവസം കടലില്‍ ജീവന്‍ മരണപ്പോരാട്ടം നടത്തി തിരിച്ചെത്തിയ ലോറന്‍സിനെ വാര്‍ത്താമാധ്യമങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കെ വീരപുരുഷനാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ദുരിതം പേറുന്ന തന്നെ ആരും ഗൗനിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു വര്‍ഷമായി ചികിത്സയ്ക്കായി ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേയ്ക്കു ലോറന്‍സ് സഞ്ചരിക്കുകയാണ്. ജോലി ചെയ്യാന്‍ വയ്യ, കൈയില്‍ കാല്‍ക്കാശില്ല.
ഇതിനിടെ സര്‍ക്കാരില്‍നിന്നു മൂന്നു ഗഡുവായി കിട്ടിയത് 25,000 രൂപമാത്രം. മരിച്ചവര്‍ക്കും ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ ധനസഹായം ലഭിച്ചപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയതുകൊണ്ടുമാത്രം ലോറന്‍സിനും കുടുംബത്തിനും വിധിച്ചതു ദുരിതവും പട്ടിണിയും മാത്രം.
ഇതിനിടെ നേരത്തേ നിശ്ചയിച്ചതനുസരിച്ചു മകളുടെ വിവാഹം നടത്തേണ്ടിവന്നു. താമസിക്കുന്ന വീടും സ്ഥലവും സഹകരണ ബാങ്കില്‍ പണയപ്പെടുത്തി അഞ്ചു ലക്ഷം രൂപ വായ്പയെടുത്താണ് വിവാഹച്ചെലവു കണ്ടെത്തിയത്. വായ്പാ തിരിച്ചടവിനു കഴിയാതെ വന്നപ്പോള്‍ പലിശ കൂടിയിരിക്കുകയാണ്. എന്നാണു ജപ്തിയുമായി ബാങ്കുകാര്‍ എത്തുകയെന്നയറിയില്ല. ഇങ്ങനെപോയാല്‍ ലോറന്‍സിനും കുടുംബത്തിനും വീടുവിട്ടിറങ്ങേണ്ടിവരും.
പ്ലസ് ടുവിനു പഠിക്കുന്ന മകളുടെയും പത്താംക്ലാസുകാരനായ മകന്റെയും പഠനത്തിനും കുടുംബത്തിലെ ദൈനംദിന ചെലവുകളും ലോറന്‍സിന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്. സുഹൃത്തുക്കളും അയല്‍ക്കാരും നല്‍കുന്ന സഹായമാണ് ഇവരുടെ ആശ്രയം.
ഓഖി ദുരന്തത്തില്‍ പരുക്കേറ്റു രോഗാവസ്ഥയിലുള്ളവര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോറന്‍സിന് ഇതുവരെ അതു ലഭിച്ചിട്ടില്ല. ഫിഷറീസ് വകുപ്പിനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും അപേക്ഷ നല്‍കിയെങ്കിലും ലോറന്‍സിന്റെ കാത്തിരിപ്പു തുടരുകയാണ്.
സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയിലാണു കഴിഞ്ഞ ഒരു വര്‍ഷക്കാലം ലോറന്‍സ് ചികിത്സ തേടിയത്. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തു മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രിയുണ്ടെന്ന് അറിഞ്ഞെങ്കിലും അവിടെ ചികിത്സയ്ക്കു പോകാനുള്ള പണമില്ലാതെ ലോറന്‍സ് ഇപ്പോഴും കിടക്കയില്‍തന്നെ തുടരുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി ലോറന്‍സിന്റെ ജീവന്‍ തിരിച്ചുപിടിച്ചെങ്കിലും മാനസികാരോഗ്യം തിരിച്ചുപിടിക്കുന്നതിന് ഒരു ചികിത്സയും ലഭിച്ചില്ല. അതുകൊണ്ടുതന്നെ ശാരീരികാരോഗ്യം തിരിച്ചു കിട്ടിയാലും കടലില്‍ പോകാനുള്ള മാനസികാരോഗ്യം ലോറന്‍സിനില്ല.
എട്ടാംവയസു മുതലാണ് ലോറന്‍സ് കടലില്‍ പോയി തുടങ്ങുന്നത്. 12 വര്‍ഷത്തോളം ദുബൈയിലും വീണ്ടും നാട്ടിലും മത്സ്യത്തൊഴിലാളിയായിരുന്നു. ആ ലോറന്‍സാണു പറയുന്നത്, ''ഇത്രത്തോളം പ്രക്ഷുബ്ധവും ഭയാനകവുമായ കടല്‍ ജീവിതത്തിലിതുവരെ കണ്ടിട്ടില്ല.'' എന്ന്.
മീന്‍പിടിച്ചു കരയിലേയ്ക്കു തിരിച്ചുവരുമ്പോഴാണ് ലോറന്‍സ് ബര്‍ണാന്തും സുഹൃത്ത് ലോറന്‍സ് ആന്റണിയും സഞ്ചരിച്ച വള്ളം കാറ്റില്‍പ്പെടുന്നത്. ചുഴലിക്കാറ്റ് ഇവരുടെ വള്ളത്തെ ഉള്‍കടലിലേയ്ക്കു വലിച്ചുകൊണ്ടുപോയി, കീഴ്‌മേല്‍ മറിച്ചു, ലോറന്‍സും ആന്റണിയും കടലില്‍പ്പതിച്ചു. കമിഴ്ന്ന വള്ളത്തിനു മുകളിലേയ്ക്കു കയറിപ്പറ്റാനുള്ള ഓരോ ശ്രമവും ശക്തമായ കാറ്റില്‍ പരാജയപ്പെട്ടു.
കുടിക്കാന്‍ വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ അഞ്ചുനാള്‍ നടുക്കടലില്‍. ഇതിനിടയില്‍ നാലാംനാള്‍ ലോറന്‍സ് ആന്റണിയെ കടല്‍ വിഴുങ്ങിയെന്ന് അര്‍ദ്ധബോധാവസ്ഥയില്‍ ബര്‍ണാന്ത് തിരിച്ചറിഞ്ഞു. അഞ്ചാംനാള്‍ ഒരു വിദേശ ചരക്കുകപ്പല്‍ രക്ഷകനായി മുന്നിലെത്തി. ആ കപ്പലിലുള്ളവര്‍ ലോറന്‍സിനെ രക്ഷിച്ചു സന്ദേശം നല്‍കി വ്യോമസേനയുടെ ഹെലികോപ്ടര്‍ വരുത്തി അതില്‍ കയറ്റിവിടുകയായിരുന്നു.
ഓഖിയടങ്ങി ദിവസങ്ങള്‍ക്കു ശേഷവും ലോറന്‍സിനെ കാണാഞ്ഞ് പ്രതീക്ഷയറ്റ അവസ്ഥയിലായിരുന്നു കുടുംബം. ലോറന്‍സിനെ രക്ഷിച്ചു കൊച്ചിയിലെത്തിച്ചെന്ന വിവരം ചെവിയിലെത്തിയിട്ടും ഭാര്യ മാഗിക്കും മക്കള്‍ക്കും വിശ്വസിക്കാനായില്ല. അതു ലോറന്‍സ് തന്നെയാണോ എന്നുറപ്പിക്കാന്‍ രക്ഷപ്പെട്ട ആളുടെ അച്ഛന്റെ പേരു ചോദിക്കാന്‍ അവര്‍ പറഞ്ഞു. നേരില്‍ക്കണ്ടപ്പോഴാണ് ലോറന്‍സ് ജീവിച്ചിരിപ്പുണ്ടെന്ന് അവര്‍ക്കു വിശ്വാസമായത്. ആ രക്ഷപ്പെടലിന്റെ അവിശ്വസനീയതയില്‍നിന്നു ലോറന്‍സ് ഇപ്പോഴും മുക്തനായിട്ടില്ല.
ദുരന്തമുണ്ടായി ഒരു വര്‍ഷം തികയുമ്പോഴും പരുക്കേറ്റ എല്ലാവര്‍ക്കും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. 500 ലേറെ പേര്‍ക്ക് ധനസഹായം കിട്ടാനുണ്ടെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്. ഓഖിയില്‍പെട്ടവരെ രക്ഷിക്കാനിറങ്ങിയ മൈക്കിളിനും പൂന്തുറ സ്വദേശി ലേ അടിമയ്ക്കുമൊന്നും ഒന്നും ലഭിച്ചില്ലെന്നത് അധികാരികളുടെ അനാസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ജീവിച്ചിരിക്കുന്നോ
മരിച്ചോ എന്നറിയാതെ
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നവന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ തിരുവനന്തപുരം ആറ്റിങ്ങലിലെ അഞ്ചുതെങ്ങ് തീരത്തെ ഒറ്റമുറി വീട്ടില്‍ ഒരു വര്‍ഷമായി കണ്ണീര്‍ച്ചാലില്‍ ജീവിക്കുകയാണ് മത്സ്യത്തൊഴിലാളിയായ ഗില്‍ബര്‍ട്ടിന്റെ ഭാര്യ സോഫിയയും മൂന്നു പെണ്‍മക്കളും.
ഓഖിക്ക് ഒരു മാസം മുന്‍പ്, 2017 ഒക്ടോബറിലാണ് ഗില്‍ബര്‍ട്ട് കടലില്‍പോകാന്‍ വീട്ടില്‍നിന്നിറങ്ങുന്നത്. ഭാര്യയുമായി വഴക്കിട്ടിതിനാല്‍ യാത്ര പറഞ്ഞില്ല. ഗില്‍ബര്‍ട്ടിനു സ്വന്തമായി ഫോണില്ലാത്തതിനാല്‍ വിളിക്കാന്‍ വീട്ടുകാര്‍ക്കുമായില്ല. കടലില്‍ പോയാല്‍ ഒരുമാസത്തോളം കഴിഞ്ഞാണു തിരിച്ചുവരിക. അതിനാല്‍, വീട്ടുകാര്‍ക്ക് അങ്കലാപ്പുണ്ടായിരുന്നില്ല.
ഓഖി ആഞ്ഞടിച്ചതോടെ ആശങ്കയായി. കാറ്റുപോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഗില്‍ബര്‍ട്ട് തിരിച്ചെത്താതിരുന്നപ്പോള്‍ വേവലാതി വര്‍ദ്ധിച്ചു. ആരുടെ ബോട്ടിലാണ് ഗില്‍ബര്‍ട്ട് പോയതെന്ന് അറിയില്ലായിരുന്നു. കൊച്ചിയില്‍നിന്നു പോയ ബോട്ടിലാണെന്നു പിന്നീട് അന്വേഷിച്ചറിഞ്ഞു. ഇതിനിടയില്‍ ഓഖിയില്‍ കാണാതായവരുടെ പട്ടികയില്‍ ഗില്‍ബര്‍ട്ടിന്റെ പേരു വന്നു. പക്ഷേ, ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന സ്ഥിരീകരണമുണ്ടായില്ല.
ഗില്‍ബര്‍ട്ടിനെ കാണാനില്ലെന്നു ഭാര്യ പൊലിസില്‍ പരാതി നല്‍കി. ഗില്‍ബര്‍ട്ട് മത്സ്യബന്ധനത്തിനു പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലിസ് അന്വേഷണം നടത്തി. ഒരു ഫലവുമില്ല. ഒരു വര്‍ഷം തികയുന്ന ഇപ്പോഴും പൊലിസ് പറയുന്നത് ഗില്‍ബര്‍ട്ട് ഈ ക്രിസ്മസിനു വരുമായിരിക്കുമെന്നാണ്. മത്സ്യബന്ധനത്തിനു എവിടെ പോയാലും ഗില്‍ബര്‍ട്ട് ക്രിസ്മസിനു തിരിച്ചെത്തുമെന്ന് സോഫിക്കും കുട്ടികള്‍ക്കും ഉറപ്പാണ്. പക്ഷേ, ഒരു ക്രിസ്മസ് കഴിഞ്ഞ് അടുത്തതിലേയ്ക്കു കടക്കുമ്പോള്‍ അവര്‍ എങ്ങനെ വിശ്വസിക്കും, ഗില്‍ബര്‍ട്ട് വരുമെന്ന്, മരിച്ചുവെന്നും അവര്‍ എങ്ങനെ വിശ്വസിക്കും.
ഗില്‍ബര്‍ട്ട് തിരിച്ചുവരില്ലെന്നു പൊലിസ് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ കുടുംബത്തിനു സര്‍ക്കാരിന്റെ ധനസഹായം കിട്ടൂ. പക്ഷേ കഴിഞ്ഞ ഡിസംബറില്‍ തിരിച്ചെത്താത്ത ഗില്‍ബര്‍ട്ട് ഈ ഡിസംബറിലെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണു പൊലിസ്. ഈ ക്രിസ്മസിനും വന്നില്ലെങ്കില്‍ അടുത്ത ജനുവരിയോടെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അഞ്ചുതെങ്ങ് പൊലിസ് പറയുന്നത്.
എട്ടുപേര്‍ നഷ്ടപ്പെട്ട
കുടുംബത്തിലെ ഇളമുറക്കാരി
നാലുവര്‍ഷം മാത്രം ഭര്‍ത്താവിനൊപ്പം ജീവിച്ച, രണ്ടു കൈക്കുഞ്ഞുങ്ങളുടെ അമ്മയായ സെലിന്‍ എന്ന ഇരുപത്തൊന്‍പതുകാരി തനിക്കുണ്ടായ തീരാനഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കുന്നതു വിതുമ്പലോടെയാണ്. ഓഖി ദുരിതത്തില്‍ സെലിനു നഷ്ടമായത് സ്വന്തം കുടുംബത്തിലെ എട്ടുപേരെയാണ്.
തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയില്‍നിന്ന് 2017 നവംബര്‍ 29 നു 16 പേരാണു മൂന്നു ബോട്ടുകളിലായി പോയത്. പിറ്റേന്ന് ആഞ്ഞടിച്ച ഓഖി ഇതില്‍ പത്തുപേരുടെ ജീവനെടുത്തു, അതില്‍ എട്ടുപേരും കൊച്ചപ്പാവിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളുമായിരുന്നു. മൂന്നുദിവസം കടലില്‍ കഴിഞ്ഞാണ് ആറുപേര്‍ രക്ഷപ്പെട്ടത്.
സെലിന്റെ ഭര്‍ത്താവ് ലോറന്‍സ് പീറ്ററുണ്ടായിരുന്ന വള്ളത്തിലെ അഞ്ചുപേരും രക്ഷപ്പെട്ടു, ലോറന്‍സിനെ മാത്രം കടല്‍ വിട്ടുകൊടുത്തില്ല. ശവശരീരം കിട്ടിയില്ലെങ്കിലും വള്ളത്തില്‍ ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലോറന്‍സിന്റെ മരണം അംഗീകരിച്ചു. നഷ്ടപരിഹാരത്തുകയുടെ പലിശ മാത്രമാണ് നാലു വയസുള്ള മകളും ഒന്നരവയസ് പിന്നിട്ട മകനും ബുദ്ധിസ്ഥിരതയില്ലാത്ത വൃദ്ധമാതാവുമുള്‍പ്പെടുന്ന കുടുംബത്തിനുള്ള ആശ്രയം.
ഒറ്റമുറിയാണെങ്കിലും നാലുവര്‍ഷം മുന്‍പ് ഇവര്‍ സ്വന്തമായി വീടുവാങ്ങിയിരുന്നു. ഏഴു ലക്ഷത്തിനു വാങ്ങിയ വീടിന്റെ കടബാധ്യതയില്‍ അഞ്ച് ലക്ഷം ഇപ്പോഴും ബാക്കിയാണ്. കടം വീട്ടാനാകാത്തതിനാല്‍ വീട് സ്വന്തം പേരിലേയ്ക്കു മാറ്റാന്‍ കഴിഞ്ഞില്ല. 20 വര്‍ഷത്തിലധികം പഴക്കമുള്ള വീടിന്റെ കെട്ടുറപ്പും പ്രശ്‌നമാണ്. ഒന്നിനും വഴി തെളിയുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനുള്ള വിഹിതം കഴിച്ച് സര്‍ക്കാര്‍ 18.5 ലക്ഷം സെലിന്റെയും മക്കളുടെയും പേരില്‍ ട്രഷറിയില്‍ നിക്ഷേപിച്ചു.
അത് ഉപയോഗിക്കാനാവില്ല. കൈക്കുഞ്ഞുള്ളതിനാല്‍ ദൈനംദിന ചെലവുകള്‍ക്കായി ഒരു ജോലിക്കു പോകാനും സെലിന് കഴിയുന്നില്ല. ബന്ധുക്കളായ മറ്റ് ഏഴുപേരുടെയും ഭാര്യമാര്‍ ഇതിനകംതന്നെ സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്തിക്കഴിഞ്ഞു. ഭര്‍ത്താവിന്റെ വിയോഗം വരുത്തിയ ദുഃഖം മനസിലൊതുക്കി മക്കള്‍ക്കുവേണ്ടി ജീവിക്കുമെന്ന ദൃഢനിശ്ചയത്തില്‍ തന്നെ. പ്ലസ് ടു പാസായി കമ്പ്യൂട്ടര്‍ പഠനവും പൂര്‍ത്തിയാക്കിയ സെലിന്‍ ജോലി ലഭിച്ചില്ലെങ്കില്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങി അതിജീവനത്തിന്റെ പാതതേടുമെന്ന ഉറച്ചവിശ്വാസത്തിലാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."